വെള്ളത്തില്‍ സിമന്റിട്ട് കാനപണി; മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സസ്പെന്ഷന്
23 Oct 2021 3:28 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എറണാകുളം: ഫോര്‍ട്ടുകൊച്ചി മാന്ത്രയില്‍ പ്രധാന റോഡിലെ കാന നിര്‍മ്മാണത്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ പ്രവൃത്തി മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് നടപടി. അസിസ്റ്റന്റ്റ് എഞ്ചിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യുവാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പഴയ കാനയില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് സിമന്റും മെറ്റലും വാരിയിട്ടായിരുന്നു കാനയുടെ അടിഭാഗം പണിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദമായിരുന്നു. വെള്ളത്തില്‍ കിടക്കുന്ന സിമന്റില്‍ അന്യസംസ്ഥാന തൊഴിലാളിയായ പണിക്കാരന് കൈപ്പാണി വെച്ച് തേയ്ക്കുന്നതടക്കം ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഇതിന്റെ അടുത്ത ദിവസം തന്നെ കാനയുടെ സ്ലാബുകളും പുനസ്ഥാപിച്ചിരുന്നു.