Top

'മന്ത്രിമാരുടെ ഓഫീസിലെത്തിയാല്‍ അവഗണന, പാര്‍ട്ടിയംഗങ്ങളുടെ കൂടി വിയര്‍പ്പാണ് സര്‍ക്കാര്‍'; ജില്ലാ സമ്മേളനത്തില്‍ കടുത്ത വിമര്‍ശനം

15 Jan 2022 6:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മന്ത്രിമാരുടെ ഓഫീസിലെത്തിയാല്‍ അവഗണന, പാര്‍ട്ടിയംഗങ്ങളുടെ കൂടി വിയര്‍പ്പാണ് സര്‍ക്കാര്‍; ജില്ലാ സമ്മേളനത്തില്‍ കടുത്ത വിമര്‍ശനം
X

ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ പരാജയമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കാര്യങ്ങള്‍ നോക്കാന്‍ ആളില്ലെന്ന സ്ഥിതിയാണ്. ദൈനംദിന ഭരണത്തില്‍ പാര്‍ട്ടി ഇടപടേണ്ട എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിനെയും അംഗങ്ങള്‍ വിമര്‍ശിച്ചു. പാര്‍ട്ടി ഇടപെടേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് എങ്ങനെയെന്ന് മനസ്സിലാവുന്നില്ലെന്ന് പൊതുചര്‍ച്ചയില്‍ വര്‍ക്കലയില്‍ നിന്നുള്ള പ്രതിനിധി പറഞ്ഞു. പിന്നാലെ സംസാരിച്ച പലരും സമാന വിമര്‍ശനം ഉന്നയിച്ചു.

സാധാരണക്കാര്‍ വന്ന് കാണുമ്പോള്‍ സഹായം ചെയ്യേണ്ടത് പാര്‍ട്ടിയാണ്. ആരുടെയും ക്വട്ടേഷന്‍ പിടിച്ച മന്ത്രിമാരുടെ ഓഫീസില്‍ വരുന്നത്. എന്നാല്‍ ആരുടെയോ ക്വട്ടേഷനുമായി വരുന്ന തരത്തിലാണ് അവിടെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം. സാധാരണ പാര്‍ട്ടിയംഗങ്ങളുടെ കൂടി വിയര്‍പ്പാണ് ഈ സര്‍ക്കാരെന്നാണ് ഒരു പ്രതിനിധി തുറന്നടിച്ചത്. വരുന്നത് സഖാക്കളാണെന്ന ബോധ്യം ഉദ്യോഗസ്ഥരിലുണ്ടാവാനാവശ്യമായ ഇടപെടല്‍ നടത്തണമെന്ന ആവശ്യവുമുയര്‍ന്നു.

സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങള്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നു. എംവി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന കാലത്ത് പൊലീസിനെ കുറച്ചെങ്കിലും നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാലിപ്പോള്‍ അതു പോലുമില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു. പാര്‍ട്ടി-സര്‍ക്കാര്‍ ബന്ധത്തെക്കുറിച്ച് സംസ്ഥാന സമിതി അംഗീകരിച്ച നയരേഖയുടെ അടിസ്ഥാനത്തില്‍ ഭരണത്തില്‍ പാര്‍ട്ടി ഇടപെടരുതെന്ന് പ്രതിനിധി സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്.

Next Story

Popular Stories