'അനിതാ പുല്ലയിലിന് വിവരങ്ങളുണ്ട്'; മോന്സണ് കേസില്‍ പ്രവാസി മലയാളിയെ വിളിച്ച് വരുത്താന്‍ ക്രൈംബ്രാഞ്ച്
അനിതയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും, ഇവരുമായി മോന്സന് സാമ്പത്തിക ഇടപാട് ഉണ്ടോ എന്നും പരിശോധിക്കും.
14 Oct 2021 6:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മോന്സണ് മാവുങ്കല്‍ കേസില്‍ പ്രവാസി മലയാളി വനിത അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയേക്കും. മോന്‍സന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അനിതാ പുല്ലയിലിന് അറിയാമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് ഇവരെ വിളിച്ചു വരുത്തുന്നത്. അനിതയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും, ഇവരുമായി മോന്സന് സാമ്പത്തിക ഇടപാട് ഉണ്ടോ എന്നും പരിശോധിക്കും.
ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുളളവരെ അനിതയാണ് മോന്സന് പരിചയപ്പെടുത്തി കൊടുത്തതെന്ന് അനിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ടുളള പരിചയം മാത്രമാണ് തനിക്ക് മോന്‍സനുമായുളളതെന്നും അനിത പറഞ്ഞിരുന്നു. ആഡംബര ഹോട്ടലുകളില്‍ മോന്സണ് പാര്‍ട്ടികള്‍ നടത്തുമ്പോള്‍ അനിതയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. വിദേശത്തുളള ഇവരെ കേരളത്തിലേക്ക് വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്യാനും മൊഴി രേഖപ്പെടുത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്.
മൂന്ന് വര്‍ഷം മുമ്പാണ് മോന്സണ് ഫെഡറേഷനില്‍ അംഗമാവുന്നത്. മോന്‍സനുമായി സാമ്പത്തിക ഇടപാടുകളൊന്നുമില്ല. ഡിഐജി സുരേന്ദ്രനെ മോന്‍സന്റെ വീട്ടില്‍ വച്ചാണ് പരിചയപ്പെട്ടത്. ആളുകളുമായി പെട്ടന്ന് സൗഹൃദം സ്ഥാപിച്ചെടുക്കാനുളള കഴിവ് മോന്‍സനുണ്ടെന്നും അയാള്‍ വലിയ തട്ടിപ്പുകാരനാണെന്നും അനിത പറഞ്ഞിരുന്നു. താന്‍ മോന്‍സന്റെ സൗഹൃദത്തില്‍ പെട്ടുപോയതാണെന്നും അനിത വെളിപ്പെടുത്തിയിരുന്നു.