Top

'അസംബന്ധം അച്ചടി ഭാഷയില്‍ ആവര്‍ത്തിക്കുകയാണ് കുഴല്‍നാടന്‍'; 'മെന്റര്‍' ആരോപണത്തില്‍ വീണയുടെ വിശദീകരണം പങ്കുവെച്ച് എ എ റഹീം

'എക്‌സലോജിക്കിന്റെ കണ്‍സല്‍റ്റന്റായി ജെയ്ക്കിന്റെ പേര് വെബ്‌സൈറ്റില്‍ കൊടുത്തുവെന്ന് മാത്രം. കൂടെ ജോലി ചെയ്യുന്ന വ്യക്തിയുമായുള്ള ബന്ധുത്വം കൊണ്ടുമാത്രം ചെയ്തകാര്യമാണ് അത്'

28 Jun 2022 7:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അസംബന്ധം അച്ചടി ഭാഷയില്‍ ആവര്‍ത്തിക്കുകയാണ് കുഴല്‍നാടന്‍; മെന്റര്‍ ആരോപണത്തില്‍ വീണയുടെ വിശദീകരണം പങ്കുവെച്ച് എ എ റഹീം
X

തിരുവനന്തപുരം: അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മാത്യൂ കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി. തന്റെ മെന്ററാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഡയറക്ടര്‍മാരില്‍ ഒരാളായ ജെയിക്ക് ബാലകുമാറെന്ന് വീണാ വിജയന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് എ എ റഹീം പറഞ്ഞു. ജെയിക്കിനെക്കുറിച്ചുള്ള ചോദ്യത്തിന് വീണ ചാനല്‍ അഭിമുഖത്തില്‍ നല്‍കിയ വീഡിയോ സഹിതമായിരുന്നു എ എ റഹീമിന്റെ മറുപടി.

അച്ചടി ഭാഷയില്‍ ശുദ്ധ അസംബന്ധം പറയാന്‍ മികവുള്ള ആളാണ് മാത്യു കുഴല്‍നാടന്‍. നേരത്തെ ഉന്നയിക്കപ്പെട്ടപ്പോള്‍ ആരും ഏറ്റെടുക്കാതിരിക്കുകയും മുനയൊടികയുകയും ചെയ്ത ആരോപണം വീണ്ടും ഉന്നയിക്കുകയാണ് അദ്ദേഹം. പറയാത്ത കാര്യം വീണ പറഞ്ഞു എന്ന് നിയമസഭയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിക്കാനുള്‌ല നീച ശ്രമമാണ് അദ്ദേഹം സഭയില്‍ നടത്തിയതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വീണയുടെ കൂടെ ജോലി ചെയ്യുന്ന വ്യക്തിയുടെ കസിന്‍ ബ്രദറാണ് ജെയിക്ക് ബാലകുമാര്‍. അദ്ദേഹം എക്‌സാലോജിക് സൊലൂഷന്‍സിന്റെ കണ്‍സള്‍ട്ടന്റാണെന്ന് വെബ്‌സൈറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അത് ഐടി രംഗത്ത് സാധാരണ ചെയ്യുന്ന കാര്യമാണ്. കൂടെ ജോലി ചെയ്യുന്ന വ്യക്തിയുമായുള്ള ബന്ധുത്വം കൊണ്ടുമാത്രം ചെയ്ത കാര്യമാണത്. പിഡബ്ലൂസിയുടെ 19,447 ഡയറക്ടര്‍മാരില്‍ ഒരാള്‍ മാത്രമാണ് ജെയിക്ക്. പിഡബ്ലൂസിയുടെ നയപരമായ എന്തെങ്കിലും തീരുമാനം കൈക്കൊള്ളാനുള്ള പദവിയോ അധികാരമോ ഒന്നും തന്നെ ജൈക്കിനില്ല.മാത്രവുമല്ല, കമ്പനിയുടെ ഇന്ത്യയിലെ പോയിട്ട് ഏഷ്യാ വന്‍കരയിലെ ഒരു പ്രോജക്റ്റും ജൈക് ഇതുവരെയും ഏറ്റെടുത്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

എ എ റഹീമിന്റെ വാക്കുകള്‍:

മാത്യു അങ്ങനെയൊക്കെയാണ്.

