'കുഴല്‍നാടന്റെ കമ്പനി പിഡബ്ല്യുസി ഒഫീഷ്യലിനെ ആദരിച്ചത് 2019ല്‍'; സ്വര്‍ണക്കടത്തിലാണ് പേര് ആദ്യം കേട്ടതെന്ന വാദം നുണയെന്ന് സൈബര്‍ സിപിഐഎം
മാത്യു കുഴല്നാടന് KMNP Law Firm പാര്‍ട്ട്ണര്‍ ആണെന്ന് വെബ്സൈറ്റിലും വ്യക്തമാക്കിയിട്ടുണ്ട്.
29 Jun 2022 1:10 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെക്കുറിച്ച് സ്വര്‍ണ്ണക്കടത്ത് കേസിന് ശേഷമാണ് താന്‍ കേട്ടതെന്ന മാത്യു കുഴല്നാടന് എംഎല്‍എയുടെ വാദങ്ങള്‍ പൊളിച്ച് സൈബര്‍ സിപിഐഎം.
മാത്യു കുഴല്നാടന് പങ്കാളിത്തമുള്ള ഡല്‍ഹി ആസ്ഥാനമായ KMNP Law Firm, പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിലെ എച്ച്ആര്‍ വിഭാഗം അസോസിയേറ്റ് ഡയറക്ടറായ മുഹമ്മദ് ആസിഫ് ഇക്ബാലിനെ ആദരിക്കുന്ന ചിത്രം സഹിതമാണ് സോഷ്യല്‍മീഡിയ ഇക്കാര്യം വാദിക്കുന്നത്. 2019 സെപ്തംബര്‍ 27ന് ഡല്‍ഹി ഓഫീസില്‍ വച്ചാണ് KMNP ആസിഫ് ഇക്ബാലിനെ ആദരിച്ചത്. ഇതിന്റെ ചിത്രങ്ങളും പോസ്റ്റും ഇപ്പോഴും KMNP Law ഫേസ്ബുക്ക് പേജിലുണ്ട്.
മാത്യു കുഴല്നാടന് KMNP Law Firmന്റെ പാര്‍ട്ട്ണര്‍ ആണെന്ന് ഔദ്യോഗിക വെബ്സൈറ്റിലും വ്യക്തമാക്കിയിട്ടുണ്ട്.
മാത്യു കുഴല്നാടന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് മേധാവികളുമായി അടുത്തബന്ധമുണ്ടെന്നാണ് തെളിവുകള്‍ സഹിതം സൈബര്‍ സിപിഐഎം അവകാശപ്പെടുന്നത്.
അതേസമയം, നേരത്തെ സൈബര്‍ സിപിഐഎം ഉയര്‍ത്തിയ 'അലൂമിനിയം കച്ചവട' പരിഹാസങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ മാത്യു കുഴല്നാടന് രംഗത്തെത്തി. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നല്‍കിയിരിക്കുന്ന വെബ് സൈറ്റ് ലിങ്ക് തന്റേതല്ലെന്നാണ് മാത്യു കുഴല്നാടന് പറഞ്ഞത്. മാത്യു കുഴല്‍നാടന്റെ പേജില്‍ നല്‍കിയിരിക്കുന്ന വെബ്സൈറ്റില്‍ ചൈനീസ് കമ്പനിയുടെ വിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കമ്പനിയുമായി കുഴല്‍നാടനോ കുടുംബത്തിനോ ബന്ധമുണ്ടെന്ന് ഉന്നയിച്ചാല്‍ എങ്ങനെ പ്രതികരിക്കുമെന്ന അരുണ്‍കുമാറിന്റെ ചോദ്യത്തിനായിരുന്ന കുഴല്‍നാടന്റെ വിശദീകരണം.
റിപ്പോര്‍ട്ടര്‍ ടിവി മൂന്ന് മണി ചര്‍ച്ചയില്‍ കുഴല്നാടന് പറഞ്ഞത്: ''നിങ്ങള്‍ ഓപ്പണ്‍ ചെയ്തത് ഞാനുമായി ബന്ധപ്പെട്ട എന്റെ വെബ്സൈറ്റ് അല്ല. അതെന്റെ മിസ്ടേക്കാണ്. എന്റെ വെബ്സൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മറ്റ് വെബ്സൈറ്റാണ് തുറക്കുന്നതെങ്കില്‍ അത് അല്ലേ പറയാന്‍ സാധിക്കൂ. സൈറ്റ് തെറ്റാണ്. എന്റെ ശരിയായ വെബ്സൈറ്റിന്റെ ലിങ്ക് ഞാന്‍ അയച്ച് തരാം. അവര്‍ ഏത് വെബ്സൈറ്റാണ് ഓപ്പണ്‍ ചെയ്തതെന്ന് ആര്‍ക്കറിയാം. ഇതൊക്കെ എന്ത് കാര്യം.''