Top

'ദത്ത് വിഷയത്തില്‍ ഷിജൂ ഖാന് തെറ്റുപറ്റിയിട്ടില്ല'; കുറ്റം തെളിയും വരെ പിന്തുണയെന്ന് സിപിഐഎം

തെറ്റ് കോടതിയില്‍ തെളിയുന്നതു വരെ ഷിജൂ ഖാന് പാര്‍ട്ടി പിന്തുണ നല്‍കുമെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.

25 Nov 2021 2:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദത്ത് വിഷയത്തില്‍ ഷിജൂ ഖാന് തെറ്റുപറ്റിയിട്ടില്ല; കുറ്റം തെളിയും വരെ പിന്തുണയെന്ന് സിപിഐഎം
X

തിരുവനന്തപുരത്ത് അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജൂ ഖാന് തെറ്റുപറ്റിയിട്ടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ ശിശുക്ഷേമ സമിതിക്കോ ഷിജൂ ഖാനോ വീഴ്ച്ച സംഭവിച്ചെന്ന് കരുതുന്നില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്‌തെന്ന് റിപ്പോര്‍ട്ട് ലഭിക്കാതെ അവരെ കുറ്റക്കാരെന്ന് പറയാനാവില്ല. തെറ്റ് കോടതിയില്‍ തെളിയുന്നതു വരെ ഷിജു ഖാന് പാര്‍ട്ടി പിന്തുണ നല്‍കുമെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.

'കുഞ്ഞിനെ നിയമപരമായി ദത്ത് നല്‍കുന്നതിന് മുമ്പുവരെ ശിശുക്ഷേമ സമിതിക്ക് മുമ്പില്‍ യാതൊരു പരാതിയും ഉണ്ടായിരുന്നില്ല. നിയമപരമായി ദത്ത് കൊടുത്തതിന് ശേഷം കോടതി മുഖേനയായിരിക്കും നടപടികള്‍. ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്നും നിയമവിരുദ്ധമായി യാതൊന്നും നടന്നിട്ടില്ലെന്നാണ് വിശ്വസിക്കുന്നത്.'

അമ്മയ്ക്ക് കുഞ്ഞിനെ കിട്ടുക എന്നത് മൗലീകമായ അവകാശമാണെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. അതേസമയം വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ കുറിച്ചറിയില്ല. റിപ്പോര്‍ട്ട് കോടതിയില്‍ വന്നതിന് ശേഷമേ ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച്ചയുണ്ടായെന്ന് സ്ഥിരീകരിക്കാന്‍ സാധുക്കുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദത്ത് വിവാദത്തില്‍ സിഡബ്ല്യുസിയ്ക്കും ശിശുക്ഷേമ സമിതിയ്ക്കും ഗുരുതര വീഴ്ച ഉണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ടിലെ പരാമർശം. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിലാണ് സിഡബ്ല്യുസിയെയും ശിശുക്ഷേമ സമിതിയെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് വീഴ്ചകളാണ് വകുപ്പുതല റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നത്.

കുഞ്ഞിനെ അന്വേഷിച്ച് അനുപമ പരാതി നല്‍കിയ ശേഷവും ദത്ത് നടപടികളുമായി മുന്നോട്ടു പോയി. പരാതിയില്‍ സിറ്റിംഗ് നടത്തിയിട്ടും ദത്ത് തടയാന്‍ സിഡബ്ല്യൂസി ഇടപെട്ടില്ല. സിറ്റിങിന് ശേഷവും സിഡബ്ല്യുസി പൊലീസിനെ അറിയിച്ചില്ലെന്നുമാണ് ആക്ഷേപം. വനിതാ ശിശു വികസന ഡയറക്ടര്‍ ടി.വി അനുപമ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. വകുപ്പ് മന്ത്രി വീണാ ജോര്‍ജിനും സെക്രട്ടറിയ്ക്കുമാണ് റിപ്പോര്‍ട്ട് കൈമാറുക.

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ എന്‍ സുനന്ദ എന്നിവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. അമ്മ കുഞ്ഞിനെ തിരയുന്ന വിവരം സിഡബ്ല്യൂസിയും ശിശുക്ഷേമ സമിതിയും നേരത്തെ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാണ്. പത്രപ്പരസ്യം കണ്ട ശേഷം അജിത്ത് പല തവണ ഷിജുഖാനെ കണ്ടിരുന്നു. എന്നാല്‍ രേഖകളില്‍ ഈ സന്ദര്‍ശനം സന്ദര്‍ശനം സംബന്ധിച്ച് പരാമര്‍ശമില്ല. ശിശുക്ഷേമ സമിതി രജിസ്റ്ററില്‍ ഒരു ഭാഗം ചുരണ്ടി മാറ്റിയ നിലയിലാണെന്നും അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Next Story

Popular Stories