Top

'ഇന്നലെ ഉമ്മന്‍ ചാണ്ടിയോടൊപ്പം ഫ്‌ളാറ്റ് കയറാന്‍ ഉണ്ടായിരുന്നു'; എംബി മുരളീധരന്‍ രാവിലെ വരെ ഒപ്പം നിന്ന് ഉച്ചയ്ക്ക് മാറിയെന്ന് ഷിയാസ്

'ഇന്ന് രാവിലെ അദ്ദേഹത്തിന് എന്താണ് സംഭവിച്ചത് എന്നറിയില്ല'

19 May 2022 2:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്നലെ ഉമ്മന്‍ ചാണ്ടിയോടൊപ്പം ഫ്‌ളാറ്റ് കയറാന്‍ ഉണ്ടായിരുന്നു; എംബി മുരളീധരന്‍ രാവിലെ വരെ ഒപ്പം നിന്ന് ഉച്ചയ്ക്ക് മാറിയെന്ന് ഷിയാസ്
X

തൃക്കാക്കര: ഡിസിസി ജനറല്‍ സെക്രട്ടറി എംബി മുരളീധരന്‍ പാര്‍ട്ടി വിട്ടതില്‍ പ്രതികരണവുമായി ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. എംബി മുരളീധരന്‍ ഇന്ന് രാവിലെ വരെ പാര്‍ട്ടിയോടൊപ്പമായിരുന്നു. അതിന് ശേഷം അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഷിയാസ് പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്നലെ ഉമ്മന്‍ചാണ്ടിയോടൊപ്പം ഫ്‌ലാറ്റുകളും വീടുകളും കയറാന്‍ അദ്ദേഹം ഉണ്ടായിരുന്നു. മുരളീധരന്റെ അതൃപ്തിയൊന്നും ഇതുവരെ പാര്‍ട്ടിയോട് പ്രകടിപ്പിച്ചിട്ടില്ല. അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനത്തിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടി പരിഹരിച്ചിട്ടുണ്ട്. അത് കൂടിപ്പോയി എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം മാപ്പും പറഞ്ഞിട്ടുണ്ടെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

മുഹമ്മദ് ഷിയാസിന്റെ വാക്കുകള്‍:

ഇന്ന് രാവിലെ വരെ എംബി മുരളീധരന്‍ ഞങ്ങളുടെ പാര്‍ട്ടിയോടൊപ്പമായിരുന്നു. ഇന്ന് രാവിലെ അദ്ദേഹത്തിന് എന്താണ് സംഭവിച്ചത് എന്നറിയില്ല. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. അഭിപ്രായങ്ങള്‍ പാര്‍ട്ടി വിരുദ്ധമാണെന്ന് പറഞ്ഞു. അദ്ദേഹം മാപ്പ് പറഞ്ഞു. ഇന്നലെ ഉമ്മന്‍ചാണ്ടിയോടൊപ്പം ഫ്‌ലാറ്റുകളും വീടുകളും കയറാന്‍ അദ്ദേഹം ഉണ്ടായിരുന്നു. ഇന്ന് എന്താണ് സംഭവിച്ചത് എന്നറിയില്ല. ഇതുപോലുള്ള നേതാക്കന്മാര്‍ പാര്‍ട്ടിയോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ മാത്രമാണ് നേതാക്കളാകുന്നത് എന്ന യാഥാര്‍ത്ഥ്യ ബോധം ജനങ്ങളുടെ സമ്മതിദാനത്തിലൂടെ മാത്രമേ നമുക്ക് മനസ്സിലാകുകയുള്ളൂ. അത് സ്വാഭാവികമായും അതുപോലുള്ള ആളുകള്‍ അറിയും. കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുമ്പോഴാണ് അവര്‍ നേതാക്കന്മാരായി നില്‍ക്കുന്നത്. കോണ്‍ഗ്രസ് വിട്ടു പോകുമ്പോള്‍ അവരൊന്നും നേതാക്കന്മാരല്ല. അവരുടെ വീട്ടിലെ വോട്ട് പോലും സ്വാധീനിക്കാന്‍ കഴിയാത്ത ആളുകളാണ്. സ്വാഭാവികമായി ഉണ്ടാകുന്ന ആ പ്രതികരണം കൂടി സിപിഐഎമ്മിന് പ്രതികൂലമായി ബാധിക്കുകയേ ഉള്ളൂ.

തോമസ് മാഷിനെ എവിടെയാണ് പ്രചരണത്തിന് ഇറക്കിയത്. മുഖ്യമന്ത്രി പങ്കെടുത്ത തെരഞ്ഞെടുപ്പ് ഉദ്ഘാടന വേദിയില്‍ അല്ലാതെ വേറെ എവിടെയാണ് മാഷിന്റെ പരസ്യ പ്രചാരണം. ഇതുപോലുള്ള ആളുകള്‍ സിപിഐഎമ്മിനൊപ്പം കൂടുമ്പോള്‍ ഗുണകരമാകുമോ ഇല്ലയോ എന്ന് തെരഞ്ഞെടുപ്പിന് ശേഷം അറിയാം.

മുരളീധരന്റെ അതൃപ്തിയൊന്നും ഇതുവരെ അദ്ദേഹം പാര്‍ട്ടിയോട് പ്രകടിപ്പിച്ചിട്ടില്ല. അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനത്തിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടി പരിഹരിച്ചിട്ടുണ്ട്. അത് കൂടിപ്പോയി എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം മാപ്പും പറഞ്ഞിട്ടുണ്ട്. സ്വാഭാവികമായും സിപിഐഎം നേതാക്കള്‍ ആടിനെ പച്ചില വെച്ച് നീട്ടിയാല്‍ പോകുന്നതാണ് മുരളീധരനെ പോലുള്ള ആളുകള്‍ എന്ന് ഞങ്ങള്‍ക്ക് ഇപ്പോഴാണ് ബോധ്യപ്പെട്ടത്. അങ്ങനെയുള്ള ആളുകള്‍ പോകട്ടെ. പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്ന ആളുകള്‍ നില്‍ക്കുക. ശത്രുവിന്റെ പക്ഷത്ത് നില്‍ക്കുന്ന ആളുകള്‍ പാര്‍ട്ടിയോടൊപ്പം നില്‍ക്കരുത് എന്നാണ് അഭ്യര്‍ത്ഥന. അതുകൊണ്ടൊന്നും കോണ്‍ഗ്രസിനോ യുഡിഎഫിനോ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഇവരുടെയൊക്കെ ആത്മാര്‍ത്ഥയും സത്യസന്ധതയും ജനങ്ങള്‍ക്ക് ബോധ്യപ്പെടട്ടെ.

STORY HIGHLIGHTS: Ernakulam DCC President Shiyas says MB Muraleedharan stayed with party till morning and left in the afternoon

Next Story