'അച്ഛന് മരിച്ചാല്‍ ഈ കൊടി പുതപ്പിക്കണം, ചിതയില്‍ കത്താന്‍ വിടരുത്'; 'സഖാവി'ന്റെ കത്ത് പങ്കുവെച്ച് മന്ത്രി ശിവന്‍കുട്ടി
'അച്ഛന്റെ ഒസ്യത്താണത്. അത് ഞങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കും. കത്തിലെ വരികള്‍ ഞങ്ങള്‍ക്ക് അഭിമാനമാണ്.'- പ്രദീപ്കുമാറിന്റെ മക്കള്‍.
28 Oct 2022 12:52 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഒറ്റപ്പാലം നഗരസഭ മുന്‍ വൈസ് ചെയര്‍മാനും സിപിഐഎം നേതാവുമായിരുന്ന പി കെ പ്രദീപ്കുമാര്‍ മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഭാര്യക്കും മക്കള്‍ക്കുമെഴുതിയ കത്ത് സോഷ്യല്‍മീഡിയയില്‍ വൈറല്‍. പ്രദീപ്കുമാര്‍ മരണപ്പെട്ട് 20 ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മക്കള്‍ തന്നെയാണ് ഈ കത്ത് പുറത്തുവിട്ടത്. മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ കത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു.
കത്തിലെ വരികള്‍: ''അച്ഛന് മരിച്ചാല്‍ ഈ കൊടി പുതപ്പിച്ചു കിടത്തണം. പാര്‍ട്ടി ഓഫീസില്‍ നിന്ന് ആരെങ്കിലും പതാകയായി വന്നാല്‍ അതിന് പ്രാധാന്യം കൊടുക്കണം. ചിതയിലേക്ക് വെക്കുമ്പോള്‍ പതാക കത്താതെ മടക്കി നിങ്ങള്‍ സുക്ഷിച്ചു വെക്കണം. നിങ്ങള്‍ക്കൊരു പ്രതിസന്ധി വരുമ്പോള്‍ അതില്‍ മുഖമമര്‍ത്തി ഏറെ നേരം നില്ക്കുക. അതില്‍ അച്ഛനുണ്ട്, ലോക ജനതയുടെ പ്രതീക്ഷകളുണ്ട്. അവ നിങ്ങളെ കാക്കും. പാര്‍ട്ടിയോടെ ഒരു വിയോജിപ്പും ഉണ്ടാവരുത്. അഥവാ ഉണ്ടായാല്‍ മറ്റിടങ്ങളിലേക്ക് ചേക്കേറരുത്.നിശബ്ദരായിരിക്കുക. ഒരിക്കല്‍ നമ്മുടെ പാര്‍ട്ടി അതിജീവിക്കും. എന്ന് മനു, കുഞ്ചു, രാജി എന്നിവര്‍ക്ക് അച്ഛന്''.