Top

വന്ദേഭാരത് കെ റെയിലിന് ബദലാകില്ലെന്ന് ആവര്‍ത്തിച്ച് ശ്രീധരന്‍; വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കാന്‍ സുരേന്ദ്രന്റെ നിര്‍ദേശം

നേരത്തെയും ഇ ശ്രീധരന്‍ ഇതേ അഭിപ്രായം പറഞ്ഞിരുന്നു

4 Feb 2022 4:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വന്ദേഭാരത് കെ റെയിലിന് ബദലാകില്ലെന്ന് ആവര്‍ത്തിച്ച് ശ്രീധരന്‍; വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കാന്‍ സുരേന്ദ്രന്റെ നിര്‍ദേശം
X

കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത് കെ റെയിലിന് ബദല്‍ ആകില്ലെന്ന് ആവര്‍ത്തിച്ച് ഇ ശ്രീധരന്‍. ഡല്‍ഹിയില്‍ വി മുരളീധരന്‍, കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇ ശ്രീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഡിപിആര്‍ പുതുക്കി നല്‍കിയാല്‍ കെ റെയില്‍ പ്രായോഗികമാണെന്നും ശ്രീധരന്‍ പറഞ്ഞു.

തുടര്‍ന്നും മാധ്യമപ്രവര്‍ത്തകര്‍ ഇ ശ്രീധരനോട് സമാന ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മറുപടി പറയാന്‍ അനുവദിക്കാത്ത രീതിയില്‍ മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ ഇടപെടുന്നത് വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോയില്‍ വ്യക്തമാണ്. ശ്രീധരന്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രമിക്കുമ്പോള്‍ കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കാം എന്ന അര്‍ത്ഥത്തില്‍ വി മുരളീധരനോട് ആംഗ്യം കാണിക്കുന്നതും വീഡിയോയില്‍ വ്യക്തം.

നേരത്തെയും ഇ ശ്രീധരന്‍ ഇതേ അഭിപ്രായം പറഞ്ഞിരുന്നു. പിന്നാലെ കെറെയില്‍ വിഷയത്തില്‍ ബിജെപിക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെന്ന രീതിയില്‍ ചര്‍ച്ചകളും വാര്‍ത്തകളും പുറത്തുവന്നിരുന്നു.

ഇന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കെറെയില്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് നേതാക്കള്‍ നിവേദനം കൈമാറിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സംഘം.


Next Story