Top

'ഇങ്ങനെ പ്രതികരിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടോ?' ഹരിശങ്കറിനെതിരെ അഭിഭാഷകന്‍

''എന്നാല്‍ പിന്നെ, പോലീസ് വിചാരണ നടത്തി വിധി പ്രഖ്യാപിച്ചാല്‍ പോരെ''

14 Jan 2022 10:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇങ്ങനെ പ്രതികരിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടോ? ഹരിശങ്കറിനെതിരെ അഭിഭാഷകന്‍
X

ഫ്രാങ്കോ കേസിലെ വിധിപ്പകര്‍പ്പ് പോലും വായിക്കുന്നതിന് മുന്‍പ് കോടതി വിധിയെ ഇകഴ്ത്തി സംസാരിച്ച മുന്‍ എസ്പി ഹരിശങ്കര്‍ കോടതി അലക്ഷ്യ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യപ്പെടാന്‍ യോഗ്യനാണെന്ന് അഭിഭാഷകന്‍ എംആര്‍ അഭിലാഷ്. വിധിന്യായത്തിന്റെ പകര്‍പ്പ് കിട്ടിയിട്ടില്ലെന്ന് സമ്മതിച്ചു കൊണ്ടാണ് ഹരിശങ്കര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അഭിലാഷ് പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ ജുഡീഷ്യറി ഇടപെടണമെന്നും അഭിലാഷ് ആവശ്യപ്പെട്ടു.

എംആര്‍ അഭിലാഷ് പറഞ്ഞത്: ''ഹരിശങ്കറിന് കോടതിയലക്ഷ്യം എന്താണ് എന്നറിയുമോ? വിധിപ്പകര്‍പ്പ് പോലും വായിക്കാന്‍ കഴിയുന്നതിനു മുന്‍പ് കോടതി വിധിയെ ഇകഴ്ത്തി സംസാരിച്ച മുന്‍ എസ് പി ഹരിശങ്കര്‍ കോടതി അലക്ഷ്യ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യപ്പെടാന്‍ യോഗ്യനാണ്. അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച അയാള്‍ക്ക് ഔദ്യോഗികമായി ഇപ്പോള്‍ ഇങ്ങനെ പ്രതികരിക്കുവാന്‍ നിയമം അനുവദിക്കുന്നുണ്ടോ? വിധിന്യായത്തിന്റെ പകര്‍പ്പ് കിട്ടിയിട്ടില്ല എന്ന് സമ്മതിച്ചു കൊണ്ട് തന്നെയാണ് ഇയാള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.''

''എങ്ങിനെയാണ് കോടതിയുടെ വിധിന്യായം സത്യസന്ധമായ മൊഴിനല്കിയവര്‍ക്കുള്ള തിരിച്ചടിയെന്ന് ആരോപിക്കുവാന്‍ ഒരു പബ്ലിക് സെര്‍വന്റിന് കഴിയുന്നത്? മൊഴികളുടെ സത്യസന്ധതയും തെളിവ് മൂല്യവും പോലീസുദ്യോഗസ്ഥര്‍ തീരുമാനിച്ചാല്‍ കോടതികള്‍ ആവശ്യമില്ലല്ലോ. കോടതിയുടെ ഉത്തരവിനെ പൊതുവിടങ്ങളില്‍ അക്രമിക്കാന്‍ കേരളാ പോലീസിന്റെ ചട്ടങ്ങള്‍ അനുവദിക്കുന്നുണ്ടോ? ഇയാള്‍ എന്ത് സന്ദേശമാണ് പോലീസുകാര്‍ക്ക് നല്‍കുന്നത്? നാളെ മജിസ്ട്രേട്ട് കോടതിയുടെ മുതല്‍ ഉത്തരവുകള്‍ സബ് ഇന്‍സ്പെക്ടര്‍ മുതല്‍ ഉള്ളവര്‍ സര്‍ക്കാര്‍ അപ്പീല്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിധി വായിച്ചു നോക്കുന്നതിനു മുന്‍പ് പൊതുവിടങ്ങളില്‍ അക്രമിച്ചാല്‍, അത് സാധൂകരിക്കപ്പെടില്ലേ? എന്നാല്‍ പിന്നെ, പോലീസ് വിചാരണ നടത്തി വിധി പ്രഖ്യാപിച്ചാല്‍ പോരെ. സര്‍ക്കാരിന് ഇത്തരം ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ജുഡീഷ്യറി എങ്കിലും ഇടപെടണം.''

