Top

ദേവികുളം തെരഞ്ഞെടുപ്പ് വീഴ്ച; എസ് രാജേന്ദ്രനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ

ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

29 Dec 2021 6:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദേവികുളം തെരഞ്ഞെടുപ്പ് വീഴ്ച; എസ് രാജേന്ദ്രനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ
X

ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കാന്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ. ദേവികുളം തെരഞ്ഞെടുപ്പില്‍ വീഴ്ച വരുത്തിയെന്ന് പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥ കാണിച്ചില്ല. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനിന്നു, വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയവയാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍. ബ്രാഞ്ച് തലം മുതല്‍ രാജേന്ദ്രനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു.

ദേവികുളം എംഎല്‍എ സ്ഥാനാര്‍ത്ഥിയായ അഡ്വ. എ രാജയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ പറഞ്ഞതായുളള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനായി യോഗങ്ങള്‍ നടത്തിയെന്നും ആരോപണമുണ്ടായിരുന്നു. ജാതീയമായ വേര്‍തിരിവുണ്ടാക്കി എ രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്നും പരാതികളുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിക്കുകയായിരുന്നു.

പല ഘടക ങ്ങളിൽനിന്ന് നേരിട്ട് തെളിവ് ശേഖരിച്ച ശേഷമാണ് കമീഷൻ ജില്ല കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് ചർച്ച ചെയ്താണ് രാജേന്ദ്രനെതിരെ ജില്ല കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് നടപടി ശുപാർശ ചെയ്തതെന്നാണ് വിവരം. പാർട്ടി ജില്ല സെക്രട്ടറി നൽകിയ കാരണം കാണിക്കൽ നോട്ടിസിന് മറുപടി നൽകാതിരുന്നതും രാജേന്ദ്രനെതിരായ നടപടിക്ക് വേഗം കൂട്ടി.

എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സമിതിയിലുണ്ടാകും. എസ് രാജേന്ദ്രന്റെ ഭാഗം മാത്രമാണ് കേള്‍ക്കാനുളളത്. രാജേന്ദ്രന്റെ വാദം കേട്ട ശേഷം നടപടി സ്വീകരിക്കും. രാജേന്ദ്രനൊപ്പം നാലു പേർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിക്കാൻ കാത്തിരിക്കുകയാണ് ജില്ല നേതൃത്വം. ജനുവരി മൂന്നിന് പാർട്ടി ജില്ല സമ്മേളനം തുടങ്ങും മുമ്പ് തന്നെ സസ്പെൻഷൻ തീരുമാനം വരുമെന്നാണ് സൂചന.

എസ് രാജേന്ദ്രനെ പുറത്താക്കണമെന്ന് എംഎം മണി എംഎല്‍എ നേരത്തെ പരസ്യ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് ജില്ലാ കമ്മിറ്റി നടപടിയെന്നും പാര്‍ട്ടിയുടെ എന്തു തീരുമാനവും അനുസരിക്കുമെന്നും രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

Next Story