Top

ദീപുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സിപിഐഎം പ്രവർത്തകർ ആക്രമിച്ചെന്ന് എഫ്ഐആർ

കിറ്റെക്സ് എംഡി ആരോപിച്ചതിന് സമാനമാണ് എഫ്ഐആറിൽ പറയുന്ന കാര്യങ്ങൾ.

19 Feb 2022 1:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദീപുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സിപിഐഎം പ്രവർത്തകർ ആക്രമിച്ചെന്ന് എഫ്ഐആർ
X

കൊച്ചി: ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ എഫ്.ഐ.ആർ. പുറത്ത്. ദീപുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സിപിഐഎം പ്രവർത്തകർ ആക്രമിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. ട്വന്റി ട്വന്റി കിഴക്കമ്പലത്തിൽ പ്രവർത്തിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നും എഫ്ഐആറിൽ പൊലീസ് പറയുന്നു. നേരത്തെ കിറ്റെക്സ് എംഡി ആരോപിച്ചതിന് സമാനമാണ് എഫ്ഐആറിൽ പറയുന്ന കാര്യങ്ങൾ.

ട്വന്റി-20 യുടെ പഞ്ചായത്ത് അംഗമായ നിഷ അലിയാർ നൽകിയ പരാതിയിലാണ് ഇപ്പോൾ എഫ് ഐ ആർ തയ്യാറാക്കിയിരിക്കുന്നത്. കേസിൽ ഒന്നാം പ്രതിയായി ചേർക്കപ്പെട്ട സൈനു​ദ്ദീൻ ദീപുവിനെ കഴുത്തിന് പിടിച്ച് തള്ളി നിലത്തിട്ട ശേഷം തലയിൽ പലതവണ ചവിട്ടിയെന്നും മറ്റു പ്രതികൾ ആ സമയത്ത് ദീപുവിനെ ശാരീരികമായി ഉപദ്രവിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. പരാതിക്കാരിയെ സിപിഐഎം പ്രവർത്തകർ അസഭ്യം പറഞ്ഞെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ദീപുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. തലയോട്ടിയിൽ രണ്ടിടങ്ങളിൽ ക്ഷതം സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ക്ഷതം ഏറ്റതിനെ തുടർന്ന് തലച്ചോറിൽ രക്തം കട്ട പിടിക്കുകയായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്. ദീപുവിന്റെ കരൾ രോഗവും മരണത്തിന് കാരണമായതായി റിപ്പോർട്ടിൽ പറയുന്നു.

കേസിൽ സിപിഐഎം കാവുങ്ങൽ ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൾ റഹ്മാൻ, പാറാട്ടുവീട്ടിൽ അബ്ദുൾ റഹ്മാൻ, സൈനുദീൻ സലാം, നെടുങ്ങാടൻ ബഷീർ, വലിയ പറമ്പിൽ അസീസ് എന്നിവരാണ് അറസ്റ്റിലായത്. സിപിഐഎം പ്രവർത്തകനായിരുന്ന സികെ ദീപു പിന്നീട് ട്വന്റി ട്വന്റിയിലേക്ക് വരികയായിരുന്നു. ട്വന്റി ട്വന്റിയുടെ സംഘടനയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ദീപു സിപിഐഎം വിടുന്നത്. ട്വന്റി ട്വന്റിയുടെ ഏരിയ സെക്രട്ടറിയുമായിരുന്നു.


STORY HIGHLIGHTS: Deepu murder case FIR details

Next Story