ഇലന്തൂര്‍ നരബലി: 'പ്രതികളുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയല്ല അന്വേഷണം', അവയവ മാഫിയ ആരോപണത്തില്‍ കഴമ്പില്ലെന്ന് കമ്മീഷണര്‍
'മുഖ്യപ്രതിയായ ഷാഫി പല കഥകള്‍ പറയുന്നുണ്ട്. ഇതെല്ലാം ശരിയാവണമെന്നില്ല, എന്നാല്‍ ഇതൊന്നും പൂര്‍ണമായും തള്ളിക്കളയുന്നുമില്ല'
18 Oct 2022 6:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ അന്വേഷണം പ്രതികളുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. പ്രതികള്‍ പറഞ്ഞതെല്ലാം തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണ്. അവയവ മാഫിയ ബന്ധമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
'മുഖ്യപ്രതിയായ ഷാഫി പല കഥകള്‍ പറയുന്നുണ്ട്. ഇതെല്ലാം ശരിയാവണമെന്നില്ല, എന്നാല്‍ ഇതൊന്നും പൂര്‍ണമായും തള്ളിക്കളയുന്നുമില്ല. സാമാന്യ ബുദ്ധിയില്‍ ചിന്തിച്ചാല്‍ ഈ കേസില്‍ അവയവ മാറ്റം നടക്കില്ല. വൃത്തിഹീനമായ സാഹചര്യത്തില്‍ അവയവ മാറ്റത്തിനുള്ള നടപടികള്‍ സാധ്യമല്ല. അവയവ കച്ചവടം നടക്കുമെന്ന് ഷാഫി കൂട്ട് പ്രതികളെ വിശ്വസിപ്പിച്ചിട്ടുണ്ടാവാമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
നരബലി സംബന്ധിച്ച് നിരവധി കഥകള്‍ പ്രതികള്‍ പറയുന്നുണ്ട്. കൂടുതല്‍ ഇരകള്‍ ഉണ്ടോ എന്നതില്‍ ഇത് വരെ സൂചനയില്ല. പ്രതികളില്‍ നിന്ന് നിരവധി മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. മൂന്ന് പ്രതികളും സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പരിചയ സമ്പന്നരാണെന്നും സി എച്ച് നാഗരാജു പ്രതികരിച്ചു.
Story Highlights: Elanthoor Incident City Police Commissioner C H Nagaraju's Response