Top

എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി; ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്

കുസാറ്റിനെ മാതൃകയാക്കിയാണ് തീരുമാനം

19 Jan 2023 1:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി; ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്
X

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സർവ്വകലാശാലകളിലും ആർത്തവ അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കി ഉന്നത വിദ്യഭ്യാസ വകുപ്പ്. ഹാജർ നിരക്ക് 73 ശതമാനമാക്കി ഉയർത്തി. കൂടാതെ 18 കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും നൽകി. കുസാറ്റിനെ മാതൃകയാക്കിയാണ് തീരുമാനം.

കഴിഞ്ഞ ദിവസം എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി പരിഗണനയിലെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബന്ദു പറഞ്ഞിരുന്നു.കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നടപ്പാക്കിയ ആര്‍ത്തവാവധി മാതൃകയാണ് സംസ്ഥാന വ്യാപകമാക്കാന്‍ പരിഗണിക്കുന്നത്. എസ്എഫ്ഐ നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥി യൂണിയന്റെ ആവശ്യപ്രകാരമാണ് കുസാറ്റില്‍ ആര്‍ത്തവാവധി നല്‍കാന്‍ തീരുമാനിച്ചത്. ആര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി വൃക്തമാക്കിയിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല്‍ ആര്‍ത്തവാവധി പരിഗണിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല കൊണ്ടുവന്നത്. ആർത്തവ അവധിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല. അവധി അപേക്ഷ മാത്രം നൽകിയാൽ മതിയാകും. കൂടാതെ കഴിഞ്ഞമാസം എംജി സർവ്വകലാശാല പ്രസവ അവധിയായി വിദ്യാർത്ഥിനികൾക്ക് 60 ദിവസത്തെ അവധി തീരുമാനിച്ചിരുന്നു.

അടുത്തിടെ ആർത്തവ ദിവസങ്ങളിലെ അവധി ആവശ്യപ്പെട്ട് അഭിഭാഷക ഷൈലേന്ദ്രമണി ത്രിപാഠി സുപ്രീം കോടതിയിൽ പൊതു താത്പര്യ ഹർജി സമർപ്പിച്ചിരുന്നു. വിദ്യാർത്ഥിനികൾക്കും ജോലിചെയ്യുന്നവർക്കും ആർത്തവ അവധി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ആർത്തവ സമയത്ത് അവധി നിഷേധിക്കുന്നത്. ഭരണഘടന 14ാം അനുച്ഛേദം പ്രകാരം ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. കൂടാതെ ആർത്തവ ദിവസങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദന ഹൃദയാഘാത സമയത്തെ വേദനയ്ക്ക് തുല്യമാണെന്ന ലണ്ടൻ സർവ്വകലാശാല പഠനത്തെ പറ്റിയും ഹർജിയിൽ പരാമർശിച്ചിരുന്നു. ഈ സമയത്തെ വേദന ജീവനക്കാരിയുടെ ഉദ്പാതന ക്ഷമത കുറയ്ക്കും. ഇത് ജോലിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ, ബൈജൂസ്, സ്വിഗ്ഗി, മാഗ്സ്റ്റര്‍, ഇന്‍ഡസ്ട്രി, എആര്‍സി, ഫ്‌ളൈമൈബിസ്, ഗോസൂപ്പ് എന്നീ രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങള്‍ ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി. ആര്‍ത്തവ അവധി നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബിഹാറാണ്.

STORY HIGHLIGHTS: Department of Higher Education to Allow Menstrual and Maternity Leave in all Universities

Next Story