''അജീവനാന്തം നിശബ്ദത പാലിക്കണമെന്നാണോ കോടതി വിധി നല്‍കുന്ന സന്ദേശം''

ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട കോടതി വിധി അംഗീകരിക്കാനാവില്ലെന്നാണ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഹരിശങ്കര്‍ പറഞ്ഞത്. ബലാത്സംഗത്തിനിരയായ ആളുടെ മാനസികാവസ്ഥ പരിഗണിക്കാതെ വന്ന വിധിയാണിത്. ബിഷപ്പിന് ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ കേസ് ഇന്ത്യന്‍ നിയമ ചരിത്രത്തില്‍ തന്നെ അത്ഭുതമായിരിക്കും. ചൂഷണം അനുഭവിച്ചവര്‍ അജീവനാന്തം നിശബ്ദത പാലിക്കണമെന്നാണോ കോടതി വിധി നല്‍കുന്ന സന്ദേശമെന്നും മുന്‍ കോട്ടയം എസ്പിയായിരുന്നു ഹരിശങ്കര്‍ ചോദിച്ചു. വളരെ അസാധാരണമായ വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.

''ഒരുപാട് സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉള്ള ഒരു കേസാണിത്. നിരവധി സാക്ഷിമൊഴികളും, തെളിവുകളുമുണ്ടായിരുന്നു. കന്യാസ്ത്രീയുടെ നിലനില്‍പ്പ് തന്നെ പീഡിപ്പിച്ചയാളെ ആശ്രയിച്ചാണിരുന്നത്. കന്യാസ്ത്രീ മരിക്കണോ ജീവിക്കണോ എന്ന് തീരുമാനിക്കുന്ന ആളാണ് പ്രതി ഭാഗത്തു വരുന്നത്. രണ്ട് വര്‍ഷത്തെ മാനസിക സമ്മര്‍ദ്ധത്തിനൊടുവിലാണ് കന്യാസ്ത്രീ പീഡനവിവരം വെളിപ്പെടുത്തുന്നത്. ശിക്ഷ വിധിക്കുന്നതിന് ഇരയുടെ മൊഴിയും പരിഗണിക്കാം എന്ന സുപ്രീം കോടതി വിധി നിലനില്‍കുമ്പോള്‍ വന്ന ഈ വിധിയില്‍ ഞെട്ടലുണ്ടാക്കി.''

''നൂറുക്കണക്കിന് നിശ്ശബ്ദര്‍ ഇനിയുമുണ്ടാവില്ലേ, വൃദ്ധ സദനങ്ങളിലും, മാനസികാരോഗ്യ കേന്ദ്രം, ചില്‍ഡ്രന്‍സ് ഹോം തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരത്തില്‍ ചൂഷണങ്ങള്‍ അനുഭവിക്കുന്നവരുണ്ടാകാം. ചൂഷണങ്ങള്‍ പുറത്തുപറയാന്‍ കഴിയാതെ വരുന്നവര്‍ക്ക് ഈ വിധി എന്ത് സന്ദേശമാണ് നല്‍കുന്നത്. ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത വിധിയാണിത് തീര്‍ച്ചയായും അപ്പീല്‍ പോകും. വിധി പകര്‍പ്പ് കിട്ടിയാല്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥനുമായും പ്രോസിക്യൂട്ടറുമായും ചര്‍ച്ച ചെയ്ത് അപ്പീല്‍ നടപടികളിലേക്ക് കടക്കും.''-ഹരിശങ്കര്‍ പറഞ്ഞു.

Next Story

Popular Stories