നല്ല അച്ചടി ഭാഷയില്‍ ശുദ്ധ അസംബന്ധം പറയാന്‍ നല്ല മികവുള്ള ആളാണ്. ഇത് മുന്‍പ് ഒരു ചര്‍ച്ചയിലും ഞാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തന്നെ സൂചിപ്പിച്ചിരുന്നു. ഇന്ന്, മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ വിചിത്രമായ ഒരാരോപണം ഉന്നയിക്കുന്നത് കേട്ടു. 'ജെയിക്ക് ബാലകുമാര്‍ എന്നു പറയുന്ന പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് ഡയറക്ടര്‍ അങ്ങയുടെ മകളുടെ മെന്ററെ പോലെയാണെന്ന് മകള്‍ പറഞ്ഞ കാര്യം അങ്ങേയ്ക്ക് നിഷേധിക്കാന്‍ കഴിയുമോ?'

മുഖ്യമന്ത്രി അതിന് മറുപടി പറഞ്ഞു: 'അത്തരത്തിലുള്ള ഒരു വ്യക്തിയെയും എന്റെ മകളുടെ മെന്ററായിട്ട് ആ മകള്‍ ഒരിക്കലും പറഞ്ഞിട്ടില്ല'

മാത്യു കുഴല്‍നാടന്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞത്, കഴിഞ്ഞ വര്‍ഷം വളരെ മോശമായി ഉന്നയിക്കപ്പെട്ട ഒരു ആരോപണത്തിനെ മറ്റൊരു ദുരരോപണമായി ഉന്നയിക്കാനുള്ള ശ്രമമാണ്. പച്ചക്കള്ളമാണ് മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചത്. കഴിഞ്ഞ തവണ ഇത് ഉന്നയിച്ചപ്പോള്‍ അതിന്റെ മുന അന്ന് തന്നെ ഓടിയുകയും മറ്റാരും ഏറ്റെടുക്കുകയും ചെയ്തില്ല. അതേ അസംബന്ധം, ഞാന്‍ ആദ്യം സൂചിപ്പിച്ച അച്ചടി ഭാഷയില്‍ ഇന്ന് ആവര്‍ത്തിക്കുകയാണ് കുഴല്‍ നാടന്‍ ചെയ്തത്.

തന്റെ മെന്റര്‍ ആണ് ജെയിക്ക് എന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ പറഞ്ഞു എന്നാണ് ഇന്ന് മാത്യു ഉന്നയിച്ചത്. ഒരിക്കല്‍ പോലും വീണ അങ്ങനെ പറഞ്ഞിട്ടില്ല. പറയാത്ത കാര്യങ്ങള്‍, 'മുഖ്യമന്ത്രിയുടെ മകള്‍ പറഞ്ഞു' എന്ന് കള്ളം പറഞ്ഞു നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനുള്ള നീച ശ്രമമാണ് അദ്ദേഹം ഇന്ന് സഭയില്‍ നടത്തിയത്. യഥാര്‍ത്ഥത്തില്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന്റെ കണ്‍സള്‍ട്ടന്റുമാരില്‍ ഒരാളായി പേര് കൊടുത്തത് ഈ ജെയിക്ക് ബാലാകുമാറിന്റേത് കൂടിയായിരുന്നു. വീണയുടെ കൂടെ ജോലി ചെയ്യുന്ന വ്യക്തിയുടെ കസിന്‍ ബ്രദറായ ജെയിക്ക് എക്‌സാലോജിക് സൊലൂഷന്‍സിന്റെ കണ്‍സള്‍ട്ടന്റായി വെബ്‌സൈറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അത് ഐടി രംഗത്ത് സാധാരണ എല്ലാവരും ചെയ്യുന്ന കാര്യവുമാണ്.

