Top

ആര്‍എസ്എസ് വേദിയില്‍ മേയര്‍: സിപിഐഎം നേതൃത്വത്തിന് അതൃപ്തി, നടപടിക്ക് നിര്‍ദേശം നല്‍കിയെന്ന് സൂചന

മേയറുടെ നടപടിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അതൃപ്തി രേഖപ്പെടുത്തി.

8 Aug 2022 4:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആര്‍എസ്എസ് വേദിയില്‍ മേയര്‍: സിപിഐഎം നേതൃത്വത്തിന് അതൃപ്തി, നടപടിക്ക് നിര്‍ദേശം നല്‍കിയെന്ന് സൂചന
X

തിരുവനന്തപുരം: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തതില്‍ സിപിഐഎം നേതൃത്വത്തിന് കടുത്ത അതൃപ്തി. മേയറുടെ നടപടിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അതൃപ്തി രേഖപ്പെടുത്തി. സംഭവത്തില്‍ മേയര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന.

ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതിനെ തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. മേയറുടെ നടപടി ശരിയായില്ല. സിപിഐഎം എക്കാലത്തും ഉയര്‍ത്തിപിടിച്ച പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണിത്. മേയറുടെ നിലപാട് സിപിഐഎമ്മിന് ഒരുവിധത്തിനും അംഗീകരിക്കാവുന്നതല്ല. അക്കാരണത്താല്‍ മേയറുടെ നിലപാടിലെ പരസ്യമായി തള്ളുന്നുവെന്നും ജില്ലാ സെക്രട്ടറി പി മോഹനന്‍ വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ വിശദീകരണവുമായി ബീന ഫിലിപ്പും രംഗത്തെത്തിയിരുന്നു. ബാലഗോകുലം പരിപാടിക്ക് പോകുന്നതിന് പാര്‍ട്ടിയുടെ അനുവാദം ചോദിക്കണമെന്ന് തോന്നിയിട്ടില്ലെന്നാണ് ബീന ഫിലിപ്പ് പ്രതികരിച്ചത്. ബിജെപിക്കാര്‍ നടത്തുന്ന പല പരിപാടികളിലും പോകാറുണ്ട്. അവിടെയൊന്നും വര്‍ഗീയതയുമായി ബന്ധപ്പെടുത്തി ഒന്നും പറയുന്നില്ലെന്നും ബീന വിശദീകരിച്ചിരുന്നു.

''സ്ത്രീകളുടെ കൂട്ടായ്മ അമ്മമാരോട് സംസാരിക്കണമെന്ന് പറയുമ്പോള്‍ അത് നിഷേധിക്കാന്‍ എനിക്ക് പറ്റില്ല. ആര്‍എസ്എസിന്റെ പോഷക സംഘടനയെന്ന് ബാലഗോകുലത്തെ വിചാരിച്ചിരുന്നില്ല. അവരുമായി ബന്ധപ്പെട്ടവരാണെന്ന് അറിയാമായിരുന്നു. ബിജെപിക്കാര്‍ നടത്തുന്ന പല പരിപാടികളിലും ഞാന്‍ പോകാറുണ്ട്. അവിടെയൊന്നും വര്‍ഗീയതയുമായി ബന്ധപ്പെടുത്തി ഒന്നും പറയുന്നില്ല. ബാലഗോകുലത്തിന്റെ പരിപാടിയിലേക്ക് പോകുന്നതിന് പാര്‍ട്ടിയുടെ അനുവാദം ചോദിക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല. മുഴുവന്‍ സമയപ്രവര്‍ത്തനമെന്ന ശീലമില്ലാത്തത് കൊണ്ടായിരിക്കാം, കര്‍ശനമായിട്ടുള്ള നിയന്ത്രണമൊന്നും എനിക്ക് മേല്‍ പാര്‍ട്ടി വച്ചിട്ടില്ല.''-ബീന ഫിലിപ്പ് പറഞ്ഞു.

ശിശുപരിപാലനത്തില്‍ കേരളം പിന്നിലാണെന്ന പരാമര്‍ശവും ബീന ഫിലിപ്പ് ആവര്‍ത്തിച്ചു. നോര്‍ത്ത് ഇന്ത്യയിലെ ആള്‍ക്കാര്‍ ഏത് കുട്ടിയെയും വളരെ സ്നേഹത്തോടെ നോക്കും. അവരുടെ വീട്ടില്‍ ചെന്നാല്‍ അടുത്ത വീട്ടിലെ കുട്ടിക്ക് ഭക്ഷണം അത് പോലെ കൊടുക്കും. പക്ഷെ കേരളത്തില്‍ അങ്ങനെയല്ലെന്ന് ബീന ഫിലിപ്പ് അവകാശപ്പെട്ടു.

''ശിശു പരിപാലനത്തില്‍ കേരളം പിന്നിലാണ്. നോര്‍ത്ത് ഇന്ത്യയിലെ ആള്‍ക്കാര്‍ ഏത് കുട്ടിയെയും വളരെ സ്നേഹത്തോടെ നോക്കും. അവരുടെ വീട്ടില്‍ ചെന്നാല്‍ അടുത്ത വീട്ടിലെ കുട്ടിക്ക് ഭക്ഷണം അത് പോലെ കൊടുക്കും. പക്ഷെ കേരളത്തില്‍ അങ്ങനെയല്ല. വളരെ സ്വാര്‍ത്ഥത കുഞ്ഞുങ്ങളെ പഠിപ്പിക്കും. ഇതെല്ലാം എന്നോട് പറഞ്ഞത് നോര്‍ത്ത് ഇന്ത്യയിലെ എന്റെ ബന്ധുക്കളാണ്. ചേച്ചി കേരളത്തിലെ വന്നപ്പോഴാണ് ഇത് അറിയുന്നതെന്നാണ് അവര്‍ പറഞ്ഞത്. കുട്ടികളെ ഒരു വീട്ടിലേക്ക് പറഞ്ഞ് വിട്ട് കഴിഞ്ഞാല്‍, അവര്‍ കുഞ്ഞുങ്ങളെ ഒരുപോലെ കാണില്ല. കേരളത്തിലെ വീടുകളിലെ കുട്ടികളോടുള്ള സമീപനം തെറ്റാണ്. എല്ലാവരെയും അല്ല ഉദേശിച്ചേ.''

Next Story