പ്ലസ് ടു കെമിസ്ട്രി മൂല്യനിർണ്ണയം: പോരായ്മ പരിശോധനിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചേക്കും
അധ്യാപകരുടെ പരാതിയിൽ കഴമ്പുണ്ടെന്ന വിലയിരുത്തലിലാണ് സർക്കാർ തീരുമാനം
30 April 2022 6:51 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഹയർ സെക്കണ്ടറി കെമിസ്ട്രി ഉത്തരസൂചികയിലെ പോരായ്മ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയമിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസിന്റ ഇടപെടലിനെ തുടർന്നാണ് സമിതിയെ നിയോഗിക്കുന്നത്. അധ്യാപകരുടെ പരാതിയിൽ കഴമ്പുണ്ടെന്ന വിലയിരുത്തലിലാണ് സർക്കാർ തീരുമാനം.
ഉത്തരസൂചികയിൽ പോരായ്മയുണ്ടെങ്കിൽ പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തെ പറഞ്ഞിരുന്നു. പോരായ്മ പരിശോധിക്കുമെന്ന നിലപാട് ഇന്ന് നടന്ന ഉന്നതതലയോഗത്തിന് ശേഷമാണ് ഉണ്ടായത്. അധ്യാപകരുടെ പ്രതിഷേധത്തിൽ കഴമ്പുണ്ടെന്നാണ് യോഗത്തിൽ ഉദ്യോഗസ്ഥരും നിലപാടെടുത്തത്. നിലവിലെ ഉത്തരസൂചികയെ ആശ്രയിച്ചാൻ 15 മുതൽ 20 മാർക്ക് വരെ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുമെന്നായിരുന്നു അധ്യാപകർ ഉന്നയിച്ച പരാതി.
ഉത്തര സൂചികയിലെ അപാകത ആരോപിച്ച് ഹയർസെക്കണ്ടറി കെമിസ്ട്രി മൂല്യനിർണയം കഴിഞ്ഞ മൂന്ന് ദിവസമായി അധ്യാപകർ ബഹിഷ്കരിച്ചിരുന്നു. പുതുക്കിയ ഉത്തര സൂചിക ലഭിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് അധ്യാപകരുടെ വാദം. പരീക്ഷാ സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മറയ്ക്കുവാൻ അധ്യാപകരെ ബലിയാടാക്കുകയാണെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ വ്യക്തമാക്കുന്നത്.
സർക്കാർ നൽകിയ ഉത്തരസൂചികയിൽ അപാകതയില്ലെന്നും തെറ്റിദ്ധാരണയുടെ പുറത്ത് മൂല്യനിർണ്ണയത്തിൽ നിന്നും വിട്ടു നിൽക്കുന്ന അധ്യാപകർ ജോലിയിൽ സഹകരിച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. സ്കീം ഫൈനലേസേഷന്റെ ഭാഗമായി ഉത്തരസൂചിക പുനക്രമീകരിച്ച 12 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.
Story highlights: Expert committee for examine deficiencies in the chemistry answer key