Top

'അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചില്ല'; ഫ്രാങ്കോയെ വെറുതെ വിട്ടതില്‍ വനിതാ കമ്മീഷന്‍

''അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും പൊലീസും പ്രോസിക്യൂഷനും നല്ല ഇടപെടലാണ് നടത്തിയത്''

14 Jan 2022 12:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചില്ല; ഫ്രാങ്കോയെ വെറുതെ വിട്ടതില്‍ വനിതാ കമ്മീഷന്‍
X

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട കോടതി വിധി ആശങ്കപ്പെടുത്തുന്നുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. വിധി തികച്ചും അപ്രതീക്ഷിതമാണ്. അര്‍ഹിക്കുന്ന ശിക്ഷ നല്‍കാന്‍ കഴിയാതിരുന്നത് തികച്ചും പരിതാപകരമാണെന്നും വിധി പൂര്‍ണ്ണമായും പഠിച്ചതിന് ശേഷമേ വീഴ്ച്ചയുണ്ടോയെന്ന് പറയാനാവുകയുള്ളൂവെന്നും സതീദേവി കോഴിക്കോട്ട് പറഞ്ഞു.

സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ചരിത്രപരമായ കേസില്‍ അപ്രതീക്ഷിത വിധിയാണിത്. കേസിന്റെ തുടക്ക കാലയളവുകള്‍ തൊട്ട് അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും പൊലീസും പ്രോസിക്യൂഷനും നല്ല ഇടപെടലാണ് നടത്തിയത്. പക്ഷെ അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചില്ല. എങ്ങനെയാണ് കുറ്റവിമുക്തനാക്കപ്പെട്ടതെന്ന് വിധി പഠിച്ച ശേഷമേ പറയാനാകൂ. അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞിട്ടുണ്ട്. പീഡന കേസുകളില്‍ പരാതിപ്പെടുന്നവര്‍ക്ക് നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സതീദേവി പറഞ്ഞു.

ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട കോടതി വിധി അംഗീകരിക്കാനാവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഹരിശങ്കര്‍ പറഞ്ഞത്. ബലാത്സംഗത്തിനിരയായ ആളുടെ മാനസികാവസ്ഥ പരിഗണിക്കാതെ വന്ന വിധിയാണിത്. ബിഷപ്പിന് ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ കേസ് ഇന്ത്യന്‍ നിയമ ചരിത്രത്തില്‍ തന്നെ അത്ഭുതമായിരിക്കും. ചൂഷണം അനുഭവിച്ചവര്‍ അജീവനാന്തം നിശബ്ദത പാലിക്കണമെന്നാണോ കോടതി വിധി നല്‍കുന്ന സന്ദേശമെന്നും മുന്‍ കോട്ടയം എസ്പിയായിരുന്നു ഹരിശങ്കര്‍ ചോദിച്ചു. വളരെ അസാധാരണമായ വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.

''ഒരുപാട് സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉള്ള ഒരു കേസാണിത്. നിരവധി സാക്ഷിമൊഴികളും, തെളിവുകളുമുണ്ടായിരുന്നു. കന്യാസ്ത്രീയുടെ നിലനില്‍പ്പ് തന്നെ പീഡിപ്പിച്ചയാളെ ആശ്രയിച്ചാണിരുന്നത്. കന്യാസ്ത്രീ മരിക്കണോ ജീവിക്കണോ എന്ന് തീരുമാനിക്കുന്ന ആളാണ് പ്രതി ഭാഗത്തു വരുന്നത്. രണ്ട് വര്‍ഷത്തെ മാനസിക സമ്മര്‍ദ്ധത്തിനൊടുവിലാണ് കന്യാസ്ത്രീ പീഡനവിവരം വെളിപ്പെടുത്തുന്നത്. ശിക്ഷ വിധിക്കുന്നതിന് ഇരയുടെ മൊഴിയും പരിഗണിക്കാം എന്ന സുപ്രീം കോടതി വിധി നിലനില്‍കുമ്പോള്‍ വന്ന ഈ വിധിയില്‍ ഞെട്ടലുണ്ടാക്കി.''

''നൂറുക്കണക്കിന് നിശ്ശബ്ദര്‍ ഇനിയുമുണ്ടാവില്ലേ, വൃദ്ധ സദനങ്ങളിലും, മാനസികാരോഗ്യ കേന്ദ്രം, ചില്‍ഡ്രന്‍സ് ഹോം തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരത്തില്‍ ചൂഷണങ്ങള്‍ അനുഭവിക്കുന്നവരുണ്ടാകാം. ചൂഷണങ്ങള്‍ പുറത്തുപറയാന്‍ കഴിയാതെ വരുന്നവര്‍ക്ക് ഈ വിധി എന്ത് സന്ദേശമാണ് നല്‍കുന്നത്. ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത വിധിയാണിത് തീര്‍ച്ചയായും അപ്പീല്‍ പോകും. വിധി പകര്‍പ്പ് കിട്ടിയാല്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥനുമായും പ്രോസിക്യൂട്ടറുമായും ചര്‍ച്ച ചെയ്ത് അപ്പീല്‍ നടപടികളിലേക്ക് കടക്കും.''-ഹരിശങ്കര്‍ പറഞ്ഞു.

Next Story

Popular Stories