ഏഷ്യാനെറ്റ് ന്യൂസില്‍ കുടുംബസമേതമുള്ള ഒരു ഇന്റര്‍വ്യൂവില്‍ വീണ ഇതേക്കുറിച്ച് വ്യക്തമായി പ്രതികരിക്കുന്നുണ്ട്. ജെയിക്ക് ബാലകുമാര്‍ തന്റെ മെന്ററാണെന്ന് വീണ ഒരിക്കലും ഒരിടത്തും പറഞ്ഞിട്ടില്ല. എക്‌സലോജിക്കിന്റെ കണ്‍സല്‍റ്റന്റായി ജെയ്ക്കിന്റെ പേര് വെബ്‌സൈറ്റില്‍ കൊടുത്തുവെന്ന് മാത്രം. കൂടെ ജോലി ചെയ്യുന്ന വ്യക്തിയുമായുള്ള ബന്ധുത്വം കൊണ്ടുമാത്രം ചെയ്തകാര്യമാണ് അത്. പിന്നീട് വിവാദങ്ങള്‍ക്ക് ശേഷം ജൈക്ക് ആവശ്യപ്പെട്ടതനുസരിച്ച് പേര് നീക്കം ചെയ്തുവെന്നും വീണ ഏഷ്യാനെറ്റിനോട് പറയുന്നുണ്ട്. ലോകത്താകെ 742 ഇടങ്ങളിലായി മൊത്തം 157 രാജ്യങ്ങളില്‍ പിഡബ്ലൂസി പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ 19,447 ഡയറക്ടര്‍മാരില്‍ ഒരാള്‍ മാത്രമാണ് മാത്യു കുഴല്‍നാടന്‍ പറഞ്ഞ ജെയിക്ക് ബാലകുമാര്‍. പിഡബ്ലൂസിയുടെ നയപരമായ എന്തെങ്കിലും തീരുമാനം കൈക്കൊള്ളാനുള്ള പദവിയോ അധികാരമോ ഒന്നും തന്നെ ജെയിക്കിനില്ല. മാത്രവുമല്ല, കമ്പനിയുടെ ഇന്ത്യയിലെ പോയിട്ട് ഏഷ്യാ വന്‍കരയിലെ ഒരു പ്രോജക്റ്റും ജെയിക്ക് ഇതുവരെയും ഏറ്റെടുത്തില്ല. വീണ വഴി സ്വാധീനം ചെലുത്തിയിട്ടാണ് സ്വപ്‌നയ്ക്ക് ഐടി വകുപ്പില്‍ പിഡബ്ലൂസിയുമായി ബന്ധമുള്ള സ്ഥാപനത്തില്‍ കരാര്‍ ജോലി കിട്ടിയത് എന്നത് ഏതായാലും വല്ലാത്ത കണ്ടുപിടുത്തം തന്നെയാണ്. പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് മാത്യു കുഴല്‍നാടന്‍ ചെയ്യുന്നത്. സ്വപ്‌നയുടെ ജോലി വീണ ഇടപെട്ടുലഭിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം.

പക്ഷെ, അവിടെയും തിരക്കഥ പോരാ. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ സ്വപ്‌ന സുരേഷ് ഒരിക്കലും ഐടി വകുപ്പ് ജീവനക്കാരിയായിരുന്നില്ല. കേരള ഐടി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡിന്റെ സ്‌പേസ് പാര്‍ക് പ്രോജക്റ്റില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെയാണ് കണ്‍സള്‍ട്ടന്റായി നിയമിച്ചിരുന്നത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ സഹകരാര്‍ കൊടുത്ത കമ്പനിയാണ് വിഷന്‍ ടെക്. ഈ വിഷന്‍ ടെക്കിലെ കോണ്‍ട്രാക്ട് ജീവനക്കാരിയായിരുന്നു സ്വപ്‌ന. വിഷന്‍ ടെക്കിലെ സ്വപ്‌നയുടെ കരാര്‍ നിയമനത്തിന് പുറകില്‍ പിഡബ്ലൂസിയിലെ അനേകം ഡയറക്ടര്‍മാരില്‍ ഒരാളായ ജെയിക്ക് ബാലകുമാറിന്റെ സ്വാധീനമാണെന്നതൊക്കെ അസാധ്യമായ കോണ്‍സ്പിരസി തിയറിയാണെന്നേ പറയാന്‍ കഴിയൂ.

