Top

ഇന്ധനം നിറക്കാൻ പണമില്ല; പരിശോധനയ്ക്കിറങ്ങാൻ വണ്ടിയില്ലാതെ മോട്ടോർ വാഹന വകുപ്പ്

ഏഴ് ലക്ഷം രൂപയോളമാണ് എറണാംകുളത്തെ പമ്പുകളിലെ മാത്രം കുടിശ്ശിക

16 March 2022 8:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ധനം നിറക്കാൻ പണമില്ല; പരിശോധനയ്ക്കിറങ്ങാൻ വണ്ടിയില്ലാതെ മോട്ടോർ വാഹന വകുപ്പ്
X

ഇന്ധനം നിറയ്ക്കാനുള്ള പണം ലഭിക്കാതായതോടെ പരിശോധനയ്ക്കിറങ്ങാന്‍ കഴിയാതെ നട്ടം തിരിയുകയാണ് മോട്ടര്‍ വാഹന വകുപ്പ്. എറണാംകുളം ജില്ലയിലുള്ള മോട്ടര്‍ വാഹന വകുപ്പാണ് തങ്ങളുടെ ഔദ്യോഗിക വാഹനങ്ങളില്‍ എണ്ണയടിക്കാന്‍ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് വാഹനം കട്ടപുറത്തിടാന് ഒരുങ്ങുന്നത്. വകുപ്പിനോട് ഇന്ധനം നിറയ്ക്കാനായി പണം ആവശ്യപ്പെട്ടെങ്കിലും സാമ്പത്തിക സാഹചര്യം ചൂണ്ടിക്കാട്ടി പണം അനുവദിച്ചില്ലെന്നാണ് വിവരം. പണം നല്‍കാത്തതിനെത്തുടര്‍ന്ന് കാക്കനാട് പെട്രോള്‍ പമ്പില്‍ നിന്നുള്ള ഇന്ധന വിതരണം നിര്‍ത്തിയിരിക്കുകയാണ്.

എറണാംകുളം ആര്‍ടി ഓഫീസ്, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടി ഓഫീസ്, കാക്കനാട് പ്രവര്‍ത്തിക്കുന്ന ഡെപ്യുട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഓഫീസ് എന്നിവടങ്ങളിലെ പരിശോധനാ സ്‌ക്വാഡ് വാഹനങ്ങള്‍ക്ക് ഇന്ധനം നിറച്ച വകയില്‍ ഏഴ് ലക്ഷം രൂപയോളം പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് നല്‍കാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ വാഹന പരിശോധനയ്ക്കിറങ്ങാന്‍ കഴിയാതെ കുടുങ്ങിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍.

എന്നാല്‍ ഇന്ധനത്തിനുള്ള തുക അനുവദികാത്തതില്‍ വകുപ്പിന് അകത്തുനിന്ന് തന്നെ പ്രതിഷേധം ഉയരുന്നുണ്ട്. നിലവില്‍ രണ്ടോ മൂന്നോ വാഹനങ്ങള്‍ മാത്രമാണ് വാഹന പരിശോധനയ്ക്കായി നിരത്തിലിറങ്ങുന്നത്. ഇതിനിടെ ഡീസലിനായി അനുവദിച്ചിട്ടുള്ള തുക പഴയ ഇന്ധനവില പ്രകാരമാണെന്നും, ഇത് പ്രകാരം നേരത്തെ 100 ലിറ്റര്‍ ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ 70 ലിറ്റര്‍ മാത്രമാണ് ലഭിക്കുന്നതെന്നും വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പറഞ്ഞു. ഇനിയും ഈ അവസ്ഥയാണെങ്കില്‍ പരിശോധനയ്ക്കിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാവുമെന്ന ആശങ്കയിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍.

STORY HIGHLIGHTS: No money to refuel; Department of Motor Vehicles unable to inspect

Next Story