'ദിലീപ് പീഡന ക്വട്ടേഷന്‍ പ്രതി, മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹനല്ല'; ഹൈക്കോടതിയില്‍ വാദം തുടരുന്നു
വധശ്രമ ഗൂഢാലോചന പുറത്തു വരാന്‍ സമയമെടുക്കുക സ്വാഭാവികം
4 Feb 2022 9:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളായ ദിലീപിന്റെയും സംഘത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നു. ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയിരിക്കുന്നത്.
പ്രതികള്‍ക്കു സംരക്ഷണ ഉത്തരവു നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപെടുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. ഈ പ്രതികള്‍ക്ക് മാത്രം എന്താണ് ഇത്രയും പ്രത്യേകത. ഉന്നതരായ ഇവര്‍ക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണം അട്ടിമറിക്കും. കേസിന്റെ അന്വേഷണവുമായി പ്രതികള്‍ നിസഹകരിക്കുകയാണ്.
ബാലചന്ദ്രകുമാറിന്റെ ആരോപണം വന്നയുടന്‍ പ്രതികള്‍ ഫോണുകള്‍ മാറ്റി. മാത്രമല്ല, കോടതിയില്‍ ഹാജരാക്കിയ ഫോണിന്റെ അണ്‍ ലോക്ക് പാറ്റേണ്‍ മാറ്റാന്‍ പോലും പ്രതികള്‍ സമ്മതിക്കുന്നില്ല. ഇത് തന്നെ ഗൂഢാലോചനയുടെ വ്യക്തമായ തെളിവാണെന്നും ചെറിയ വൈരുദ്ധ്യങ്ങള്‍ മുന്‍നിര്‍ത്തി ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.
സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് ദിലീപ്. ഇതിന് വേണ്ടി ബുദ്ധിപൂര്‍വ്വം ഗൂഢാലോചന നടത്തിയ വ്യക്തിയാണ് പ്രതി. അതിനാല്‍ അസാധാരണമായ കേസാണിതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രതികളുടെ മുന്‍കാല പശ്ചാത്തലം പരിശോധിക്കണമെന്നും ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
വധശ്രമ ഗൂഢാലോചന പുറത്തു വരാന്‍ സമയമെടുക്കുക സ്വാഭാവികമാണ്. ബൈജു പൗലോസും ബാലചന്ദ്രകുമാറും തമ്മില്‍ ഒരു ബന്ധവുമില്ല. ക്രൈംബ്രാഞ്ചും ബാലചന്ദ്രകുമാറും തമ്മില്‍ ഗൂഢാലോചന നടത്തി എന്ന വാദം വസ്തുതാവിരുദ്ധമാണ്. ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ തെളിവു ലഭിച്ചതനുസരിച്ചാണ് ബൈജു പൗലോസ് പരാതിയുമായി മുന്നോട്ടു വന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പണി കൊടുക്കണമെന്ന് ദിലീപും പ്രതികളും തീരുമാനം എടുത്തിരുന്നു. നല്ല പണി കൊടുക്കും എന്നു ദിലീപ് പറയുന്നത് എങ്ങനെ ശാപവാക്കാകുമെന്നും ഇതു തീരുമാനമെടുത്തതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
കേസില്‍ ദിലീപാണ് ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.