ചങ്ങനാശേരി 'ദൃശ്യം മോഡല്‍' കൊല: സംശയങ്ങള്‍ ഉന്നയിച്ച് ബിന്ദുമോന്റെ കുടുംബം
ബിന്ദുമോന്റെ സഹോദരന് ഷണ്മുഖനാണ് സംശയം ഉന്നയിച്ച് രംഗത്തെത്തിയത്
1 Oct 2022 11:21 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആലപ്പുഴ: ചങ്ങനാശേരിയില്‍ നടന്ന 'ദൃശ്യം മോഡല്‍' കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി മരണപ്പെട്ട ബിന്ദുമോന്റെ കുടുംബം. ബിന്ദുമോന്റെ സഹോദരന് ഷണ്മുഖനാണ് സംശയം ഉന്നയിച്ച് രംഗത്തെത്തിയത്.കൊലപാതകത്തില്‍ ചില സംശയങ്ങളുണ്ടെന്നും ഇക്കാര്യങ്ങള്‍ പൊലീസിനെ അറിയിക്കുമെന്നും ഷണ്മുഖന് പറഞ്ഞു.
അന്വേഷണത്തില്‍ വീടുടമയായ മുത്തുകുമാറിനെ കണ്ടെത്താനായില്ലെങ്കിലും ഇയാളുടെ വീട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്ന് കണ്ടെത്തി. ഗൃഹനാഥനായ മുത്തുകുമാറും മക്കളും കഴിഞ്ഞ മൂന്ന് ദിവസമായി വീട്ടിലില്ലെന്ന് സമീപ വാസികള്‍ പറഞ്ഞു. മുത്തു കുമാറിന്റെ ഭാര്യ ഗള്‍ഫിലാണെന്നും മറ്റ് വിവരങ്ങള്‍ അറിയില്ലെന്നും സമീപവാസികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊല്ലപ്പെട്ടത് ദിവസങ്ങള്‍ക്കു മുമ്പ് ആലപ്പുഴയില്‍ നിന്നും കാണാതായ ബിന്ദുമോനാണെന്നാണ് പൊലീസിന്റെ നിഗമനം. ബിന്ദുമോന്റെ ബന്ധുകളും മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. എസി റോഡിലെ രണ്ടാം പാലത്തിന് സമീപമുളള വീട്ടില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. സഹോദരി ഭര്‍ത്താവ് ബിന്ദുമോനെ കൊലപ്പെടുത്തി മൃതദേഹം വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.
ബിന്ദുമോനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിന്ദുമോന്റെ ബൈക്ക് വാകത്താനത്തിന് അടുത്തുളള തോട്ടില്‍ നിന്നും ലഭിച്ചിരുന്നു. ബൈക്ക് അപകടത്തില്‍പ്പെട്ടതായിരിക്കാമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ സമീപ പ്രദേശങ്ങളിലുളള യുവാവിന്റെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികളിലെ വൈരുദ്ധ്യമാണ് ബിന്ദുമോന്റെ കൊലപാതകമാണെന്ന് സംശയം ബലപ്പെടുത്തിയത്.
വിശദമായ അന്വേഷണത്തില്‍ സഹോദരി ഭര്‍ത്താവ് ബിന്ദുമോനെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഇത് സ്ഥിരീകരിക്കാനായി ഡിവൈഎസ്പിയുടേയും തഹസില്‍ദാരുടേയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തിയാണ് പരിശോധന നടത്തിയത്. 26-ാം തീയതി രാവിലെയാണ് ബിന്ദുമോന് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. എങ്ങോട്ടാണ് പോകുന്നതെന്ന് പറഞ്ഞിരുന്നില്ലെന്നും തിരികെ വരാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു
STORY HIGHLIGHTS: Drisham Model crime Bindumon's Family Raises Suspicions
- TAGS:
- Changanassery
- Police
- Crime