Top

'നാളെ, കോൺഗ്രസ് വന്നാലും ഞാൻ സ്വാഗതം ചെയ്യും, സുഖവാസം ഒരുക്കും'; വെള്ളപ്പൊക്കത്തിൽ ശ്രദ്ധയില്ലെന്നാരോപണത്തിനെതിരെ അസം മുഖ്യമന്ത്രി

25 Jun 2022 11:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാളെ, കോൺഗ്രസ് വന്നാലും ഞാൻ  സ്വാഗതം ചെയ്യും, സുഖവാസം ഒരുക്കും; വെള്ളപ്പൊക്കത്തിൽ ശ്രദ്ധയില്ലെന്നാരോപണത്തിനെതിരെ  അസം മുഖ്യമന്ത്രി
X

ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിമത ശിവസേന എംഎൽഎമാർക്ക് ആതിഥ്യം വഹിച്ചെന്ന വിമർശനത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വടക്കുകിഴക്കൻ സംസ്ഥാനത്തെ വെള്ളപ്പൊക്ക സാഹചര്യം ഉയർത്തിക്കാട്ടാൻ ശിവസേനയിലെ തർക്കം സഹായിച്ചതിൽ സന്തോഷമുണ്ടെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു.

"ഗുവാഹത്തിയിൽ ഞങ്ങൾക്ക് 200 ഹോട്ടലുകളുണ്ട്, അവിടെ അതിഥികളുണ്ട്. വെള്ളപ്പൊക്ക സാഹചര്യം പറഞ്ഞ് ഞങ്ങൾ അതിഥികളെ നീക്കം ചെയണോ?. പുറത്തുനിന്ന് വരുന്ന ഏതൊരാൾക്കും സുരക്ഷിതത്വവും സുഖവാസവും ഒരുക്കുക എന്നതാണ് ഞങ്ങളുടെ ജോലി. നാളെ, കോൺഗ്രസ് വന്നാലും ഞാൻ സ്വാഗതം ചെയ്യും. ശിവസേന വന്നതിന് നന്ദിയുണ്ട്, അതുകൊണ്ട് അസമിലെ വെള്ളപ്പൊക്കത്തിന് ഇത്ര ശ്രദ്ധ ലഭിച്ചത്." ശർമ്മ പറഞ്ഞു. മഹാരാഷ്ട്രയിൽ ബിജെപി വിമത എംഎൽഎമാരെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഞാൻ ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

കഴിഞ്ഞ ഏപ്രിൽ മുതൽ അസമിലുണ്ടായ വെള്ളപ്പൊക്കം ഏകദേശം 33 ലക്ഷം ആളുകളെ ബാധിച്ചു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 117 പേർ മരിച്ചു. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമായ സിൽച്ചാറിന്റെ 80 ശതമാനവും വെള്ളത്തിനടിയിലാണ്. ഭക്ഷണ ക്ഷാമവും അസമിലെ ജനതയെ ബാധിച്ചിട്ടുണ്ട്. ബിജെപി സർക്കാരിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഗുവാഹത്തിയിൽ പ്രതിഷേധ പ്രകടനം നടത്തി. മഹാരാഷ്ട്ര എംഎൽഎമാരെ തിരിച്ചയക്കണമെന്നും പ്രളയം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ജനങ്ങളും അസം സർക്കാരിനെതിരെ രം​ഗത്ത് വന്നിട്ടുണ്ട്. അസാം മുങ്ങുകയാണ്, മഹാരാഷ്ട്രയിൽ നിന്ന് മന്ത്രിമാരെ ഇവിടെ കൊണ്ടുവന്ന് കുതിരക്കച്ചവടത്തിനായി പഞ്ചനക്ഷത്ര ഹോട്ടലിൽ പാർപ്പിച്ചിരിക്കുന്നു. ഇതാണോ അസം സർക്കാർ ചെയ്യേണ്ടതെന്നും പ്രളയ ബാധിത പ്രദേശത്ത് താമസിക്കുന്ന ഓരാൾ ചോ​ദിച്ചു. ആളുകൾ വീടുകളിൽ കുടുങ്ങിക്കിടക്കുന്ന വെള്ളത്തിനടിയിലുള്ള പ്രദേശങ്ങൾ മുഖ്യമന്ത്രി ശർമ്മ സന്ദർശിക്കണമെന്ന് മറ്റൊരാൾ പറഞ്ഞു.

"മുഖ്യമന്ത്രി ഇവിടെയെത്തി സ്ഥിതിഗതികൾ വിലയിരുത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. വെള്ളപ്പൊക്കത്തിൽ നിരവധി ആളുകൾ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. അവരെ സഹായിക്കേണ്ടതുണ്ട്. ആളുകൾക്ക് വീടിന് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും പ്രളയ ബാധിതർ പറഞ്ഞു.

STORY HIGHLIGHT: Even if the Congress comes tomorrow, they will welcome and arrange accommodation; Himanta Biswa Sarma

Next Story