Top

'ആര്‍എംപി കോണ്‍ഗ്രസിന്റെ വീഴുപ്പലക്കുന്ന സംഘം'; ഒഞ്ചിയത്ത് വീണ്ടും കൂട്ടരാജി, എട്ടുകുടുംബങ്ങള്‍ സിപിഐഎമ്മില്‍

വരും ദിനങ്ങളില്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ പേര്‍ സിപിഐഎമ്മിലേക്ക് വരുമെന്ന് ടി പി ബിനീഷ്

15 Nov 2021 9:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആര്‍എംപി കോണ്‍ഗ്രസിന്റെ വീഴുപ്പലക്കുന്ന സംഘം; ഒഞ്ചിയത്ത് വീണ്ടും കൂട്ടരാജി, എട്ടുകുടുംബങ്ങള്‍ സിപിഐഎമ്മില്‍
X

ഒഞ്ചിയത്ത് ആര്‍എംപിയില്‍ നിന്ന് വീണ്ടും കൂട്ട രാജി. വൈക്കിലശേരി മേഖലയില്‍ നിന്ന് ആര്‍എംപിയുടെ സജീവ വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എട്ടു കുടുംബങ്ങളാണ് സിപിഐഎമ്മുമായി ചേര്‍ന്ന് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. രാജിവച്ചവരെ സിപിഐഎം ഏരിയാ സെക്രട്ടറി ടി പി ബിനീഷ് നടത്തി സ്വീകരിച്ചു.

ആര്‍എംപിയില്‍ രാഷ്ട്രീയ പാപ്പരത്തവും സാമ്പത്തിക അരാജകത്വവുമാണ് നടക്കുന്നതെന്നും അതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ലീഗിന്റെയും കോണ്‍ഗ്രസിന്റെയും വീഴുപ്പലക്കുന്ന സംഘമായി ആര്‍എംപി അധഃപതിച്ചെന്നും ഇവര്‍ വിമര്‍ശനം ഉന്നയിച്ചു. ബിജെപി പ്രവര്‍ത്തകരായ മൂന്നുപേരും രാജിവച്ച് സിപിഐ എമ്മിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

ആര്‍എംപി പ്രവര്‍ത്തകരായ ഇടവനക്കുനി അനീഷ്, അഭിന, ഷാനവാസ് വാര്യംകണ്ടി, വലിയപറമ്പത്ത് രാജി, ദേവി, എടവന്തോടി മീത്തല്‍ പ്രവീണ്‍, സന്ധ്യ, ദേവകി എന്നിവരും ബിജെപി പ്രവര്‍ത്തകരായ കിഴക്കേ പുനത്തില്‍ മണി, കിഴക്കേ പുനത്തില്‍ അജിത, നെല്ലോളി മീത്തല്‍ ബിനീഷ് എന്നിവരുമാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്.

സ്വീകരണ ചടങ്ങില്‍ ലോക്കല്‍ സെക്രട്ടറി എന്‍ നിധിന്‍ അധ്യക്ഷനായി. ഏരിയാ കമ്മിറ്റിയംഗം എന്‍ ബാലകൃഷ്ണന്‍, കെ ലിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. വരും ദിനങ്ങളില്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ പേര്‍ സിപിഐഎമ്മിലേക്ക് വരുമെന്ന് ടി പി ബിനീഷ് പറഞ്ഞു.

Next Story