Top

തൃശൂരിലെ എംഡിഎംഎ റാക്കറ്റ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് എക്സൈസ്

പ്രതികളിൽ നിന്ന് കണ്ടെടുത്ത 52 പേജുകളിലായുളള ലിസ്റ്റിൽ 925 ഇടപാടുകളെ കുറിച്ച് വിവരമുണ്ടെന്ന് പൊലീസ് പറഞ്ഞു

23 Oct 2022 3:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃശൂരിലെ എംഡിഎംഎ റാക്കറ്റ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് എക്സൈസ്
X

തൃശൂർ: കൈപ്പമംഗലത്ത് നിന്ന് എംഡിഎംഎ വില‍പന സംഘം അറസ്റ്റിലായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് എക്സൈസ് വകുപ്പ്. തൃശൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണർ ഡി ശ്രീകുമാറിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. പ്രതികളിൽ നിന്ന് എംഡിഎംഎ കടം വാങ്ങിയവരെ അന്വേഷിച്ച് കണ്ടെത്തുമെന്ന് എക്സൈസ് അറിയിച്ചു. പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ആണ് അന്വേഷണം.

പ്രതികളിൽ നിന്ന് കണ്ടെടുത്ത 52 പേജുകളിലായുളള ലിസ്റ്റിൽ 925 ഇടപാടുകളെ കുറിച്ച് വിവരമുണ്ടെന്ന് പൊലീസ് പറഞ്ഞു. 180 പേരുമായി ഇവർ ഇടപാട് നടത്തിയിട്ടുണ്ട്. എംഡിഎംഎ വാങ്ങിയവരിൽ അഞ്ച് യുവതികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞദിവസം ചെന്ത്രാപിന്നി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവരില്‍ നിന്നാണ് 15.2 ഗ്രാം എംഡിഎംഎയും ലിസ്റ്റും കണ്ടെത്തിയത്. ഇവരുടെ ദേഹ പരിശോധന നടത്തിയപ്പോഴാണ് പേരെഴുതിയ ലിസ്റ്റ് കണ്ടെത്തിയതെന്ന് എക്‌സൈസ് അറിയിച്ചു. 17നും 25നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങളാണ് ലിസ്റ്റിലുള്ളത്. ഇതിലെ 50 വിദ്യാര്‍ഥികള്‍ സ്ഥിരമായി എംഡിഎംഎ വാങ്ങുന്നവരാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഇടപാടുകള്‍ ഭൂരിഭാഗവും ഗൂഗിള്‍ പേ വഴിയാണ് നടത്തുന്നത്. ഇതുവഴി ഇവരുടെ ഫോണ്‍ നമ്പറുകളും എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനാണ് എക്‌സൈസ് ശ്രമം. ലിസ്റ്റിലെ പലരും കടമായിട്ടാണ് പ്രതികളില്‍ നിന്നും എംഡിഎംഎ വാങ്ങുന്നതെന്നും വ്യക്തമാണ്. ലഹരി വാങ്ങി പണം തരാനുള്ളവരുടെ വിവരങ്ങളും പ്രതികള്‍ പേപ്പറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എംഡിഎംഎ വാങ്ങിയ തീയതി അടക്കമാണ് കിട്ടാനുള്ള പണവും രേഖപ്പെടുത്തിയിരിക്കുന്നത്. ബംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ എത്തിക്കുന്നതെന്ന് പ്രതികള്‍ പറഞ്ഞു. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്നും എക്‌സൈസ് അന്വേഷിക്കുന്നുണ്ട്.

STORY HIGHLIGHTS: Excise constituted a special investigation team in arrested MDMA racket in Thrissur

Next Story