'രാജ്യം ചെറുപ്പത്തിന്റെ ശബ്ദം പ്രതീക്ഷിക്കുന്നു'; രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് എഎ റഹീം
കോണ്‍ഗ്രസ് രാജ്യത്ത് അപകടകരമായ പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ് എന്നും എഎ റഹീം
16 March 2022 6:28 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: തനിക്ക് ലഭിച്ച രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം ഡിവൈഎഫ്ഐക്ക് കിട്ടിയ അംഗീകാരം കൂടിയാണെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എഎ റഹീം. ലഭിച്ച അവസരം രാഷ്ട്രീയ പ്രാധാന്യം മനസിലാക്കി വിനിയോഗിക്കുമെന്നും ഡിവൈഎഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് കൂടിയായ അദ്ദേഹം പ്രതികരിച്ചു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റില്‍ ചെറുപ്പത്തിന്റെ ശബ്ദം വരട്ടെ എന്നതാണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നില്‍, രാജ്യം ചെറുപ്പത്തിന്റെ ശബ്ദം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ ഉത്തരവാദിത്വം ആണ് എല്പ്പിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ലമെന്റ് ഒരു പ്രധാന സമര കേന്ദ്രമാണ്്. ഇവിടെ രാജ്യത്തെ ജനങ്ങളുടെ ശബ്ദമായി മാറാന്‍ പ്രവര്‍ത്തിക്കുമെന്നും എഎ റഹീം വ്യക്തമാക്കുന്നു. രാജ്യത്തെ യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ, തൊഴില്‍സ്ഥിരത ഇല്ലായ്മ എന്നിവ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുമെന്നും എഎ റഹീം പ്രതികരിച്ചു.
കോണ്‍ഗ്രസ് രാജ്യത്ത് അപകടകരമായ പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ് എന്നും എഎ റഹീം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് കൃത്യമായ നിലപാട് ഇല്ലാത്ത നിലയിലെത്തി. ഇടത് പാര്‍ട്ടികള്‍ക്ക് സ്ഥാനാര്‍ഥിയെ നിര്ണായിക്കാന് ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിപിഐഎം ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് സിപിഐഎം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എഎ റഹീമിനെ തീരുമാനിച്ച വിവരം അറിയിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന സിപിഐഎം അവെയിലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിന്റെതായിരുന്നു തീരുമാനം. ഇടത് പക്ഷത്തിന് ലഭിച്ചിട്ടുള്ള രണ്ടാമത്തെ സീറ്റീല്‍ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി അഡ്വ. പി സന്തോഷ് കുമാറും മത്സരിക്കും.
നിലവില്‍ സിപിഐയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ് അഡ്വ. പി സന്തോഷ് കുമാര്‍. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണം എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിയും. ഇതിലൊന്ന് സിപിഐയ്ക്ക് നല്കാന് നേരത്തെ എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായിരുന്നു.
13 രാജ്യ സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 31നാണ് നടക്കുന്നത്. കേരളത്തിന് പുറമെ പഞ്ചാബില്‍ അഞ്ച്, അസമില്‍ രണ്ട്, ഹിമാചല്‍ പ്രദേശ്, ത്രിപുര, നാഗലാന്റ് എന്നീ സംസ്ഥാനങ്ങളില്‍ ഒരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ഈ മാസം 14 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. 21 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.
Content Highlight: CPIM Rajya sabha candidate A A Rahim reaction
- TAGS:
- CPIM
- Rajya Sabha
- A A Rahim
- DYFI