സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; നാല് മാസത്തേക്ക് യൂണിറ്റിന് ഒമ്പതുപൈസ വര്‍ധന
ഫെബ്രുവരി ഒന്ന് മുതല്‍ മെയ് 31 വരെ നാലുമാസത്തേക്ക് വൈദ്യുതിക്ക് യൂണിറ്റിന് ഒമ്പതുപൈസ അധികം ഈടാക്കാനാണ് അനുമതി
28 Jan 2023 5:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നാല് മാസത്തേക്ക് കൂട്ടി. ഫെബ്രുവരി ഒന്ന് മുതല്‍ മെയ് 31 വരെ നാലുമാസത്തേക്ക് വൈദ്യുതിക്ക് യൂണിറ്റിന് ഒമ്പതുപൈസ അധികം ഈടാക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. ഇന്ധന സര്‍ച്ചാര്‍ജായാണ് ഇത് ഈടാക്കുക. മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് (1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ്) വര്‍ധന ബാധകമല്ല.
വൈദ്യുതി ഉത്പാദനത്തിനാവശ്യമായ ഇന്ധനത്തിന്റെ വിലവര്‍ധനയിലൂടെയുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതാണ് ഇന്ധന സര്‍ച്ചാര്‍ജ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് അധികം ചെലവായ 87.07 കോടി രൂപയാണ് ഇത്തരത്തില്‍ പിരിച്ചെടുക്കുന്നത്. സര്‍ച്ചാര്‍ജ് തുക ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തും.
യൂണിറ്റിന് 14 പൈസ സര്‍ച്ചാര്‍ജ് ചുമത്തണമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം. 2021 ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയും കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുമുള്ള കാലയളവുകളിലേക്ക് യൂണിറ്റിന് മൂന്ന് പൈസ വീതം സര്‍ചാര്‍ജ് ചുമത്തണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇത് തല്‍ക്കാലം പരിഗണിക്കേണ്ടെന്നും ബോര്‍ഡിന്റെ കണക്കുകള്‍ ശരിപ്പെടുത്തുന്ന സമയത്ത് പരിഗണിച്ചാല്‍ മതിയെന്നും കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.
Story Highlights: Electricity Rate Increased For Four Months