Top

'മരണപ്പെട്ട മകളേക്കാൾ നല്ലത് വിവാഹമോചിതയായ മകൾ'; ഭർതൃവീട്ടിൽ പന്തുതട്ടാൻ ഇട്ടുകൊടുക്കരുത്, കുറിപ്പ്

ഇനി അഥവാ മകളായിട്ട് ആ ജീവിതത്തിൽ നിന്നും ഇറങ്ങി വന്നാൽ അവളെ തള്ളിപ്പറയുകയല്ല, മുറുക്കെത്തന്നെ ചേർത്ത്‌ പിടിക്കണം.

13 May 2022 10:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മരണപ്പെട്ട മകളേക്കാൾ നല്ലത് വിവാഹമോചിതയായ മകൾ; ഭർതൃവീട്ടിൽ പന്തുതട്ടാൻ ഇട്ടുകൊടുക്കരുത്, കുറിപ്പ്
X

കോഴിക്കോട്: പെൺമക്കൾക്ക് ഭർതൃവീട്ടിൽ ഒത്തുപോകാൻ പറ്റുന്നില്ലെങ്കിൽ ഇറങ്ങി പോരാനാണ് മാതാപിതാക്കൾ പറയേണ്ടതെന്ന് ഡോക്ടർ ഷിംന അസീസ്. ഭർതൃവീട്ടിൽ പന്തുതട്ടാൻ പെൺമക്കളെ ഇട്ടുകൊടുക്കരുത്. പെൺമക്കൾ ആത്മഹത്യ ചെയ്താൽ അമ്മമാർ സ്ഥിരമായി പറയുന്നതാണ് എന്റെ മകൾ ആത്മഹത്യ ചെയ്യില്ല, അവൻ കൊന്നതാണേ തുടങ്ങിയ വിലാപങ്ങളെന്നും ഡോ. ഷിംന അസീസ് ഫേസ്ബുക്കിൽ കുറിച്ചു. നടിയും മോഡലുമായ ഷഹനയുടെ മരണത്തെ സൂചിപ്പിച്ചുകൊണ്ടാണ് ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം,

ഇന്നും കണ്ടു ഒരു പെൺകുട്ടിയുടെ മരണത്തെ തുടർന്ന്‌ 'എന്റെ മോൾ ആത്മഹത്യ ചെയ്യില്ല... അവൻ കൊന്നതാണേ....' വിലാപം. പതിവ് പോലെ മരിച്ച കുട്ടിയെ ഭർത്താവ് ഉപദ്രവിക്കാറുണ്ട്‌, മകൾ പരാതി പറഞ്ഞിട്ടുണ്ട്‌ തുടങ്ങിയ അമ്മയുടെ ആരോപണങ്ങളും...

അറിയാൻ വയ്യാഞ്ഞിട്ട്‌ ചോദിക്യാണ്‌, പെൺമക്കൾക്ക്‌ ഒത്ത്‌ പോവാൻ കഴിയാത്ത ബന്ധമാണെന്ന്‌ പറഞ്ഞാൽ പിന്നെ 'ഇന്ന്‌ ശര്യാവും, മറ്റന്നാൾ നേരെയാവും' എന്ന്‌ പറഞ്ഞ്‌ ആ കുട്ടിയെ അവന്‌ അവന്റെ വീട്ടിൽ പന്തുതട്ടാൻ ഇട്ടു കൊടുക്കുന്നതെന്തിനാണ്‌..! ഇറങ്ങിപ്പോരാൻ പറഞ്ഞേക്കണം.

ഇനി അഥവാ മകളായിട്ട് ആ ജീവിതത്തിൽ നിന്നും ഇറങ്ങി വന്നാൽ അവളെ തള്ളിപ്പറയുകയല്ല, മുറുക്കെത്തന്നെ ചേർത്ത്‌ പിടിക്കണം. അപ്പോഴല്ലാതെ പിന്നെയെപ്പോഴാണ് നിങ്ങളവളുടെ കൂടെ നിൽക്കേണ്ടത്..! അഭിമാനവും ആകാശവും ഒന്നിച്ച്‌ ഇടിഞ്ഞ്‌ വീഴാനൊന്നും പോണില്ല. കൂടിപ്പോയാൽ അവനും അവന്റെയോ ഇനി നിങ്ങളുടേത് തന്നെയോ നാലും മൂന്നും ഏഴ്‌ ബന്ധുക്കളും നാട്ടുകാരും മകളെക്കുറിച്ച്‌ വല്ലതും പറഞ്ഞുണ്ടാക്കും. അത്‌ നുണയാണെന്ന്‌ നാല്‌ ദിവസം കഴിയുമ്പോൾ എല്ലാർക്കും തിരിഞ്ഞോളും. അത്ര തന്നെ.

