Top

'കാലങ്ങളായി അവഗണന, അസം തൊഴിലാളികളെ കൊണ്ട് വോട്ട് ചെയ്യിക്കാന്‍ കഴിയില്ലല്ലോ'; എസ് രാജേന്ദ്രന് വീഴ്ച്ചപറ്റിയെന്ന് പാര്‍ട്ടി കണ്ടെത്തല്‍

ബോധപൂര്‍വ്വമായ ഒരിടപെടലും ശ്രമവും തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും എസ് രാജേന്ദ്രന്‍

17 Nov 2021 7:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാലങ്ങളായി അവഗണന, അസം തൊഴിലാളികളെ കൊണ്ട് വോട്ട് ചെയ്യിക്കാന്‍ കഴിയില്ലല്ലോ; എസ് രാജേന്ദ്രന് വീഴ്ച്ചപറ്റിയെന്ന് പാര്‍ട്ടി കണ്ടെത്തല്‍
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ പ്രചാരണത്തില്‍ മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് ഗുരുതര വീഴ്ച്ച പറ്റിയെന്ന് പാര്‍ട്ടി നിയോഗിച്ച കമ്മീഷന്റെ കണ്ടെത്തല്‍. നിലവിലെ എംഎല്‍എ ഡി രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും തോട്ടം തൊഴിലാളികളായ പ്രവര്‍ത്തകര്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കിയെന്നുമാണ് കമ്മീഷന്റെ കണ്ടെത്തല്‍.

എന്നാല്‍ ബോധപൂര്‍വ്വമായ ഒരിടപെടലും ശ്രമവും തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും എസ് രാജേന്ദ്രന്‍ പ്രതികരിച്ചു. വോട്ട് കുറഞ്ഞിട്ടുള്ള ബൂത്തുകളില്‍ അത് വര്‍ധിപ്പിക്കാനുള്ള ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കുറേകാലമായി താന്‍ പാര്‍ട്ടിയില്‍ അവഗണിക്കപ്പെടുകാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

'കുറേ കാലങ്ങളായി എന്നെ അവഗണിക്കുന്ന സമീപനം പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ടെന്ന കാര്യം ഞാന്‍ പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അത് പൊതുവേദിയില്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നില്ല. കമ്മീഷന്‍ എന്ത് നിലപാട് സ്വീകരിച്ചാലും ഉള്‍ക്കൊള്ളും. 2006 ല്‍ നിന്നും 2011 ലേക്ക് വരുമ്പോള്‍ തോട്ടം മേഖലയില്‍ നിന്നും എനിക്ക് വോട്ട് കുറഞ്ഞിരുന്നു. 2016 ലേക്ക് വരുമ്പോള്‍ വോട്ടില്‍ വീണ്ടും ഇടിവ് വന്നു. 2021 ലും പാര്‍ട്ടിക്ക് വോട്ടുകുറഞ്ഞു. തോട്ടം മേഖലയില്‍ നിന്നും തൊഴിലാളികള്‍ വിരമിക്കുമ്പോള്‍ വരുന്ന കുറവാണ്. അത് പൂര്‍ണമായും ഇടതുപക്ഷത്തിന്റെ വോട്ടാണ്. അത് പരിശോധിച്ചാല്‍ മനസിലാകും. അസം തൊഴിലാളികളെ കൊണ്ട് വോട്ട് ചെയ്യിക്കാന്‍ കഴിയില്ലല്ലോ.' എസ് രാജേന്ദ്രന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതോടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ എസ് രാജേന്ദ്രന്‍ രഹസ്യനീക്കങ്ങള്‍ നടത്തിയെന്നായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണം.

Next Story