ദയാബായിയുടെ നിരാഹാര സമരം; ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറായി സര്‍ക്കാര്‍, മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി
സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രി ആര്‍ ബിന്ദുവിനും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി
16 Oct 2022 6:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായി സര്‍ക്കാര്‍. പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപ്പെട്ടു. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രി ആര്‍ ബിന്ദുവിനും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഉച്ചയ്ക്ക് 12 മണിയോടെ സമരസമിതിയുമായി ചര്‍ച്ച നടക്കും.
സാമൂഹിക പ്രവര്‍ത്തക ദയാബായി സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹാര സമരം തുടങ്ങിയിട്ട് 15 ദിവസം പിന്നിട്ടതിനു ശേഷമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇടപെടല്‍ ഉണ്ടാവുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി പഞ്ചായത്തുകള്‍ തോറും ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, മെഡിക്കല്‍ കോളേജ് പൂര്‍ണ്ണ സജ്ജമാക്കുക, എയിംസ് പരിഗണനാപ്പട്ടികയിലേക്ക് കാസര്‍ഗോടിനെയും ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ദയാബായിയുടെ സമരം. കഴിഞ്ഞ ദിവസം ആരോഗ്യം മോശമായതിനെ തുടര്‍ന്ന് നിരാഹാര സമരം നടത്തുന്ന ദയാബായിയെ പല തവണ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആശുപത്രി കിടക്കയിലും നിരാഹാരം തുടര്‍ന്നു.
രാജ്യത്ത് ജനാധിപത്യം നശിച്ചുവെന്നും അതു കൊണ്ടാണ് താന്‍ ഇത്രയും നാളായി ഇവിടെ കിടന്നിട്ടും ഒന്നും നടക്കാത്തതെന്നും ദയാബായി പറഞ്ഞു. ജില്ലയില്‍ ആശുപത്രി സംവിധാനങ്ങള്‍ പരിമിതമാണ്. സര്‍ക്കാര്‍ മനപൂര്‍വ്വം ചികിത്സ സൗകര്യം നിഷേധിക്കുകയാണെന്നും ദയാബായി കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സയില്ല. ആകെയുള്ളത് ഉച്ചവരെയുള്ള ഒപി മാത്രം. ജില്ലാ ആശുപത്രിയില്‍ വേണ്ടത്ര സൗകര്യങ്ങളും ഡോക്ടര്‍മാരുമില്ല. എന്നിവയാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍. ഈ മാസം രണ്ടിനു ആരംഭിച്ച നിരാഹാര സമരത്തില്‍ യുഡിഎഫ് നേതാക്കള്‍ മുതല്‍ മനുഷ്യാവകാശ സംഘടനകള്‍ വരെ സമരത്തിന് പിന്തുണയുമായി സെക്രട്ടേറിയറ്റു നടയില്‍ എത്തിയിരുന്നു.
STORY HIGHLIGHTS: Dayabai's hunger strike The government is ready to compromise