Top

'പണിമുടക്കില്‍ ഇളവ് അവശ്യസേവനങ്ങള്‍ക്ക്, ഒപ്പം 'ലുലു മാളിനും'; കണ്ണുതള്ളി സോഷ്യല്‍ മീഡിയ

28 March 2022 8:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പണിമുടക്കില്‍ ഇളവ് അവശ്യസേവനങ്ങള്‍ക്ക്, ഒപ്പം ലുലു മാളിനും; കണ്ണുതള്ളി സോഷ്യല്‍ മീഡിയ
X

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക- ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയന്‍ ആഹ്വാനംചെയ്ത ദ്വിദിന ദേശീയ പണിമുടക്ക് തുടരുമ്പോള്‍ കേരളത്തില്‍ ഇളവ് നല്‍കിയ സേവനങ്ങളുടെ പട്ടിക ശ്രദ്ധേയമാവുന്നു. പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനം, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയ്ക്ക് പണിമുടക്കില്‍ ഇളവുണ്ടെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ഇതിനൊപ്പം ലുലു മാള്‍ ഉള്‍പ്പെട്ടതാണ് ചര്‍ച്ചകള്‍ക്ക് ആധാരം.

ഇംഗ്ലീഷ് ദിനപ്പത്രമായ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഫോട്ടോ സഹിതമാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയരുന്നത്.

കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകളും കേന്ദ്ര- സംസ്ഥാന സര്‍വീസ് സംഘടനകളും അധ്യാപക സംഘടനകളും ബിഎസ്എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകളും തുറമുഖ തൊഴിലാളികളും പണിമുടക്കില്‍ അണിചേരും. വ്യാപാര മേഖലയിലെ സംഘടനകളോടും ചേംബര്‍ ഓഫ് കൊമേഴ്സിനോടും സഹകരിക്കണമെന്നും തൊഴിലാളി സംഘടനകള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ സാഹചര്യം നില്‍ക്കെയാണ് ലുലു മാളിനുള്ള ഇളവ് ചര്‍ച്ചയാവുന്നത്.

ഞായര്‍ അര്‍ധരാത്രി ആരംഭിച്ച പ്രതിഷേധം ചൊവ്വാഴ്ച അര്‍ധരാത്രിവരെ തുടരുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബിഎംഎസ് ഒഴികെ സംഘടിത- അസംഘടിത മേഖലയിലെ 25 കോടി തൊഴിലാളികള്‍ പണിമുടക്കില്‍ അണിനിരക്കുമെന്നാണ് സംഘടനകള്‍ പറയുന്നത്. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍ രണ്ടു ദിവസത്തെ ഗ്രാമീണ ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Essential services were excluded from the trade union national strike include lulu mall

Next Story