Top

അപ്രതീക്ഷിതമായി നേരത്തെ ഖബറടക്കം; വിശദീകരണവുമായി അബ്ബാസലി ശിഹാബ് തങ്ങൾ

7 March 2022 2:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അപ്രതീക്ഷിതമായി നേരത്തെ ഖബറടക്കം; വിശദീകരണവുമായി അബ്ബാസലി ശിഹാബ് തങ്ങൾ
X

അപ്രതീക്ഷിത സംഭവങ്ങൾ മൂലമാണ് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം നേരത്തെ ഖബറടക്കേണ്ടി വന്നതെന്ന് സഹോദരൻ അബ്ബാസലി ശിഹാബ് തങ്ങൾ. വലിയ തോതിൽ ജനങ്ങൾ പൊതുദർശനത്തിന് എത്തിയതിനാൽ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഒപ്പം ഡോക്ടർമാരുടെ നിർദ്ദേശവും കൂടിയായതോടെ നേരത്തെ ഖബറടക്കുകയായിരുന്നു.

ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമായത് കൊണ്ടാണ് ഖബറടക്കം നേരത്തെ നടത്തിയത്. ദൂര സ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ എത്തിക്കൊണ്ടിരുന്നുണ്ട്. അവർക്ക് ഖബറടക്കിയ സ്ഥലത്ത് പോയി പ്രാർത്ഥിക്കാമെന്നും അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. രാഹുൽ ​ഗാന്ധിയടക്കമുള്ള നേതാക്കൾ തറവാട്ട് വീട്ടിലെത്തി മടങ്ങും.

തിങ്കളാഴ്ച രാവിലെ ഒമ്പതിനായിരുന്നു ഖബറടക്കം നിശ്ചയിച്ചിരുന്നത്. എന്നാൽ മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം വൻ ജനാവലി ഇവിടേക്ക് ഒഴുകിയെത്തി. തുടർന്ന് ഖബറടക്കൽ ചടങ്ങ് നേരത്തെയാക്കുകയായിരുന്നു. പുലർച്ചെ 2.30 നായിരുന്നു അപ്രതീക്ഷിത ഖബറടക്കൽ നടന്നത്.

അതേ സമയം പ്രമുഖരടക്കം ആയിരങ്ങള്‍ മലപ്പുറം ടൗണ്‍ ഹാളില്‍ പാണക്കാട് തങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാന്‍, എ.കെ ശശീന്ദ്രന്‍ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അടക്കമുള്ള പ്രമുഖരെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. ഉദരസംബന്ധമായ അസുഖത്തേത്തുടര്‍ന്നാണ് അന്ത്യം. അങ്കമാലി ലിറ്റില്‍ ഫ്ളവർ ആശുപത്രിയില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു. ലാര്‍ജ് ബി സെല്‍ ലിംഫോമിയയുടെ സാന്ത്വന ചികിത്സയ്ക്കും പ്രമേഹം, ന്യൂമോണിയ എന്നീ അസുഖങ്ങളുമായി ഐസിയുവിലായിരുന്നു ഫെബ്രുവരി 22 മുതല്‍. കഴിഞ്ഞ ദിവസം മുതലാണ് ആരോഗ്യനില വഷളായത്. മരുന്നുകളോട് പ്രതികരിക്കാതായി. ഇന്നലെ ഉച്ചയ്ക്ക് 12.40ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

story highlight: early funeral of sayyid hyderali shihab thangal

Next Story