Top

'വോട്ടിന് വേണ്ടി 20 ട്വന്റിക്കും ആംആദ്മിക്കും മുന്നില്‍ യാചനയുമായി കോണ്‍ഗ്രസ്'; യുഡിഎഫിന്റെ തകര്‍ച്ചയെന്ന് ഇപി ജയരാജന്‍

ഇടതുപക്ഷത്തിന്റെ വിജയ സാധ്യത മുന്നില്‍ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ വെപ്രാളപ്പെട്ടിരിക്കുകയാണെന്നും ഇപി.

17 May 2022 1:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വോട്ടിന് വേണ്ടി 20 ട്വന്റിക്കും ആംആദ്മിക്കും മുന്നില്‍ യാചനയുമായി കോണ്‍ഗ്രസ്; യുഡിഎഫിന്റെ തകര്‍ച്ചയെന്ന് ഇപി ജയരാജന്‍
X

തൃക്കാക്കരയില്‍ വോട്ടിന് വേണ്ടി യാചിച്ച് ആംആദ്മിക്കും ട്വന്റി ട്വന്റിക്കും മുന്നിലെത്തിയ കോണ്‍ഗ്രസിന്റെ നടപടി യുഡിഎഫിന്റെ തകര്‍ച്ചയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍.

''വോട്ടിന് വേണ്ടി യാചിക്കുകയാണ് ആപ്പിനും ട്വന്റി ട്വന്റിക്കും മുന്നില്‍ കോണ്‍ഗ്രസ്. കാല് പിടിച്ച് അപേക്ഷിക്കുകയാണ്. ട്വന്റി ട്വന്റിയെ ശക്തമായി എതിര്‍ത്തവരാണ് യുഡിഎഫ്. എന്നിട്ട് അവരുടെ മുന്നില്‍ ദയാഹര്‍ജിയുമായി നില്‍ക്കുകയാണ്. ഇത് യുഡിഎഫിന്റെ തകര്‍ച്ചയെയാണ് കാണിക്കുന്നത്.'' ദയനീയ അവസ്ഥയിലേക്കാണ് യുഡിഎഫ് പോകുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു. തൃക്കാക്കര മണ്ഡലത്തില്‍ വന്ന മുഖ്യമന്ത്രിയെ ആക്ഷേപിച്ച നിലപാട് അപലപനീയമാണ്. ഉപതെരഞ്ഞെടുപ്പിലെ തോല്‍വി ഭയന്ന് സമനില തെറ്റിയ നിലയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നതും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വിജയ സാധ്യത മുന്നില്‍ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ വെപ്രാളപ്പെട്ടിരിക്കുകയാണെന്നും ഇപി പറഞ്ഞു. ''മുഖ്യമന്ത്രി പിണറായി വിജയനെ കെ സുധാകരന്‍ നായയോട് ഉപമിച്ച സംഭവം സംസ്‌കാരശൂന്യമാണ്. കേരളത്തെ ആക്ഷേപിക്കുന്നതിന് തുല്യമാണ് ആ പദപ്രയോഗം. രാഷ്ട്രീയമായി വിമര്‍ശിക്കാം, പക്ഷെ എന്തും പറയാമെന്ന നിലയിലാണ് കെപിസിസി അധ്യക്ഷന്‍ എത്തിയിരിക്കുന്നത്. ഇതാണ് കോണ്‍ഗ്രസ് എന്നും യുഡിഎഫെന്നും വോട്ടര്‍മാര്‍ തിരിച്ചറിയണം. തൃക്കാക്കരയിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനാണ് സുധാകരന്‍ ശ്രമിക്കുന്നത്. പരാമര്‍ശത്തിനെതിരെ ബൂത്ത് തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. സുധാകരന്‍ നടത്തിയ പരാമര്‍ശം സാധാരണ പ്രവര്‍ത്തകര്‍ പോലും ഉപയോഗിക്കില്ല. അത്തരം പദങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് ഗുരുതര കുറ്റമാണ്. സുധാകരനെതിരെ നിയമനടപടി സ്വീകരിച്ച് അറസ്റ്റ് ചെയ്യണം.'' വിഷയത്തില്‍ എഐസിസി സുധാകരനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നും ഇപി ജയരാജന്‍ ചോദിച്ചു.

''പിണറായി വിജയന്‍ ജനപ്രിയ നേതാവാണ്. കേരളത്തില്‍ മാത്രമല്ല, രാജ്യത്ത് തന്നെ മുഖ്യമന്ത്രിക്കുള്ള ആദരവ് വളരെ വളരെ വലുതാണ്. സിപിഐഎമ്മിന്റെ പൊളിറ്റ് ബ്യൂറോ മെമ്പറായ അദ്ദേഹം ഇന്ത്യയിലെ ഉന്നതനായ രാഷ്ട്രീയ നേതാവാണ്. സ്വാഭാവികമായും അദ്ദേഹം ജനങ്ങളെ സന്ദര്‍ശിക്കും.'' എന്നാല്‍ ഇതിനെ ചങ്ങലക്കിട്ട നായയെ പോലെ ഓടി നടക്കുകയാണെന്ന സുധാകരന്റെ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണെന്ന് ഇപി ജയരാജന്‍ വ്യക്തമാക്കി.



Next Story