Top

'സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരില്‍ അധികവും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍'; പൊലീസ്

ഓണ്‍ലൈന്‍ വ്യാപാരകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകളാണ് കൂടുതലും

26 Nov 2022 3:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരില്‍ അധികവും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍; പൊലീസ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പുകളില്‍ കൂടുതലായി കുടുങ്ങുന്നവരില്‍ ഏറെയും വിദ്യാസമ്പന്നരാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കൊല്ലം സെപ്റ്റംബര്‍ വരെ 611 സൈബര്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ അധികവും ഓണ്‍ലൈന്‍ തട്ടിപ്പു കേസുകളാണ്. തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത് ഡോക്ടര്‍മാരും പ്രൊഫസര്‍മാരും അടക്കമുള്ള ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണെന്ന് സൈബര്‍ പൊലീസ് പറഞ്ഞു.

ഓണ്‍ലൈന്‍ വ്യാപാരകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകളാണ് കൂടുതലും. ഉത്തരേന്ത്യയില്‍ നിന്നുമുള്ള തട്ടിപ്പുകാര്‍ ഒഎല്‍എക്‌സില്‍ പരസ്യം നല്‍കുന്ന മലയാളികളെയാണ് ലക്ഷ്യമിടുന്നത്. പരസ്യം നല്‍കുമ്പോള്‍ ആവശ്യപ്പെടുന്ന തുകയേക്കാള്‍ കൂടുതല്‍ വില തരാമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് പണം നിക്ഷേപിച്ച ഒട്ടേറെ പേര്‍ പറ്റിക്കപ്പെട്ടു. ആര്‍മി ഉദ്യോഗസ്ഥന്റെ ഇരുചക്രവാഹനം വില്‍പ്പനക്ക് എന്ന് പറഞ്ഞ് വന്ന ഫോണ്‍കോളുകളിലൂടെ ഒരുപാട് പേര്‍ക്ക് പണം നഷ്ടപ്പെട്ടിരുന്നു.

ഫോണ്‍കോളുകളിലൂടെ പണം തട്ടുന്നവര്‍ മലയാളത്തില്‍ ആണ് സംസാരിച്ചിരുന്നത്. ഇവര്‍ പിന്നീട് ഝാര്‍ഖണ്ഡ് സ്വദേശികളാണെന്നാണ് കണ്ടെത്തി. അതിഥിത്തൊഴിലാളികളായി കേരളത്തിലെത്തുന്ന ഇവര്‍ ഭാഷ പഠിച്ച ശേഷമാണ് തട്ടിപ്പിനിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കെഎസ്ഇബിയില്‍ നിന്നാണെന്ന പേരില്‍ മൊബൈല്‍ സന്ദേശങ്ങള്‍ അയച്ച് പണം തട്ടിയതിനു പിന്നിലും ഇവരാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇതിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

ബോധവല്‍ക്കരണ വീഡിയോകളിലൂടെയും മറ്റും ഒരുപാട് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും പ്രൊഫണലുകള്‍ അടക്കമുള്ള വിദ്യാസമ്പന്നര്‍ തട്ടിപ്പുകളില്‍ ചെന്നുപെടുന്നു. ഓണ്‍ലൈന്‍ ഇടപാടുകളിലെ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാതെയാണ് ഇവര്‍ പണം നല്‍കുന്നത്. ശ്രദ്ധയില്ലാതെ ചെയ്യുന്ന പണമിടപാടുകളില്‍ നിന്നുമുള്ള തട്ടിപ്പുകളാണ് മിക്ക പരാതികളിലുമെന്ന് പൊലീസ് പറഞ്ഞു.

Story highlights: Cyber fraud victims are educated people

Next Story