Top

'ലിസ്റ്റ് ചോദിച്ചു അത് കൊടുത്തു, കൂടുതല്‍ ഇടപെട്ടിട്ടില്ല'; കെപിസിസി പട്ടികയില്‍ സമ്മർദം ചെലുത്തിയെന്ന വാദം തള്ളി ചെന്നിത്തല

കലഹങ്ങളില്ലാതെ പാര്‍ട്ടി മുന്നോട്ടുപോകണമെന്ന നിര്‍ബന്ധ ബുദ്ധി മറ്റാരേക്കാളും തനിക്കും ഉമ്മന്‍ചാണ്ടിക്കുമാണെന്നും ചെന്നിത്തല

13 Oct 2021 4:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലിസ്റ്റ് ചോദിച്ചു അത് കൊടുത്തു, കൂടുതല്‍  ഇടപെട്ടിട്ടില്ല; കെപിസിസി പട്ടികയില്‍ സമ്മർദം ചെലുത്തിയെന്ന വാദം തള്ളി ചെന്നിത്തല
X

കെപിസിസി ഭാരവാഹി പട്ടിക വൈകുന്നതിന് പിന്നില്‍ മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദമാണെന്ന വാദം തള്ളി രമേശ് ചെന്നിത്തല. താനോ ഉമ്മന്‍ ചാണ്ടിയോ ഒരു ഘട്ടത്തിലും സമ്മര്‍ദ്ധം ചെലുത്തിയിട്ടില്ലെന്നും ആവശ്യപ്പെട്ട പ്രകാരം ലിസ്റ്റ് നല്‍കുകയാണ് ചെയ്‌തെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡിസിസി പട്ടികയില്‍ ഉണ്ടായ സാഹചര്യത്തിന് വ്യത്യസ്തമായി ഒന്നുരണ്ട് തവണ ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അതിനപ്പുറം മറ്റൊരു കാര്യത്തിലും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഞങ്ങള്‍ സമ്മര്‍ദ്ധം ചെലുത്തിയതിന്റെ ഫലമാണ് പട്ടിക വൈകിയതെന്ന വാദം ഒരിക്കലും ശരിയല്ല. ഞങ്ങളോട് ലിസ്റ്റ് ചോദിച്ചു, ലിസ്റ്റ് കൊടുത്തു. മറ്റ് തീരുമാനങ്ങള്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെ. ഹെക്കമാന്‍ഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കും. ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദമോ നിര്‍ബന്ധ ബുദ്ധിയോ ഇക്കാര്യത്തില്‍ ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട സന്ദര്‍ഭമാണിത്. കലഹങ്ങളില്ലാതെ പാര്‍ട്ടി മുന്നോട്ടുപോകണമെന്ന നിര്‍ബന്ധ ബുദ്ധി മറ്റാരേക്കാളും തനിക്കും ഉമ്മന്‍ചാണ്ടിക്കുമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കെപിസിസി ഭാരവാഹി പട്ടിക ഉടന്‍ പുറത്തുവരണമെന്നും പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടണമെന്നുമാണ് പറയാനുള്ളത്. വനിതകള്‍ക്കും യുവാക്കള്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കും വേണ്ടവിധം പ്രാധിനിധ്യമുണ്ടാകണമെന്ന പാര്‍ട്ടി നയം പട്ടിക പാലിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുമോയെന്ന കാര്യം അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു. 'ഞങ്ങളുമായി ചര്‍ച്ച ചെയ്യാതെ മാറ്റം മാറ്റം വരുത്തില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അതിന് വിരുദ്ധമായി എന്തെങ്കിലും ഉണ്ടാകില്ലെന്നാണ് വിശ്വസിക്കുന്നതെന്നും' തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ചെന്നിത്തല വ്യക്തമാക്കി.

ഇതിനിടെ കെപിസിസി ഭാരവാഹി അന്തിമ പട്ടികയില്‍ ഇന്ന് പ്രഖ്യാപനമുണ്ടായേക്കും. പുനസംഘടനയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഭാരവാഹിത്വം വഹിച്ചിട്ടുണ്ടെങ്കില്‍ പുനസംഘടനയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന പുതിയ തീരുമാന പ്രകാരം മുന്‍ ഡിസിസി അധ്യക്ഷന്മാര്‍ക്ക് കെപിസിയില്‍ ഭാരവാഹിത്വമുണ്ടാകില്ല.

അതേസമയം, പത്മജ വേണുഗോപാലിന് മാത്രം അഞ്ചു വര്‍ഷത്തെ നിബന്ധനയില്‍ ഇളവ് ലഭിക്കും. സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ബിന്ദു കൃഷ്ണയ്ക്കും ഇളവ് ലഭിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും മുന്‍ കൊല്ലം ഡിസിസി അധ്യക്ഷയ്ക്ക് മാത്രമായി ഇളവ് നല്‍കേണ്ടതില്ലെന്നാണ് തീരുമാനം.

ഒപ്പം എംപി വിന്‍സന്റിനും യു രാജീവിനും ഇളവുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഒന്നര വര്‍ഷം മാത്രമേ ഡിസിസി നേതൃസ്ഥാനത്തുണ്ടായിരുന്നുള്ളൂ എന്ന പരിഗണനയില്‍ ഇരുവര്‍ക്കും ഇളവ് നല്‍കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ഗ്രൂപ്പുകളില്‍ നിന്നുയര്‍ന്ന എതിര്‍പ്പുകാരണം ഈ നീക്കമുണ്ടായേക്കില്ല. പകരം കെപിസിസി ഭാരവാഹി പട്ടികയ്ക്ക് പുറത്ത് നിര്‍വ്വാഹക സമിതിയില്‍ ഇവരെ ഉള്‍പ്പെടുത്താമെന്നാണ് ധാരണ.

Popular Stories

    Next Story