സാമ്പത്തിക ഇടപാടുകളില്‍ തര്‍ക്കം; മാരകായുധങ്ങളുമായി നടുറോഡില്‍ ഏറ്റുമുട്ടി ഗുണ്ടാസംഘാംഗങ്ങള്‍, പിടിയില്‍
10 July 2022 5:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പത്തനംതിട്ട: മാരകായുധങ്ങളുമായി നടുറോഡില്‍ ഏറ്റുമുട്ടിയ ഗുണ്ടാ സംഘങ്ങളിലെ അഞ്ച് പേര്‍ പിടിയില്‍. തിരുവല്ല- അമ്പലപ്പുഴ സംസ്ഥാനപാതയിലാണ് പ്രതികള്‍ ഏറ്റുമുട്ടിയത്. ഗുണ്ടാസംഘാംഗങ്ങളായ ചാത്തങ്കിരി മണലില്‍ തെക്കേതില്‍ വീട്ടില്‍ വികാസ് ബാബു, ചാത്തങ്കിരി മുണ്ടകത്തില്‍ എം ആര്‍ രാജീവ്, പെരിങ്ങര വാലുപറമ്പില്‍ വീട്ടില്‍ സുമിത്, പൊടിയാടി കല്ലുങ്കല്‍ മുണ്ടു ചിറയില്‍ വീട്ടില് ഗോകുല്‍ ഗോപന്‍, മണിപ്പുഴ പൂത്തറയില്‍ വീട്ടില്‍ അനന്ദു എന്നിവരെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് മാരകായുധങ്ങളുമായി യുവാക്കള്‍ ഏറ്റുമുട്ടിയത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. സംഭവമറിഞ്ഞെത്തിയ പൊലീസ് സംഘം സംഭവസ്ഥലത്തു നിന്ന് സുമിത്,ഗോകുല്‍, അനന്തു എന്നിവരെ പിടികൂടി. പൊലീസിനെ കണ്ടതോടെ രക്ഷപ്പെട്ട വികാസ് ബാബുവിനെയും രാജീവിനെയും ഇന്ന് രാവിലെയാണ് പിടികൂടിയത്.
പിടിയലായ പ്രതികളില്‍ അനന്തു, വികാസ് എന്നിവരുടെ പേരില്‍ പുളിക്കീഴ് സ്റ്റേഷനില്‍ ക്രിമിനില്‍, കഞ്ചാവ് കേസുകള്‍ ഉണ്ട്. പ്രതികളുടെ കഞ്ചാവ് മാഫിയ ബന്ധം അന്വേഷിക്കുമെന്ന് എസ്‌ഐ കവിരാജ് പറഞ്ഞു. അഡീഷണല്‍ എസ്‌ഐ സാജു പി വര്‍ഗീസ്, സി പി ഒമാരായ അഖിലേഷ്, പ്യാരിലാല്‍, അനില്‍ എന്നിവരടുങ്ങന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
STORY HIGHLIGHT: dispute over financial transactions; Gangsters clashed with deadly weapons in the middle of the road, arrested
- TAGS:
- Gangsters
- Police
- Thiruvalla