Top

'എന്നെ വെടിവെച്ചുകൊല്ലാന്‍ ആര്‍എസ്എസുകാരെയാണ് അയച്ചത്'; സുധാകരന്‍ ചെന്നൈയില്‍ പോയത് അമിത് ഷായെ കാണാനെന്ന് ഇ പി

'സുധാകരന് നാക്കുപിഴയല്ല ബുദ്ധിപിഴയാണെന്നാണ് ഓരോ പ്രസ്താവനയിലൂടെയും വ്യക്തമാകുന്നത്'

16 Nov 2022 8:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്നെ വെടിവെച്ചുകൊല്ലാന്‍ ആര്‍എസ്എസുകാരെയാണ് അയച്ചത്; സുധാകരന്‍ ചെന്നൈയില്‍ പോയത് അമിത് ഷായെ കാണാനെന്ന് ഇ പി
X

കണ്ണൂര്‍: ബിജെപി ആര്‍എസ്എസ് നേതാക്കളുടെ നിത്യ സന്ദര്‍ശകനാണ് കെ സുധാകരനെന്ന് ഇ പി ജയരാജന്‍. ഒരിക്കല്‍ അമിത്ഷായെ കാണാന്‍ സുധാകരന്‍ ചെന്നൈയില്‍ എത്തിയെന്നും, കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഇതറിഞ്ഞ് ചെന്നൈയില്‍ നിന്ന് തിരിച്ചയക്കുകയുമാണുണ്ടായതെന്നും ജയരാജന്‍ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു വിമര്‍ശനം.

'സുധാകരന് നാക്കുപിഴയല്ല ബുദ്ധിപിഴയാണെന്നാണ് ഓരോ പ്രസ്താവനയിലൂടെയും വ്യക്തമാകുന്നത്. ആര്‍എസ്എസുമായി ഏറ്റവും അടുത്ത ബന്ധമുള്ള ഒരു കോണ്‍ഗ്രസ് നേതാവാണ് സുധാകരന്‍. ആര്‍എസ്എസിനെ ശക്തിപ്പെടുത്താനാവശ്യമായ കാര്യങ്ങളിലൂടെ കോണ്‍ഗ്രസിനെ നയിക്കുകയാണ് സുധാകരന്‍ ചെയ്യുന്നത്. താന്‍ ഉദ്ധേശിക്കുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസിന് അകത്ത് നിന്ന് നടപ്പാക്കാന്‍ സുധാകരന്‍ നടത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. മേനി പറഞ്ഞ് താന്‍ വീരശൂരപരാക്രമിയാണ് എന്ന് ധരിപ്പിച്ച് ക്രിമിനല്‍ രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുകയാണ് സുധാകരന്‍ ചെയ്തുവന്നിട്ടുള്ളത്.

തന്റെ വൃത്തികെട്ട രാഷ്ട്രീയത്തിന് മറയാക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലും ഉപയോഗിക്കുന്നു. കെ സുരേന്ദ്രന്‍ പറഞ്ഞതനുസരിച്ച് സുധാകരനെ നന്നായിട്ട് അറിയുന്നത് സുരേന്ദ്രനാണ്. സുധാകരന്റെ മനസ് ആര്‍എസ്എസ് മനസാണ് എന്ന് സുരേന്ദ്രന് അറിയാവുന്ന പോലെ മറ്റാര്‍ക്കും അറിയില്ല. ആര്‍.എസ്.എസ്സുമായുളള തന്റെ പഴയ ബന്ധങ്ങളും പുതിയ ബന്ധങ്ങളും വെളിപ്പെടുത്തി സംഘപരിവാറിന്റെ പ്രശംസക്കായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് സുധാകരന്‍. ആര്‍എസ്എസ്, ബിജെപി കൗശലമാണ് സുധാകരനിലൂടെ നടപ്പാക്കുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഒരോ ദിവസവും തകരുന്ന കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചാടുന്ന നേതാക്കളുടെ പട്ടികയിലേക്ക് സുധാകരനും എത്തും', ഇ പി ജയരാജന്‍ ആരോപിച്ചു.

സ്ഥാനങ്ങള്‍ ഒന്നും കിട്ടാതായപ്പോള്‍ കെ സുധാകരന്‍ ബിജെപിയില്‍ ചേരാന്‍ ചെന്നൈയില്‍ എത്തിയതാണെന്ന് ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഇ പി ജയരാജന്‍ ആരോപിച്ചിരുന്നു. ന്യൂനപക്ഷത്തിന് യുഡിഎഫില്‍ രക്ഷയില്ല. ലീഗ് ശരിയായ നിലപാട് സ്വീകരിക്കണം. സിപിഐഎമ്മിലേക്ക് വരണോ വേണ്ടയോ എന്നത് അവരുടെ തീരുമാനമാണെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.

നിയമന കത്ത് വിവാദത്തില്‍, വഴിവിട്ട് എല്‍ഡിഎഫ് ഒന്നും ചെയ്തിട്ടില്ലെന്നും ഇ പി പ്രതികരിച്ചു. ഇപ്പോഴത്തെ സമരങ്ങള്‍ പൊലീസിന്റെ ജോലി തടസപ്പെടുത്താനേ സഹായിക്കൂ. കത്ത് ലഭിച്ചിട്ടില്ല എന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞിട്ടുണ്ട്. മേയര്‍ ഒരു കത്തും എഴുതിയിട്ടില്ല. ഇല്ലാത്ത കരിമ്പൂച്ചയെ ഇരുട്ടത്ത് തപ്പുകയാണ്. പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് പാര്‍ട്ടി അംഗം കത്തയക്കുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.

കത്തിന്റെ അടിസ്ഥാനത്തില്‍ ആരെയെങ്കിലും നിയമിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. നിയമവിരുദ്ധമായി ഒന്നും ചെയ്യാത്തിടത്തോളം ഇവയൊന്നും വിവാദമാക്കേണ്ടതില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേരത്തേ ഒരു നയം സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വിഷയങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് ആ നയം സ്വീകരിച്ചത്. എന്തിന് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് സമരമെന്ന് ചോദിച്ച ഇ പി ജയരാജന്‍, എല്ലാ മേഖലയിലും കാലതാമസം സൃഷ്ടിക്കുകയാണെന്നും കുറ്റപ്പെടുത്തി.

Story Highlights: EP Jayarajan Against K Sudhakaran

Next Story