തുടക്കത്തില്‍ പറഞ്ഞപോലെ, മാത്യു പണ്ടേ തന്നെ മുനയൊടിഞ്ഞുപോയ അസംബന്ധങ്ങള്‍, കളവുകള്‍ നല്ല താളത്തില്‍ പറയാന്‍ ശ്രമിക്കുന്നു എന്ന് മാത്രം. ഇങ്ങനെ കല്ലെറിഞ്ഞാല്‍ തകര്‍ന്ന് പോകുന്നതാണ് മുഖ്യമന്ത്രിയെന്ന് കരുതരുത്. മകളും കുടുംബാംഗങ്ങളും വേട്ടയാടപ്പെടുമ്പോള്‍ ഭരണത്തലവന്‍ തളര്‍ന്നപോകുമെന്ന് കരുതരുത്.

എ എ റഹീം പങ്കുവെച്ച വീഡിയോയില്‍ വീണയുടെ വാക്കുകള്‍:

ജെയിക്ക് എന്ന് പറയുന്നത് എന്റെ കൊളീഗിന്റെ കസിന്‍ ബ്രദറാണ്. സ്റ്റാര്‍ട്ട് അപ്പ് തുടങ്ങുമ്പോള്‍ നമ്മള്‍ അഡൈ്വസറി ബോര്‍ഡില്‍ കുറച്ച് ആളുകളെ വെക്കും. ജെയിക്ക് എന്ന് പറയുന്ന ആള് ഒരു അമേരിക്കന്‍ സിറ്റിസണ്‍ ആണ്. പിഡബ്ലൂസി എന്ന് പറയുന്നത് എല്ലാ രാജ്യത്തുമുള്ള ഒരു വലിയൊരു കമ്പനിയാണ്. അതിലുള്ള അമേരിക്കയിലുള്ള ഒരു വിംഗിലാണ് ജെയിക്ക് വര്‍ക്ക് ചെയ്യുന്നത്. അയാള്‍ക്ക് ഇന്ത്യയുമായോ ഏഷ്യയുമായോ ഒരു ബന്ധവുമില്ല. നമ്മള്‍ അഡൈ്വസറായി അയാളെ വെച്ചപ്പോള്‍. പിഡബ്ലൂസിയുടെ ഒരു വിവാദം വന്നല്ലോ, ജെയിക്കും പിഡബ്ലൂസിയില്‍ വര്‍ക്ക് ചെയ്യുന്നു എന്ന് പറഞ്ഞിട്ട്, പിന്നെ അത് വെച്ചിട്ട്, ഇവര് തമ്മില്‍ എന്തെങ്കിലും ഉണ്ടാവും. അതാണ് അതിന്റെയൊരു സ്റ്റാര്‍ട്ടിംഗ് പോയിന്റ് എന്ന് പറയുന്നത്. അതൊന്നും ചെക്ക് ചെയ്യാനോ, അതിനെപ്പറ്റി അങ്ങനെത്തെ ചോദ്യങ്ങള്‍ ചോദിക്കാനോ ആരും തയ്യാറായിരുന്നില്ല.

STORY HIGHLIGHTS: DYFI All India President replies to allegation raised by Mathew Kuzhalnadan MLA against daughter of Pinarayi Vijayan

Next Story