Top

അരുണ്‍ ഗോപിയെയും വിളിച്ചുവരുത്തി; ദിലീപിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു

ഓഡിയോ ക്ലിപ്പിലുള്ളവരെ തിരിച്ചറിയാന്‍ വേണ്ടിയാണ് അരുണ്‍ ഗോപിയെ വിളിച്ചുവരുത്തിയത്

24 Jan 2022 10:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അരുണ്‍ ഗോപിയെയും വിളിച്ചുവരുത്തി; ദിലീപിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു
X

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിനെ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇതിനിടെ സംവിധായകന്‍ അരുണ്‍ ഗോപിയെയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി. ദിലീപിനെ ചോദ്യം ചെയ്യുന്ന കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് അരുണ്‍ ഗോപിയെ വിളിപ്പിച്ചത്. ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിലുള്ളവരെ തിരിച്ചറിയാന്‍ വേണ്ടിയാണ് അരുണ്‍ ഗോപിയെ വിളിച്ചുവരുത്തിയത്.

നേരത്തെ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ റാഫിയെയും ദിലീപിന്റെ ഉടമസ്ഥയിലുള്ള നിര്‍മ്മാണ കമ്പനി ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ മാനേജറെയും അന്വേഷണ സംഘം വിളിച്ചുവരുത്തിയിരുന്നു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ തുടന്വേഷണ സാധ്യത മങ്ങിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്‍ പറഞ്ഞു. വധഗൂഢാലോചനക്കേസും നടിയെ ആക്രമിച്ചതും വ്യത്യസ്ത കേസുകള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ നടി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിനായി ആലുവ മജിസ്‌ട്രേറ്റ് കോടതിയിലെത്തി. നേരത്തെ സുനിയെ ജയിലിലെത്തി അമ്മ സന്ദര്‍ശിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമിച്ചുവെന്ന ആരോപണം ശരിവെക്കുന്ന തരത്തിലുള്ള തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ പണമിടപാടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ തെളിവുകള്‍ നല്‍കുന്നത് എന്നാണ് വിവരം. സാക്ഷികളെ സ്വാധീനിക്കാന്‍ സുരാജ് വഴി പണം നല്‍കിയതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

''ദൃശ്യങ്ങള്‍ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവന്''

നടി ആക്രമണ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. നടിയെ പള്‍സര്‍ സുനിയും ഗുണ്ടാ സംഘവും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണെന്ന് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ അന്വേഷണ സംഘത്തോടും കോടതിക്ക് നല്കിയ മൊഴിയിലും പറഞ്ഞിട്ടുണ്ടെന്ന് ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കി.

ബാലചന്ദ്രകുമാര്‍ പറഞ്ഞത്: ''ദിലീപിന്റെ വീട്ടില്‍ ചര്‍ച്ച നടന്നു കൊണ്ടിരിക്കുമ്പോള്‍ ഒരു നടി വിവാഹം ക്ഷണിക്കാന്‍ അവിടെ വന്നിരുന്നു. ഇതിനിടയിലാണ് ശരത് കാറില്‍ ചെന്ന് ടാബ് എടുത്ത് കൊണ്ടുവന്നത്. എന്നിട്ട് എല്ലാവരും കൂടിയിരുന്ന് ടാബില്‍ ദൃശ്യങ്ങള്‍ കണ്ടു. ഇതിനിടയില്‍ ചിലര്‍ പല അഭിപ്രായങ്ങളും പറയുന്നുണ്ട്. 15 മിനിറ്റോളം അവര്‍ ദൃശ്യങ്ങള്‍ കണ്ടു. എട്ടു ക്ലിപ്പുകളുണ്ടെന്നാണ് അവരുടെ സംസാരത്തില്‍ നിന്ന് മനസിലായത്. ശേഷം ടാബ് കാവ്യയുടെ കൈയില്‍ കൊടുത്ത് സൂക്ഷിച്ച് വയ്ക്കണമെന്ന അര്‍ത്ഥത്തില്‍ വീടിനുള്ളിലേക്ക് കൊടുത്തു വിടുകയായിരുന്നു. ദൃശ്യം കാണുമ്പോള്‍ കാവ്യ അവിടെ ഉണ്ടായിരുന്നില്ല. സംസാരത്തിനിടയില്‍ കാവ്യ വന്നു പോയി കൊണ്ടിരുന്നു. ടാബിനുള്ളില്‍ എന്താണുള്ളതെന്ന് കാവ്യയ്ക്ക് അറിയുമായിരുന്നോയെന്ന് എനിക്ക് അറിയില്ല. ശബ്ദം കൂട്ടിയാണ് അവര്‍ ദൃശ്യങ്ങള്‍ പ്ലേ ചെയ്തിരുന്നത്. 10 ഇഞ്ച് ടാബായിരുന്നു കൈവശമുണ്ടായിരുന്നത്. കൈയില്‍ പിടിച്ചാണ് അവര്‍ ദൃശ്യങ്ങള്‍ കണ്ടത്. സൈഡിലൊക്കെ നിന്ന എല്ലാവര്‍ക്കും കാണുന്ന രീതിയിലാണ് ടാബ് പിടിച്ചിരുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ ഇപ്പോള്‍ നടത്താന്‍ സാധിക്കില്ല. പൊലീസിനും കോടതി മുമ്പാകെ നല്‍കിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.''

കേസില്‍ ഒരു മാഡത്തിന് പങ്കുള്ളതായി സംശയമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. അത് ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കുമെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ''മാഡമെന്ന പേര് പള്‍സര്‍ സുനിയാണ് ആദ്യം ഉന്നയിച്ചത്. ഒരു പെണ്ണിന് വേണ്ടിയാണ് ഇത് സംഭവിച്ചതെന്ന് ദിലീപ് പറയുമ്പോള്‍ മാഡമുണ്ടെന്ന് ഞാനും വിശ്വസിച്ചു. അത് ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കുമെന്നാണ് മനസിലാക്കുന്നത്. ദിലീപിന് ഏറ്റവും അടുപ്പമുള്ള ഒരു സ്ത്രീയായിരിക്കണം. അവര്‍ ജയിലില്‍ പോവരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ട്.''ബാലചന്ദ്രകുമാര്‍ പറഞ്ഞു

Next Story

Popular Stories