Top

'കുട്ടികളുടെ സർഗവാസനകൾ വികസിപ്പിക്കും'; സ്കൂൾ ലൈബ്രറികൾ ആധുനിക നിലവാരമുള്ളതാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

6 Jun 2022 1:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുട്ടികളുടെ സർഗവാസനകൾ വികസിപ്പിക്കും; സ്കൂൾ ലൈബ്രറികൾ ആധുനിക നിലവാരമുള്ളതാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളുടെ നിലവാരം ആധുനിക നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളിൽ സമഗ്ര ശിക്ഷാ കേരളം തയാറാക്കി 'എഴുത്തുപച്ച' എന്ന പേരിൽ എത്തിക്കുന്ന പുസ്തകങ്ങളുടെ സംസ്ഥാനതല പ്രകാശനവും വിതരണോത്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ പുസ്തകവായനാശേഷി വർദ്ധിപ്പിക്കുക, അക്കാദമിക നിലവാരം ഉയർത്തുക, സർഗവാസനകൾ വികസിപ്പിക്കുക, സാഹിത്യാഭിരുചി വളർത്തുക തുടങ്ങിയവ ലക്ഷ്യമിടുന്ന നിരവധി പരിപാടികൾക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വം നൽകി വരുന്നതെന്നും മന്ത്രി പറഞ്ഞു.ആദ്യമായിട്ടാണ് പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ സർഗ്ഗാത്മക രചനകളെ സംസ്ഥാനതലത്തിൽ തെരെഞ്ഞെടുത്ത് അവ അച്ചടിച്ച് സംസ്ഥാനത്തെമ്പാടുമുള്ള സർക്കാർ സ്കൂൾ ലൈബ്രറികളിൽ എത്തിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

സമഗ്ര ശിക്ഷാ കേരളയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന 55 'എഴുത്തുപച്ച' പുസ്തകങ്ങളുടെ പ്രകാശനവും വിതരണവുമാണ് നടന്നത് . മലയാളം, ഹിന്ദി, തമിഴ്, കന്നട, അറബിക്, ഉറുദു, സംസ്കൃതം ഭാഷകളിലായി തയാറാക്കപ്പെടുന്ന പുസ്തകങ്ങളുടെ കവർ പേജുകളിലെ ചിത്രങ്ങൾ വരച്ചിട്ടുള്ളതും കുട്ടികളാണ്. പുസ്തകങ്ങളിലെ 731 രചനകൾ വിവിധ ജില്ലകളിൽ നിന്നുള്ള 728 കുട്ടികളുടേതുമാണ്.

STORY HIGHLIGHTS: Education Minister says school libraries will be upgraded to modern standards

Next Story