Top

'വീട്ടുകാരോട് പറയാതെ എവിടേയും പോകരുത്'; നേരില്‍ കണ്ട് പരാതി പറയാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയോട് മുഖ്യമന്ത്രി

25 Sep 2022 11:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീട്ടുകാരോട് പറയാതെ എവിടേയും പോകരുത്; നേരില്‍ കണ്ട് പരാതി പറയാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയോട് മുഖ്യമന്ത്രി
X

തിരുവനന്തപുരം: കുറ്റ്യാടി കാക്കുനി സ്വദേശിയായ ദേവനന്ദൻ പത്ത് മണിക്കൂർ യാത്ര ചെയ്ത് തിരുവനന്തപുരത്ത് എത്തിയത് മുഖ്യമന്ത്രിയെ കാണുകയെന്ന ലക്ഷ്യവുമായാണ്. വീട്ടുകാരറിയാതെ ഒളിച്ചോടിയ പ്ലസ് വൺ വിദ്യാർത്ഥിയായ ദേവാനന്ദൻ നടത്തിയത് അക്ഷരാർത്ഥത്തിൽ സാഹസിക യാത്രയായിരുന്നു. ഒടുവിൽ ലക്ഷ്യം സാധിച്ച് വീട്ടുകാരോടൊപ്പമാണ് ദേവാനന്ദൻ മടങ്ങിയത്.

മുഖ്യമന്ത്രിയെ കണ്ട് പരാതി പറയാനായി ഇന്നലെ രാവിലെ വടകരയിൽ നിന്ന് ഏറനാട് എക്സ്പ്രസിൽ ദേവനന്ദൻ രാത്രി 9 മണിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. തമ്പാനൂരിൽ നിന്ന് ഓട്ടോയിൽ ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന ദേവസ്വം ബോർഡ് ജംഗ്ഷനിൽ എത്തി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പോകണം എന്ന് സുരക്ഷ ചുമതലയുണ്ടായിരുന്ന പൊലീസുകാരോട് ആവശ്യപ്പെട്ടു. സംശയം തോന്നിയ പൊലീസുകാർ കുട്ടിയെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വിവരങ്ങൾ അന്വേഷിച്ചതിന് ശേഷം പിതാവ് തറക്കണ്ടി രാജീവനെ അറിയിച്ചു. വിവരമറിഞ്ഞ രാജീവൻ പിറ്റേ ദിവസം രാവിലെ മ്യൂസിയം സ്റ്റേഷനിലെത്തി.

മുഖ്യമന്ത്രിയെ കാണണമെന്ന വിദ്യാർത്ഥിയുടെ ആവശ്യം പൊലീസ് ഉദ്യോ​ഗസ്ഥർ അധികാരികളെ അറിയിച്ചു. സംഭവം അറിഞ്ഞ മുഖ്യമന്ത്രി ദേവനന്ദനെയും പിതാവ് രാജീവനേയും ചേംബറിലേക്ക് വിളിപ്പിച്ച് വിവരം തിരക്കി. വീട്ടുകാർ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പണം പലിശക്ക് വാങ്ങിയെന്നും അതിൻ്റെ ലോൺ തിരിച്ചടവ് മുടങ്ങിയതോടെ അവർ ശല്യം ചെയ്യുകയാണെന്ന് ദേവനന്ദൻ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞു. പരാതിയിൽ സർക്കാരിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കാൻ ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകുകയും ചെയ്തു.

വീട്ടുകാരോട് പറയാതെ എവിടെയും പോകരുത് എന്ന് ദേവാനന്ദന് നിർദേശം നൽകിയ ശേഷം പിതാവിനൊപ്പം യാത്രയാക്കി. തൻ്റെ പരാതി കേൾക്കാൻ മുഖ്യമന്ത്രി തയ്യാറായതോടെ യാത്രയുടെ ലക്ഷ്യം പൂർത്തീകരിച്ച സന്തോഷത്തിലാണ് ഈ വിദ്യാർത്ഥി. ആവള ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ ഹ്യുമാനിറ്റീസ്‌ വിദ്യാർത്ഥിയാണ് ദേവനന്ദൻ.


Next Story