Top

'കിട്ടിയ അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന്' സതീശന്‍; അങ്ങനെയെങ്കില്‍ മരണത്തെ അവസരമായി കണ്ടതാരെന്ന് മന്ത്രി രാജീവ്

മന്ത്രി പി രാജീവ്, പിവി അന്‍വര്‍ എംഎല്‍എ, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് അടക്കമുള്ളവരും ഈ വീഡിയോ ഷെയര്‍ ചെയ്തു.

13 May 2022 1:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിട്ടിയ അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന് സതീശന്‍; അങ്ങനെയെങ്കില്‍ മരണത്തെ അവസരമായി കണ്ടതാരെന്ന് മന്ത്രി രാജീവ്
X

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ തവണ പറ്റിയ അബദ്ധം തിരുത്താനുള്ള സൗഭാഗ്യ നിമിഷമാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം യുഡിഎഫ് നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ആയുധമാക്കി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നടത്തിയ ''ജനങ്ങളുടെ കൈയില്‍ കിട്ടിയ അവസരമാണ് ഈ തെരഞ്ഞെടുപ്പ് '' എന്ന പരാമര്‍ശം എല്‍ഡിഎഫ് ക്യാമ്പുകള്‍ തിരിച്ചടിക്കാനായി ഉപയോഗിക്കുന്നത്.

മന്ത്രി പി രാജീവ്, പിവി അന്‍വര്‍ എംഎല്‍എ, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് അടക്കമുള്ളവരും ഈ വീഡിയോ ഷെയര്‍ ചെയ്തു. അങ്ങനെയെങ്കില്‍ മരണത്തെ അവസരമായി കണ്ടതാരാണെന്ന ചോദ്യമാണ് സിപിഐഎം നേതാക്കള്‍ മുന്നോട്ട് വയ്ക്കുന്നത്.

വീഡിയോയില്‍ സതീശന്‍ പറഞ്ഞത് ഇങ്ങനെ: ''തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങളുടെ കൈയില്‍ കിട്ടിയ അവസരമാണ് ഈ തെരഞ്ഞെടുപ്പ്.''

ഉപതെരഞ്ഞെടുപ്പ് തെറ്റ് തിരുത്താനുള്ള സുവര്‍ണാവസരമാണെന്നും കഴിഞ്ഞതവണ പറ്റിയ അബദ്ധം തൃക്കാക്കരയിലെ ജനങ്ങള്‍ തിരുത്തണമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാര്‍ഹവും, ദുഃഖകരവും, ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്തതാണെന്നായിരുന്നു യുഡിഎഫ് നേതാക്കളുടെ പ്രതികരണം. കഴിഞ്ഞ ദിവസത്തെ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ വച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് സംഭവിച്ച തെറ്റ് തിരുത്താനുള്ള സൗഭാഗ്യ നിമിഷമാണ് ഉപതെരഞ്ഞെടുപ്പ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇപ്പോഴുള്ള എല്‍ഡിഎഫിന്റെ 99 സീറ്റുകള്‍ നിറഞ്ഞ നൂറിലേക്ക് എത്തിക്കാനുള്ള സുവര്‍ണാവസരമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍, എറണാകുളം എംപി ഹൈബി ഈഡന്‍ എന്നിവരും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കി നിര്‍ത്താനാണ് യുഡിഎഫ് നീക്കം. ഇതിനിടയിലാണ് 'കൈയില്‍ കിട്ടിയ അവസരമാ'ണെന്ന പറയുന്ന സതീശന്റെ വീഡിയോയും പുറത്തുവന്നിരിക്കുന്നത്.


Next Story

Popular Stories