മരണപ്പെട്ട മകളേക്കാൾ നല്ലത് വിവാഹമോചിതയായ മകൾ തന്നെയാണ് എന്ന് എന്നാണിനി ഈ സമൂഹത്തിന്റെ തലയിൽ കയറുന്നത്. എല്ലാം കൈയ്യീന്ന്‌ പോയിട്ട്‌ കുത്തിയിരുന്ന്‌ നെലോളിച്ചാൽ പോയവര്‌ തിരിച്ച്‌ വരില്ല.

മകളാണ്‌, അവസാനം ഒരു തുള്ളി വെള്ളം തരാനുള്ളവളാണ്‌, കയറിലും വിഷത്തിലും പുഴയിലും പാളത്തിലുമൊടുങ്ങുന്നത്‌... അല്ല, നിങ്ങളും നിങ്ങൾ ഭയക്കുന്ന ഈ ഒലക്കമ്മലെ സമൂഹവും ചേർത്തൊടുക്കുന്നത്‌.

കഥാപാത്രങ്ങളേ മാറുന്നുള്ളൂ... കഥയെന്നുമത്‌ തന്നെ !

വ്യാഴാഴ്ച രാത്രിയാണ് നടിയും മോഡലുമായ കാസര്‍ഗോഡ് സ്വദേശിനിയായ ഷഹനയെ കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ നാല് മാസമായി ഇവര്‍ പറമ്പില്‍ ബസാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഷഹനയുടെ ഭർത്താവായ സജാദിന്റെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ ഇവരുടെ വീട്ടില്‍ എത്തിയത്. സജാദിന്റെ മടിയില്‍ ഷഹന അവശയായി കിടക്കുന്നതാണ് തങ്ങള്‍ കണ്ടതെന്ന് അയല്‍വാസികള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഷഹനയെ സജാദ് കൊലപ്പെടുത്തിയതാണെന്നാണ് മാതാപിതാക്കളുടെ ആരോപണം.

ഷഹനയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ: ''പണത്തിന് വേണ്ടി എന്റെ മോളെ കൊന്നതാണ്. മദ്യലഹരിയില്‍ സജാദ് മര്‍ദ്ദിക്കുന്ന വിവരങ്ങള്‍ കരഞ്ഞ് കൊണ്ട് മോള്‍ പറയുമായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യവും മകള്‍ പറഞ്ഞിരുന്നു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്ന മര്‍ദ്ദനവും പീഡനവും. അടുത്തിടെ പരസ്യത്തിലഭിനയച്ച് പ്രതിഫലമായി ചെക്ക് ആവശ്യപ്പെട്ടും മര്‍ദ്ദിച്ചിരുന്നു. മകളെ സജാദ് കൊന്നത് തന്നെയാണ്. ഉറപ്പാണ്. ഇനിയൊരു പെണ്‍കുട്ടിക്കും ഈ അവസ്ഥയുണ്ടാകരുത്. നീതി ലഭിക്കണം. അവനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. മര്‍ദ്ദിക്കുന്ന കാര്യത്തില്‍ മകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അത് സജാദിന്റെ സുഹൃത്തുക്കള്‍ ഇടപെട്ട് തടയുകയായിരുന്നു. മരണത്തെ പേടിയാണ് മകള്‍ക്ക്. ഒരിക്കലും സ്വയം മരിക്കില്ല. ഉയരങ്ങളിലേക്ക് പോകണമെന്നാണ് അവര്‍ പറഞ്ഞത്. അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല.'' മാതാവ് പറഞ്ഞു.

STORY HIGHLIGHTS: Dr. shimna azeez says 'Divorced daughter better than dead daughter' on the base of actress Shahana death case


Next Story