ഹരീഷ് റാവത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം; ഉത്തരാഖണ്ഡ് ബിജെപിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ബിജെപിക്ക് നിര്‍ദ്ദേശം
11 Feb 2022 2:43 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ ഉത്തരാഖണ്ഡ് ബിജെപിയ്ക്ക് ഇലക്ഷന് കമ്മീഷന്റെ താക്കീത്.
കഴിഞ്ഞയാഴ്ച ബിജെപി ഔദ്യോഗിക ഹാന്‍ഡിലില്‍ റാവത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ഭാവിയില്‍ ഇത്തരം അവസരങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ബിജെപിയോട് നിര്‍ദ്ദേശിച്ചു. ഹരീഷ് റാവത്തിനെ മുസ്ലിം പുരോഹിതനായി ചിത്രീകരിച്ചായിരുന്നു ബിജെപിയുടെ ട്വീറ്റ്.
മാതൃകാ പെരുമാറ്റ ചട്ടങ്ങള്‍ ലംഘിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല ട്വീറ്റെന്നും ഏതെങ്കിലും വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ലക്ഷ്യമിട്ടിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ മറുപടിയില്‍ ബിജെപി പറഞ്ഞിരുന്നു. ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നതായും കമ്മീഷന് നല്കിയ വിശദീകരണത്തില്‍ ബിജെപി ചൂണ്ടിക്കാട്ടി.
എന്നാല്‍, ബിജെപിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഐപിസി പ്രകാരവും ജനപ്രാതിനിധ്യ നിയമപ്രകാരവും നടപടികള്‍ ഉണ്ടാവുമെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
രാജ്യത്തെ മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം ഉത്തരാഖണ്ഡിലെ എഴുപത് അംഗ നിയമസഭയിലേക്കും തെരെഞ്ഞെടുപ്പ് നടക്കുന്നുണ്ട്. 14ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ വോട്ടെണ്ണെല്‍ മാര്‍ച്ച് 10നാണ്.