Top

അന്വേഷണ സംഘം എത്തിയപ്പോൾ ദിലീപ് വീട്ടിലില്ല, കാവ്യയും; റെയ്ഡ് നേരത്തെ അറിഞ്ഞോ?

ഗേറ്റിന് പുറത്ത് ഉദ്യോ​ഗസ്ഥർ ഏറെ നേരം കാത്തിരുന്നതായിട്ടാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. ​

13 Jan 2022 7:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അന്വേഷണ സംഘം എത്തിയപ്പോൾ ദിലീപ് വീട്ടിലില്ല, കാവ്യയും; റെയ്ഡ് നേരത്തെ അറിഞ്ഞോ?
X

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോ​ഗസ്ഥനെ അപായപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ ആലുവയിലെ വീട്ടിൽ നടന്ന റെയ്ഡ് പുരോ​ഗമിക്കുന്നു. അന്വേഷണ ഉ​ദ്യോ​ഗസ്ഥരെത്തുന്ന സമയത്ത് കേസിലെ പ്രതിയായ ദിലീപ് വസതിയിലുണ്ടായിരുന്നില്ല. ​ഗേറ്റിന് പുറത്ത് ഉദ്യോ​ഗസ്ഥർ ഏറെ നേരം കാത്തിരുന്നതായിട്ടാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. ​ഗേറ്റിന് വെളിയിൽ നിന്ന് ഉദ്യോ​ഗസ്ഥർ മതിൽ ചാടി അകത്ത് കടക്കാനും ശ്രമിച്ചതായിട്ടാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ സഹോദരി ഭർത്താവ്, സഹോദരന്‍ അനൂപ് എന്നിവരും വീട്ടിലില്ല. അഭിഭാഷകനായ ഫിലിപ്പ് ടി വർഗീസ് അല്‍പ്പം മുന്‍പ് വീട്ടിലെത്തിയിരുന്നു.

അന്വേഷണ ഉദ്യോ​ഗസ്ഥരെത്തുന്നത് ദിലീപിന് നേരത്തെ അറിയാമായിരുന്നുവെന്ന തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ദിലീപിന് ഉന്നതരായ ഉദ്യോ​ഗസ്ഥരുമായി ബന്ധമുണ്ടെന്ന് നേരത്തെ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ റെയ്ഡ് വിവരങ്ങൾ ചോർന്നോയെന്ന് സ്ഥിരീകരിക്കാനാവില്ല. കേസിൽ അറസ്റ്റ് താൽക്കാലികമായി കോടതി തട‌ഞ്ഞിട്ടുണ്ടെങ്കിലും കൂടുതൽ തെളിവുകൾ പുറത്തുവന്നാൽ കാര്യങ്ങൾ ദിലീപിന്റെ നില പരുങ്ങലിലാവും.

​ഗൂഢാലോചന സമയത്ത് ദിലീപിനൊപ്പമുണ്ടായിട്ടുണ്ടെന്ന് സൂചനയുള്ള ഭാര്യ കാവ്യാ മാധവനും ഇപ്പോൾ ആലുവയിലെ വസതിയിൽ ഇല്ല. കേസിൽ കാവ്യയുടെ മൊഴി അന്വേഷണ ഉദ്യോ​ഗസ്ഥർ രേഖപ്പെടുത്താനും സാധ്യതയുണ്ട്. പുതിയ സാഹചര്യത്തിൽ ദിലീപിനെതിരായ ഉയർന്നിരിക്കുന്ന വെളിപ്പെടുത്തൽ ​ഗൗരവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. അതിനാൽ ​ഗൂഢാലോചന സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യാനാവും തീരുമാനിക്കുക.

നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത്,. റിപ്പോർട്ടർ ടിവി പുറത്ത് വിട്ട ശബ്ദ രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടി. ദിലീപ്, അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനാവാത്ത വിഐപി, ദിലീപിന്റെ സഹോദരൻ അനൂപ്, ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെ ശബ്ദരേഖയാണ് കേസിനാധാരം. ഇതിനു പുറമെ ഇതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു.

'ഇവർ അനുഭവിക്കും, ഒന്നരക്കോടി കൂടി കണ്ടേക്കണേ'; പുതിയ കേസിന് കാരണമായ ദിലീപിന്റെ ശബ്ദരേഖശബ്ദ രേഖയിൽ പറയുന്നത്

ദിലീപ്: 'അഞ്ച് ഉദ്യോഗസ്ഥൻമാർ നിങ്ങൾ കണ്ടോ അനുഭവിക്കാൻ പോവുന്നത്

'വിഐപി: 'കോപ്പൻമാർ ഒക്കെ ഇറങ്ങിയാൽ അല്ലേ നമുക്ക് വൈരാഗ്യം കാണിക്കാൻ പറ്റത്തുള്ളൂ

'ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ്: 'ബൈജു പൗലോസിന്റെ സൈഡിൽ ട്രക്കോ ലോറിയോ കയറിയാൽ ഒരു ഒന്നരക്കോടി കൂടി നമ്മൾ കാണേണ്ടി വരും'. ( പൊട്ടിച്ചിരിക്കുന്നു)

ദിലീപിന്റെ സഹോദരൻ അനൂപും വിഐപിയും തമ്മിലുള്ള സംഭാഷണം: 'നമുക്ക് അറിയാം നിങ്ങളിത് ചെയ്തിട്ടുണ്ടെന്ന്. ഇനിയിപ്പോൾ ചെയ്തതിന്റെ ആണെങ്കിൽ തന്നെ 90 ദിവസം കിട്ടിയില്ലേ. ചെയ്തതിന്റെ അനുഭവിച്ചില്ലേ നിങ്ങൾ'.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരൻ. കേസിൽ ഒന്നാം പ്രതിയാണ് ദിലീപ്. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, ബന്ധു അപ്പു, ബൈജു ചെങ്ങമണ്ട്, ഇതുവരെ കണ്ടെത്താനാവാത്ത വിഐപി എന്നിവരാണ് മറ്റ് പ്രതികൾ. തന്റെ ദേഹത്ത് കൈ വെച്ച സുദർശൻ എന്ന പൊലീസുദ്യോഗസ്ഥന്റെ കൈ വെട്ടണം എന്ന് ദിലീപ് പറഞ്ഞതായി എഫ്‌ഐആറിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരായ ബൈജു പൗലോസ്, സുദർശൻ, സന്ധ്യ, സോജൻ എന്നിവർ അനുഭവിക്കാൻ പോവുകയാണെന്ന് ദിലീപ് പറഞ്ഞതായി എഫ്‌ഐആറിലുണ്ട്. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിൽ വെച്ചാണ് ഗൂഡാലോചന നടന്നത്.

Next Story

Popular Stories