'എംഎല്‍എയെ കാണാനില്ല, അന്വേഷിച്ച് കണ്ടെത്തി തരണം'; പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്ഐയുടെ പരാതി
ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളാണ് പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്
14 Oct 2022 5:50 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പെരുമ്പാവൂര്‍: ബലാത്സംഗക്കേസില്‍ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി. ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളാണ് പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കഴിഞ്ഞ നാല് ദിവസങ്ങളായി എംഎല്‍എയെ കാണാനില്ലെന്നും പൊലീസ് അന്വേഷിച്ച് കണ്ടെത്തി തരണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. പരാതിക്കാരായ യുവതിയെ എംഎല്‍എ പലസ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് കേസ്. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു.
യുവതിയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായാണ് ക്രൈബ്രാഞ്ച് സംഘം മുന്നോട്ട് പോകുന്നത്. ജനപ്രതിനിധിയായതിനാല്‍ തുടര്‍ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. എല്‍ദോസിനെതിരെ ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കുന്നത്.
പരാതിക്കാരിയുടെ ശക്തമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് എല്‍ദോസിനെതിരെ ബലാത്സംഗ കുറ്റവും ചുമത്തിയത്. എംഎല്‍എ വിവാഹവാഗ്ദാനം നല്കി പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് അധ്യാപിക കൂടിയായ പരാതിക്കാരി ക്രൈംബ്രാഞ്ചിന് മൊഴി നല്കി. എംഎല്‍എ കുരിശുമാല തന്റെ കഴുത്തിലിട്ട് സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും യുവതി മൊഴി നല്കി. പരാതിക്കാരിയുടെ മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയ ശേഷമാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തി നെയ്യാറ്റിന്‍കര കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.
Story highlights: DYFI complainted to enquire about Eldhose Kunnappilly MLA