Top

പൊന്നാനിയിലെ അച്ചടക്ക നടപടിയില്‍ സിപിഐഎമ്മില്‍ വിഭാഗീയത; ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് ഒരുവിഭാഗം പ്രവർത്തകരുടെ പ്രതിഷേധം

ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദീഖിനെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയതുൾപ്പടെ പത്തു പേർക്കെതിരെയാണ് പൊന്നാനിയിൽ സിപിഐഎം നടപടി സ്വീകരിച്ചത്.

9 Oct 2021 12:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊന്നാനിയിലെ അച്ചടക്ക നടപടിയില്‍ സിപിഐഎമ്മില്‍ വിഭാഗീയത; ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് ഒരുവിഭാഗം പ്രവർത്തകരുടെ പ്രതിഷേധം
X

പൊന്നാനിയിലെ ടി എം സിദ്ദിഖ് ഉൾപ്പെടെയുള്ളവർക്കെതിരായ അച്ചടക്ക നടപടിയില്‍ സിപിഐഎമ്മില്‍ വിഭാഗീയത രൂക്ഷമാകുന്നു. നടപടിയിൽ വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ട് ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദീഖിനെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയതുൾപ്പടെ പത്തു പേർക്കെതിരെയാണ് പൊന്നാനിയിൽ സിപിഐഎം നടപടി സ്വീകരിച്ചത്. സ്ഥാനാർത്ഥി നിർണയത്തെ തുടർന്നുണ്ടായ പരസ്യ പ്രതിഷേധത്തിന്റെ പേരിലായിരുന്നു സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ കമ്മറ്റി നടപടി സ്വീകരിച്ചത്. എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച സാഹചര്യത്തിൽ അച്ചടക്ക നടപടി അംഗീകരിക്കാനാവില്ല എന്നാണ് പ്രവർത്തകരുടെ വാദം.

പൊന്നാനി ഏരിയ സമ്മേളനത്തിന്റെ സംഘാടക സമിതിയോഗത്തിൽ നിന്ന് ഒരു വിഭാഗം നേതാക്കൾ വിട്ടുനിന്നത്തിനു പിന്നാലെയാണ് പരസ്യ പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തെത്തിയത്. അച്ചടക്ക നടപടി സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്നതിനു മുമ്പ് നടപടി ജില്ലാ നേതൃത്വം പുനപരിശോധിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു.

നിയമാസഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ പി നന്ദകുമാറിനെ സ്ഥാനാർത്ഥിയാക്കിയതിനെ തുടർന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധം സംഘടിപ്പിച്ചത്. ടി.എം സിദ്ദിഖിന്റെ നേതൃത്വത്തിലായിരുന്നു പരസ്യമായി പ്രവര്‍ത്തകര്‍ രംഗത്തുവന്നത്.

Next Story