Top

എകെജി സെന്ററിന് നേരെ ബോംബാക്രമണം; കോണ്‍ഗ്രസെന്ന് സിപിഐഎം, 'പ്രകോപനം സൃഷ്ടിക്കുക ലക്ഷ്യം'

''ജനങ്ങള്‍ വളരെ വൈകാരികമായി അടുപ്പം പ്രകടിപ്പിക്കുന്ന സ്ഥലമാണ് സെന്റര്‍. അതിന് നേരെ ബോംബാക്രമണം നടത്തുന്നത് അത്യന്തം പ്രകോപനം സൃഷ്ടിക്കുന്ന കാര്യം.''

30 Jun 2022 7:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എകെജി സെന്ററിന് നേരെ ബോംബാക്രമണം; കോണ്‍ഗ്രസെന്ന് സിപിഐഎം, പ്രകോപനം സൃഷ്ടിക്കുക ലക്ഷ്യം
X

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ ബോംബാക്രമണം നടത്തിയത് കോണ്‍ഗ്രസ് ആണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കോണ്‍ഗ്രസുകാര്‍ കുറെ നാളുകളായി ഇത്തരത്തിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണെന്നും അതിന്റെ ബാക്കിപത്രമാണിതെന്നും ഇപി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലക്ഷ്യം എകെജി സെന്റര്‍ തന്നെയായിരുന്നെന്നും ഇപി പറഞ്ഞു.

''അതിഭയങ്കര ശബ്ദമായിരുന്നു കേട്ടത്. കോണ്‍ഗ്രസുകാര്‍ ഇത്തരത്തിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണല്ലോ. അതിന്റെ ബാക്കി പത്രമാണിത്. കോണ്‍ഗ്രസിന്റെ പുതിയ കൂട്ടുക്കെട്ട് ഇത്തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. അവരുടെ ലക്ഷ്യം ഓഫീസ് തന്നെയായിരുന്നു. കോണ്‍ഗ്രസ് അറിയാതെ ഇത് നടക്കില്ല. ബാക്കി കാര്യങ്ങള്‍ പരിശോധിച്ച് കണ്ടെത്തണം. സെമി കേഡറിന്റെ പുതിയ പതിപ്പായി വേണം ഇതിനെ കാണാന്‍.''- ഇപി പറഞ്ഞു.

''എകെജി സെന്റര്‍ എന്ന് പറയുന്നതിന് വലിയ വൈകാരികതയുണ്ട്. കേരളത്തിലെ ജനങ്ങള്‍ വളരെ വൈകാരികമായി അടുപ്പം പ്രകടിപ്പിക്കുന്ന സ്ഥലമാണ് സെന്റര്‍. അതിന് നേരെ ബോംബാക്രമണം നടക്കുന്നത് അത്യന്തം പ്രകോപനം സൃഷ്ടിക്കുന്ന കാര്യമാണ്. പ്രകോപനം സൃഷ്ടിക്കുക മാത്രമാണ് ലക്ഷ്യം. ശക്തമായ പ്രതിഷേധം ഉയരണം. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ വികാരത്തിന് അടിമപ്പെട്ട് പോകരുത്. ഒരുതരത്തിലുമുള്ള അനിഷ്ടസംഭവങ്ങളും ഉണ്ടാവരുത്. പ്രതിഷേധ പ്രകടനത്തിന് അപ്പുറം മറ്റൊന്നും ഉണ്ടാകാതിരിക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ ശ്രദ്ധിക്കണം.''-എ വിജയരാഘവന്‍ പറഞ്ഞു. സമാധാനം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് ഉണ്ടായതെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു.

ഇന്നലെ രാത്രി 11.25നാണ് ബൈക്കില്‍ എത്തിയയാള്‍ എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞത്. എകെജി സെന്ററിന്റെ രണ്ടാമത്തെ ഗേറ്റിലാണ് ബോബു വീണത്. ബോംബെറിയുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.






Next Story