'എത്ര വിലക്കിയാലും ബിബിസി ഡോക്യുമെന്ററി ജനങ്ങള്‍ കാണും'; ഉദ്യമം ഏറ്റെടുത്ത് ഡിവൈഎഫ്ഐ
''പശ്ചാത്യ താല്പര്യങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും അതില്‍ കാണിക്കുന്നതില്‍ വസ്തുത ഉണ്ടോ ഇല്ലയോ എന്നത് മാത്രമാണ് വിഷയം.''
24 Jan 2023 11:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് ആവര്‍ത്തിച്ച് ഡിവൈഎഫ്ഐ. ഗുജറാത്ത് വംശഹത്യയെ കുറിച്ച് അനേകം വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ലോകത്തുള്ള അനേകം സംഭവങ്ങളെ കുറിച്ച് ഇത് പോലെ ബിബിസി ഒരുപാട് ഡോക്യുമെന്ററികള്‍ ചെയ്തിട്ടുണ്ട്. അതൊക്കെ ജനങ്ങള്‍ കണ്ടതുമാണ്. ആ കൂട്ടത്തില്‍ എത്ര വിലക്കിയാലും ജനങ്ങള്‍ ഇതും കാണും. ഡിവൈഎഫ്ഐ ആ ഉദ്യമം ഏറ്റെടുക്കും. വരുന്ന പ്രത്യാഘാതങ്ങള്‍ നിയമ പരമായി തന്നെ നേരിടുമെന്നും വികെ സനോജ് പറഞ്ഞു.
''ദൂരദര്‍ശനും ആകാശവാണിയുമൊക്കെ ഉണ്ടാകുന്നത് വരെ സാധാരണക്കാര്‍ ബി.ബി.സിയെയാണ് ആശ്രയിച്ചിരുന്നതെന്നും ദൂരദര്‍ശനേയും ആകാശവാണിയേയും വിശ്വാസമില്ലായിരുന്നു എന്നും 2013വരെ പറഞ്ഞിരുന്ന നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ഇന്ന് അതേ ബി.ബിസിയെ വിശ്വാസമില്ലാതായ്. ഇത്ര കാലം ബിജെപി നേതാക്കള്‍ പോലും പാര്‍ലിമെന്റില്‍ ഉദ്ധരിച്ചിരുന്ന ബി.ബി.സിയെ ഒരു ഡോക്കുമെന്ററിയോടെ കൊളോണിയലിസ്റ്റ് പിണിയാള്‍ മാത്രമാക്കി.''
''ബാബറി മസ്ജിദ് ധ്വംസനത്തെയും ഗുജറാത്ത് കലാപത്തെയും തുടര്‍ന്ന് രാജ്യത്ത് തന്നെ ഒട്ടനവധി ഡോക്കുമെന്ററി സീരീസുകള്‍ നിര്‍മ്മിക്കപെട്ടിട്ടുണ്ട്. ആനന്ദ് പട്വര്‍ദ്ധനെ പോലുള്ളവരുടെ വര്‍ക്കുകള്‍ അതില്‍ ശ്രദ്ധേയമാണ്. അതിനെയൊക്കെ പോലീസ് കേസുകള്‍ കൊണ്ടും മസില് പവര്‍ കൊണ്ടും നിശബ്ദമാക്കാനാണ് സംഘ പരിവാര്‍ ശ്രമിച്ചത്. ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് മോദി പ്രധാന മന്ത്രി ആകുന്നതിന് തൊട്ടു മുന്നേ വരെ അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും യാത്രാ വിലക്ക് പോലുമുണ്ടായിരുന്നത് നമ്മള് മറന്നു കാണില്ല. ബി.ബി.സി ഉള്‍പ്പെടുന്ന അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ മറ്റു പല രാജ്യങ്ങളെ കുറിച്ചും സംഭവങ്ങളെ കുറിച്ചും നിര്‍മ്മിച്ച ഡോക്കുമെന്ററികള്‍ സംശയമൊന്നും കൂടാതെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയും തങ്ങളുടെ രാഷ്ട്രീയ താല്പര്യത്തിനായി പ്രചരണം കൊടുക്കുകയും ചെയ്യവരാണ് ബിജെപി നേതാക്കള്‍. എന്നാല്‍ ഗുജറാത്ത് വംശഹത്യ വിഷയത്തില്‍ മാത്രം അതേ ബി.ബി.സിയുടെ ഒരു ഡോക്കുമെന്ററി ജനങ്ങള്‍ കാണാന്‍ പാടില്ലെന്നത് കാപട്യമാണ്.''
''പ്രസ്തുത ഡോക്കുമെന്ററിയില്‍ എന്തൊക്കെ പശ്ചാത്യ താല്പര്യങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും അതില്‍ കാണിക്കുന്നതില്‍ വസ്തുത ഉണ്ടോ ഇല്ലയോ എന്നത് മാത്രമാണ് വിഷയം. ബിജെപി നേതാക്കളുടെ അഭിപ്രായങ്ങളും അക്കാലത്തെ ഇന്ത്യന്‍ അഭ്യന്തര മന്ത്രാലയ രേഖകള്‍ അടക്കം പരിശോധിച്ചുമാണ് ഡോക്കുമെന്ററി തയ്യാറാക്കിയിട്ടുള്ളത്. അത് ഇന്ത്യക്കാര്‍ മാത്രം കാണരുത് എന്ന് പറയുന്നത് വസ്തുതകളുടെ വായ മൂടി കെട്ടുന്ന ഫാസിസ്റ്റ് നിലപാടാണ്. ജനങ്ങള്‍ എല്ലാം കാണട്ടെ, എന്നിട്ട് യുക്തിസഹമായ നിലപാടില്‍ എത്തട്ടെ. കോടതി വിധി ഉണ്ടായ വിഷയത്തെ കുറിച്ച് പിന്നീട് സംസാരിക്കരുത് എന്നത് കേട്ട് കേള്‍വിയില്ലാത്ത കാര്യമാണ്. ഈ നിലയില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ച പല വിഷയത്തിലും ബിജെപി സമരം ചെയ്തു കലാപം നടത്തിയത് നാം കണ്ടതാണല്ലോ. കോടതി തീര്‍പ്പ് എന്നത് കോടതിക്ക് മുന്നില്‍ എത്തിക്കുന്ന തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ആണ്. ജനങ്ങള്‍ സാമൂഹിക രാഷ്ട്രീയ വിഷയത്തില്‍ എപ്പോഴും ഇടപെടും, അഭിപ്രായങ്ങള്‍ പറയും. അതാണ് ജനാധിപത്യം. ഗുജറാത്ത് വംശ ഹത്യയെ കുറിച്ച് അനേകം വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ലോകത്തുള്ള അനേകം സംഭവങ്ങളെ കുറിച്ച് ഇത് പോലെ ബി.ബി.സി ഒരുപാട് ഡോക്കുമെന്ററികള്‍ ചെയ്തിട്ടുണ്ട്. അതൊക്കെ ജനങ്ങള്‍ കണ്ടതുമാണ്. ആ കൂട്ടത്തില്‍ എത്ര വിലക്കിയാലും ജനങ്ങള്‍ ഈ ഡോക്കുമെന്ററിയും കാണും. ഡിവെെഎഫ്ഐ ആ ഉദ്യമം ഏറ്റെടുക്കും. അതിനാല്‍ വരുന്ന പ്രത്യാഘാതങ്ങള്‍ നിയമ പരമായി തന്നെ നേരിടും.''-സനോജ് പറഞ്ഞു.