'ഇത്രമേല്‍ സ്നേഹസാന്ദ്രമായി ഒരു യാത്രയയപ്പ് മറ്റൊരാള്‍ക്ക് ലഭിക്കുമോ?' കോടിയേരിയെ കാണാന്‍ പുഷ്പന് വന്നത് വിവരിച്ച് ഡിവൈഎഫ്ഐ നേതാവ്
''പുഷ്പാട്ടന് വരുന്ന് ' ഏതോ സഖാവ് അലക്ഷ്യമായി പറഞ്ഞ് കടന്ന് പോയി..''
3 Oct 2022 4:28 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അന്തരിച്ച സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ അവസാനമായി കാണാന്‍ കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് എത്തിയത് വിവരിച്ച് ഡിവൈഎഫ്ഐ നേതാവ് എന്‍വി വൈശാഖന്.
എന്‍വി വൈശാഖന് പറഞ്ഞത്: ''പെട്ടെന്ന് തന്നെ ഹാളില്‍ നിശബ്ദമായൊരു ജാഗ്രത എല്ലാവരിലും ഉണര്‍ന്നു. റെഡ് വളന്റിയര്‍മാര്‍ കൈകള്‍ ചേര്‍ത്ത് പിടിച്ച് വഴിയൊരുക്കി. ആള്‍ക്കൂട്ടത്തിനിടയിലൂടെ, ഹാളിന്റെ വാതിലോളം ഒരു ആമ്പുലന്‍സ് വന്ന് നിന്നു. അത്രയും നേരമുണ്ടായിരുന്ന ആള്‍ക്കൂട്ടത്തിന്റെ ഒഴുക്ക് ഒട്ടൊരു നേരത്തേക്ക് നിശ്ചലമായി. 'പുഷ്പാട്ടന് വരുന്ന് ' ഏതോ സഖാവ് അലക്ഷ്യമായി പറഞ്ഞ് കടന്ന് പോയി. ഞാനപ്പുറത്ത് സ്റ്റേജിന് പുറകില്‍ സഖാക്കളോട് സംസാരിച്ച് നില്‍ക്കുകയായിരുന്നു. ഹാളില്‍ പതറാത്തൊരു മുദ്രാവാക്യം ഇരമ്പി, എല്ലാ കണ്ഠനാളങ്ങളും വികാരനിര്ഭരമായതിനെ പിന്തുടര്ന്നെത്തി.''
''പ്രിയ്യ സഖാവിന്റെ ചുണ്ടുകള്‍ ആദ്യമായി ആ മുദ്രാവാക്യങ്ങള്‍ പ്രതിധ്വനിക്കാതെ നിശ്ചലമാകുന്നതിപ്പോഴാകാം. ആ ഹാള്‍ മുഴുവനുമൊരു മുദ്രാവാക്യമായി മാറി. തന്റെ സഖാവിന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് പുഷ്പേട്ടന് സഖാക്കളുടെ കൈകളില്‍ തൂങ്ങി തിരിച്ച് പോയി, പുറത്തപ്പോള്‍ ചാറ്റല്‍ മഴ പൊടിയുന്നുണ്ടായിരുന്നു. ഇത്രമേല്‍ സ്നേഹ സാന്ദ്രമായി ഒരു യാത്രയയപ്പ് മറ്റൊരാള്‍ക്ക് ലഭിക്കുമോ.?അറിയില്ല. സഖാവ് കോടിയേരി തലശ്ശേരിയുടെ മണ്ണില്‍ നിന്നും പുഞ്ചിരിയോടെ മടങ്ങുമ്പോള്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി വന്ന് ശിരസ് കുനിക്കുന്നു, അനശ്വരമായൊരു ജീവിതമിതാ ചാറ്റല്‍ മഴ പോലെ സ്നിഗ്ദ്ധമായി പടിയിറങ്ങി പോകുന്നു. സഖാവെ അന്ത്യാഭിവാദ്യം.''
ഇന്നലെ വൈകിട്ട് ഏഴേകാലോടെയാണ് തലശേരി ടൗണ്‍ ഹാളില്‍ പാര്‍ട്ടി പതാക പുതപ്പിച്ച കോടിയേരിയുടെ ഭൗതിക ശരീരത്തിനരികെ പ്രവര്‍ത്തകര്‍ എടുത്തുകൊണ്ടുവന്നപ്പോള്‍ തല ചരിച്ച്, രണ്ടര പതിറ്റാണ്ട് തനിക്ക് താങ്ങും തണലുമായിരുന്ന പ്രിയ സഖാവിന്റെ മുഖം പുഷ്പന് അവസാനമായി കണ്ടത്. സമീപത്തുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്, പിബി അംഗം എം എ ബേബി, മുതിര്‍ന്ന നേതാവ് എസ് രാമചന്ദ്രന് പിള്ള എന്നിവരും പുഷ്പനെ അഭിവാദ്യം ചെയ്തു.
അഭിവാദ്യം അര്‍പ്പിച്ച ശേഷം പുഷ്പന് പറഞ്ഞത്: ''അവസാനമായിട്ട് ഒന്ന് കാണാന്‍ വന്നതാണ്. എന്റെ എല്ലാ കാര്യങ്ങള്‍ക്കും എല്ലാ സഹായങ്ങളും ചെയ്ത് തന്ന ആളാണ്.നാട്ടിലുള്ളപ്പോഴും അല്ലാത്തപ്പോഴും വിളിക്കാറുണ്ട്. നാട്ടിലുള്ളപ്പോള്‍ കാണാന്‍ വരാറുണ്ട്.''
കൂത്തുപറമ്പ് വെടിവെപ്പില്‍ വെടിയേറ്റ് തളര്‍ന്നുകിടന്ന പുഷ്പന് താങ്ങും തണലുമായിരുന്നത് പാര്‍ട്ടിയായിരുന്നു.