മോന്‍സണ്‍ പെന്‍ഡ്രൈവ് നശിപ്പിച്ച സംഭവം; ക്രൈംബ്രാഞ്ച് അന്വേഷിക്കും
പെന്‍ഡ്രൈവ് കത്തിച്ച് ശേഷം പൊടിച്ച് കളയാനായിരുന്നു മോന്‍സന്റെ നിര്‍ദേശം
24 Oct 2021 6:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന പെന്‍ഡ്രൈവ് നശിപ്പിച്ചുവെന്ന ജീവനക്കാരുടെ വെളിപ്പെടുത്തതിലും ക്രൈം ബ്രാഞ്ച് അന്വേഷണം. നേരത്തെ മോന്‍സന്റെ പീഡനത്തിനിരയായ പെണ്‍കുട്ടി ഇതേകാര്യം ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയിരുന്നു. പിന്നാലെയാണ് ഇയാളുടെ ഓഫീസ് മാനേജരായ ജിഷ്ണുവും ഇക്കാര്യം തുറന്നു പറയുന്നത്. പെന്‍ഡ്രൈവ് കത്തിച്ച് ശേഷം പൊടിച്ച് കളയാനായിരുന്നു മോന്‍സന്റെ നിര്‍ദേശം.
പെന്‍ഡ്രൈവ് നശിപ്പിച്ചതിന് പുറമേ ഗുരുതര ആരോപണങ്ങളാണ് മാനേജര്‍ ജിഷ്ണുവും ട്രീറ്റ്‌മെന്റ് കേന്ദ്രത്തിലെ ജീവനക്കാരന്‍ ജെയിസണും വെളിപ്പെടുത്തിയത്.മോന്‍സനെ വിശ്വസിച്ചിരുന്ന ഇവര്‍ ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തുറന്നുപറിച്ചില്‍ നടത്തിയത്.
ഇരുവരും പറയുന്നതിന്റെ പ്രസക്തഭാഗങ്ങള്‍
കെ സുധാകരന്‍ സര്‍ ആറേഴ് തവണ വന്നിട്ടുണ്ട്, സ്റ്റീം ബാത്തൊക്കെ കഴിഞ്ഞ് മോന്‍സണ്‍ സാറുമായി സംസാരിച്ച് താഴത്തേക്ക് ഇറങ്ങി പോകും. ഗസ്റ്റ് ഒക്കെ വന്നാല്‍ ആളുകളെ ഞങ്ങളെ കൂടി പരിചയപ്പെടുത്താറുണ്ട്. ഈ ട്രീറ്റ്‌മെന്റിനെ കുറിച്ചൊന്നും ഞാന്‍ ശാസ്ത്രീയമായി പഠിച്ചിട്ടില്ല. മോന്‍സണ്‍ പറഞ്ഞുതന്നത് മാത്രമേയുള്ളൂ. പിന്നെ യൂട്യൂബില്‍ നോക്കി പഠിച്ചു.
പിന്നീട് ഒരു ദിവസമാണ് പെന്‍ഡ്രൈവ് കളയാന്‍ പറഞ്ഞു. അത് കത്തിച്ച് പൊടിച്ച് കളയാനാണ് പറഞ്ഞത്. അദ്ദേഹത്തെ വിശ്വസിച്ച് ഞങ്ങള്‍ അത് ചെയ്തു. അതില്‍ എന്ത് ഡോക്യൂമെന്റാണ് ഉള്ളതെന്ന് പോലും അറിയില്ല. അറസ്റ്റിന് ശേഷം കോടതിയില്‍ വെച്ച് മോന്‍സനെ കണ്ടിരുന്നു. അന്ന് പറഞ്ഞതാണ് ഇതൊക്കെ. പൈസ കൊടുക്കാനുള്ള ചിലരെ പോയി കാണാന്‍ പറഞ്ഞു. ഞാന്‍ ജയിലില്‍ നിന്നും ഇറങ്ങിയാല്‍ എല്ലാകാര്യങ്ങളും ഒത്തുതീര്‍പ്പാക്കാം എന്ന് അവരോട് പറയാനായിരുന്നു നിര്‍ദേശം.
മോന്‍സണ്‍ കുടുങ്ങിയതിന് പിന്നാലെ പലവഴിക്ക് നിന്നാണ് ഞങ്ങള്‍ക്ക് ഫോണ്‍ വരുന്നത്.
എന്നെ കഴിഞ്ഞദിവസം ജയിലില്‍ നിന്നും മോന്‍സണ്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മെഡിസിന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എത്തിക്കാനാണ് പറഞ്ഞത്. ജയിലില്‍ ആരുടെ സഹായത്തോടെയാണ് ഫോണ്‍ വിളിച്ചതെന്ന് അറിയില്ല.