ട്രെയിനിലായിരുന്നെങ്കില്‍ 1995 ആവര്ത്തിച്ചേന്നെയെന്ന് സിപിഐഎം; 'ഇന്നത്തെ കെപിസിസി അധ്യക്ഷന്‍ 1995ല്‍ ഡിസിസിയില്‍'
''വിമാനത്തില്‍ തോക്ക് കൊണ്ട് പോകാന്‍ സാധിക്കാത്തത് കൊണ്ടാണ് അവരുടെ കൈവശം തോക്കില്ലാതെ പോയത്.''
23 Jun 2022 1:26 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

1995ല്‍ ഇപി ജയരാജന് അടക്കമുള്ള സിപിഐഎം നേതാക്കളെ വകവരുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ അയച്ചവരാണ് വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കോണ്‍ഗ്രസ് ഗുണ്ടാ സംഘത്തെ അയച്ചതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്. മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്ര ട്രെയിനിലായിരുന്നെങ്കില്‍ 1995 ആവര്ത്തിച്ചേന്നെയെന്നും എംവി ജയരാജന് പറഞ്ഞു. കെപിസിസി അധ്യക്ഷനായ കെ സുധാകരന് 1995ല്‍ ഡിസിസി നേതാവായിരുന്നെന്നും ജയരാജന് പറഞ്ഞു.
എംവി ജയരാജന് പറഞ്ഞത് പ്രസക്തഭാഗങ്ങള്‍: ''യൂത്ത് കോണ്‍ഗ്രസ് സംഘം ജൂണ്‍ 13ന് വിമാനം യാത്ര പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കൂടിയ നിരക്കില്‍ ടിക്കറ്റ് എടുത്തു. 19 കേസിലെ പ്രതിയും ഗുണ്ടാ ലിസ്റ്റിലുള്ള ആളുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ കോണ്‍ഗ്രസ് അയച്ചത്. പണ്ട് ക്വട്ടേഷന്‍ സംഘത്തെയാണ് അയച്ചെങ്കില്‍ ഇപ്പോള്‍ സ്വന്തം ഗുണ്ടാസംഘത്തെയാണ് കോണ്‍ഗ്രസ് ആക്രമണത്തിന് അയക്കുന്നത്.''
''വിമാനത്തില്‍ തോക്ക് കൊണ്ട് പോകാന്‍ സാധിക്കാത്തത് കൊണ്ടാണ് അവരുടെ കൈവശം തോക്കില്ലാതെ പോയത്. ട്രെയിന്‍ യാത്രയിലാണ് സംഘം പിന്തുടര്ന്നതെങ്കില് 1995 ആവര്‍ത്തിക്കുമായിരുന്നു. വധശ്രമനീക്കമാണ് ഉന്നതതല ഗൂഢാലോചനയെ തുടര്‍ന്ന് വിമാനത്തില്‍ നടന്നത്. ഗൂഢാലോചന നടത്തി സംഘടിപ്പിച്ച ഒന്ന് തന്നെയാണ്. ഇതില്‍ ഡിസിസിക്ക് പങ്കുണ്ട്. തര്‍ക്കമില്ല. ഇന്നത്തെ കെപിസിസി അധ്യക്ഷന്‍ 1995ല്‍ ഡിസിസിയിലാണ്. അദ്ദേഹത്തിന്റെ നിര്‍ദേശമില്ലാതെ ഡിസിസി നേതൃത്വം മുഖ്യമന്ത്രിയെ വധിക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്‍കില്ല.''
ഫര്സീന് മജീദ്, നവീന്‍കുമാര്‍, സുനിത്ത് നാരായണന് എന്നിവരെ കൂടാതെ മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് സംഘത്തില്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവുമുണ്ടായിരുന്നെന്ന് എംവി ജയരാജന് പറഞ്ഞു.
''സംഘത്തിലെ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ മട്ടന്നൂരില്‍ താമസിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവായി തിരുവനന്തപുരത്തേക്ക് പലപ്പോഴും യാത്ര ചെയ്യുകയും ചെയ്യുന്ന മറ്റൊരാള്‍ കൂടി ആ യാത്രയിലുണ്ടായിരുന്നു. നാലാമന് എത്തിയതിന് തെളിവുകളുണ്ട്. ഗൂഢാലോചനയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗൂഢാലോചനയിലെ പങ്കാളിയാണ് ഇയാളും കോണ്‍ഗ്രസിന്റെ ചില നേതാക്കളും. ഇതെല്ലാം പുറത്തുവരേണ്ടതാണ്. വിമാനടിക്കറ്റിന്റെ കാശ് ഇതുവരെ ഫ്ളൈ ക്രിയേറ്റീവ് എന്ന സ്ഥാപനത്തില്‍ അടച്ചിട്ടില്ല. ഡിസിസി ഓഫീസില്‍ നിന്നാണ് വിളിച്ചുപറഞ്ഞത്. ആ സ്ഥാപനം കണ്ണൂരിലുള്ളതാണ്. 12.38നാണ് ടിക്കറ്റ് എടുക്കുന്നത്.''