നിരന്തരം പീഡിപ്പിച്ചു, നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി; പോക്സോ കേസില്‍ മോന്‍സനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം
കേസില്‍ മോന്‍സന്റെ അറസ്റ്റിനായി കോടതിയില്‍ ക്രൈംബ്രഞ്ച് ഉടന്‍ അപേക്ഷ നല്‍കും.
21 Oct 2021 5:18 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിന് എതിരെ പോക്സോ കേസില്‍ അന്വേഷണം പ്രഖ്യാപിച്ച് ക്രൈംബ്രാഞ്ച്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് അന്വേഷണം. ഭീഷണിപ്പെടുത്തി പരാതി പിന്‍വലിക്കാന്‍ വേണ്ടി മോന്‍സന്റെ ഗുണ്ടകള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതിന്റെ തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസാണ് ക്രൈബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്.
മകള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് വഴി ഒരുക്കാമെന്ന് പറഞ്ഞ് കലൂരിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് അമ്മ നല്കിയ പരാതിയില്‍ പറയുന്നത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ മകളെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചെന്നും മോന്‍സന്റെ ചില ജീവനക്കാരും പീഡനത്തിനിരയാക്കിയെന്നും വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടി മോന്‍സന്റെ വീട്ടില്‍ എത്തിയതിന്റെ രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് മോന്‍സന്റെ ജീവനക്കാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഈ കേസില്‍ മോന്‍സന്റെ അറസ്റ്റിനായി കോടതിയില്‍ ക്രൈംബ്രഞ്ച് ഉടന്‍ അപേക്ഷ നല്‍കും. പുരാവസ്തു തട്ടിപ്പു കേസില്‍ മോന്‍സന്റെ റിമാന്‍ഡ് എറണാകുളം സിജെഎം കോടതി അടുത്ത മാസം മൂന്ന് വരെ നീട്ടിയിട്ടുണ്ട്.
അതേസമയം മോന്‍സന്റെ സമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് വിദേശ മലയാളിയായ അനിതയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഇറ്റലിയിലുളള അനിതയുടെ മൊഴി ഓണ്‍ലൈനായി ആണ് രേഖപ്പെടുത്തിയത്. മോന്‍സനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് പ്രധാനമായും ചോദ്യം ചെയ്തത്. എന്നാല്‍ അനിത നല്കിയ മൊഴി പൂര്‍ണമായും ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലിന് അനിതയോട് നേരിട്ട് എത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സോജന് ആണ് അനിതയെ ചോദ്യം ചെയ്തത്.