Top

'യുഡിഎഫും ഇടതുപക്ഷവും ഭരിച്ചപ്പോഴും ഒരാളെ തന്നെ പ്രോസിക്യൂഷനായി നിയമിച്ചു'; നടിയെ ആക്രമിച്ച കേസിൽ വീഴ്ച്ചയുണ്ടായെന്ന് അഡ്വ. ആശ

ദൃശ്യങ്ങൾ പുറത്ത് പോകാൻ കാരണക്കാരായ ജഡ്ജിയാവട്ടെ പൊലീസിൽ നിന്നുളളവരാവട്ടെ കോടതി ജീവനക്കാരവട്ടെ ആരായാലും അവരുടെ മുഖം പുറത്ത് കൊണ്ടുവരണമെന്നും ആശാ ഉണ്ണിത്താൻ പറഞ്ഞു.

14 Feb 2022 10:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഡിഎഫും ഇടതുപക്ഷവും ഭരിച്ചപ്പോഴും ഒരാളെ തന്നെ പ്രോസിക്യൂഷനായി നിയമിച്ചു; നടിയെ ആക്രമിച്ച കേസിൽ വീഴ്ച്ചയുണ്ടായെന്ന് അഡ്വ. ആശ
X

നടി ആക്രമിക്കപ്പെട്ട കേസ് കൈകാര്യം ചെയ്തതിൽ പ്രോസിക്യൂഷന്റെ ഭാ​ഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിട്ടുളളതെന്ന് അഡ്വക്കേറ്റ് ആശാ ഉണ്ണിത്താൻ. യുഡിഎഫും ഇടതുപക്ഷവും ഭരിച്ചപ്പോഴും ഒരാളെ തന്നെ പ്രോസിക്യൂഷനായി നിയമിച്ചു. അതിന് പിന്നിൽ വ്യക്തമായ താത്പര്യങ്ങൾ ഉണ്ടായിട്ടില്ലെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോടതിക്ക് മുമ്പിൽ വരുന്ന പീഡനക്കേസുകൾ കൈകാര്യം ചെയ്യേണ്ടത് ജെൻഡർ സെൻസിറ്റീവായ ആളുകളാണ്. ദൃശ്യങ്ങൾ പുറത്ത് പോയിട്ടും പ്രോസിക്യൂഷന് ഒരു കുലുക്കവുമില്ലാത്തത് നിലവിലുളള പ്രോസിക്യൂഷൻ ജെൻഡർ സെൻസിറ്റീവല്ലാത്തത്കൊണ്ടാണെന്നും ആശാ ഉണ്ണിത്താൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

'വളരെ ​ഗുരുതരമായ വീഴ്ചയാണ് കോടതിയുടെ ഭാ​ഗത്തുനിന്ന് ഉണ്ടായിട്ടുളളത്. ദൃശ്യങ്ങൾ ചോർത്തിയെന്ന് അറിഞ്ഞിട്ടും അതിൽ പരാതി പറയാതിരിക്കുകയും, കേസ് കൊടുക്കാതിരിക്കുകയും പുറത്ത് പറയാതിരിക്കുകയും ചെയ്തത് വലിയ ക്രൂരതയാണ്. പ്രോസിക്യൂഷൻ രാജിവെച്ച് ഒഴിഞ്ഞു പോവുകയാണ് ചെയ്തത്. നഷ്ടം ഇരയ്ക്കാണ് ഉണ്ടായത്.' ആശാ ഉണ്ണിത്താൻ പറഞ്ഞു.

ദൃശ്യങ്ങൾ ചോർന്നതിലൂടെ ജനങ്ങൾക്ക് കോടതി വ്യവഹാരങ്ങളിലുളള വിശ്വാസം കുറയുമെന്നും ആശാ ഉണ്ണിത്താൻ പറഞ്ഞു. ഇത്രയും പ്രധാനപ്പെട്ട ഒരു കേസിലെ ദൃശ്യങ്ങൾ പുറത്ത് പോകാൻ കാരണക്കാരായ ജഡ്ജിയാവട്ടെ പൊലീസിൽ നിന്നുളളവരാവട്ടെ കോടതി ജീവനക്കാരവട്ടെ ആരായാലും അവരുടെ മുഖം പുറത്ത് കൊണ്ടുവരണമെന്നും ആശാ ഉണ്ണിത്താൻ പറഞ്ഞു.

അതേസമയം, ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്ന സംഭവത്തിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി വിജിലൻസ് വിഭാഗമാണ് സംഭവത്തിൽ അന്വേഷണം നടത്തുക. സംഭവത്തിൽ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നൽകിയ പരാതിയെ തുടർന്നാണ് നടപടി. എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നത്. ദൃശ്യങ്ങൾ ചേർന്ന് വാർത്ത റിപ്പോർട്ടർ ടിവിയാണ് പുറത്തുവിട്ടത്.

ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നത് സ്ഥിരീകരിച്ചുകൊണ്ടുള്ള ഫോറൻസിക് റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. 2018 ഡിസംബർ 13നാണ് പീഡനദൃശ്യങ്ങൾ ചോർന്നതെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം സ്ഥിരീകരിച്ചത്.എറണാകുളം ജില്ലാ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് ദൃശ്യങ്ങൾ തുറന്ന് കോപ്പിയെടുത്തെന്നും കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘം ശാസ്ത്രീയ പരിശോധന ഫലം സഹിതം റിപ്പോർട്ട് കൈമാറിയെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട ദൃശ്യങ്ങൾ എങ്ങനെ കോടതിക്കു പുറത്തുപോയി എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. അനുമതിയില്ലാതെ സീൽ ചെയ്ത കവറിൽ സൂക്ഷിച്ച മെമ്മറി കാർഡ് ആരാണ് തുറന്നത് അടക്കമുള്ള വിവരങ്ങളാണ് പുറത്തു വരേണ്ടത്.

ദൃശ്യങ്ങൾ ചേർന്നുവെന്ന വാർത്ത റിപ്പോർട്ടർ ടിവി പുറത്തുവിട്ടതിന് പിന്നാലെ സംഭവത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് അതിജീവിത ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തിൽ പറയുന്നു. ദൃശ്യം ചോർന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും അതിജീവിത പറഞ്ഞു. കോടതിയിൽ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു.പരാതിയുടെ പകർപ്പ് രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്കും കൈമാറിയിട്ടുണ്ട്. നടിയുടെ പരാതിയിൽ സുപ്രീം കോടതിയിൽ നിന്നും ഉടൻ നടപടി ഉണ്ടാകുമെന്നാണ് സൂചന.

Next Story